- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലണ്ടനിലേക്ക് മടങ്ങിവരാൻ ബുർക്കയും ഖുറാനും ഉപേക്ഷിച്ച് ഷമീമ ബീഗം; സിറിയൻ കാമ്പിൽ സൺഗ്ലാസ്സും കാഷ്വൽസും ധരിച്ച് മുൻ ഐസിസ് വധു
ലണ്ടൻ: കാനനഛായയിൽ ആടുമെയ്ക്കാൻ പോയ ആൾക്ക് ഇപ്പോൾ ചെയ്തുകൂട്ടിയതിലെല്ലാം പശ്ചാത്താപം. ചെറുപ്പത്തിന്റെ തിളപ്പിൽ ചില വിഢിവചനങ്ങൾക്ക് കാതോർത്ത് ഇറങ്ങിപ്പുറപ്പെട്ടതിനെ കുറിച്ചോർത്ത് വിഷമം. പുതിയൊരു ജീവിതം തുടങ്ങാനാകുമെന്ന പ്രതീക്ഷ. ഇതൊക്കെയാണിപ്പോൾ സിറിയയിലെ അഭയാർത്ഥി ക്യാമ്പിൽ കഴിയുന്ന മുൻ ഐസിസ് വധു ഷമീമ ബീഗം. ഖുറാനും ബുർക്കയുമെല്ലാം ഉപേക്ഷിച്ച്, തന്റെ തനത് രീതിയിലേക്ക് മടങ്ങുകയാണ് ഷമീമ. സൺഗ്ലാസും ആധുനിക വസ്ത്രങ്ങളുമായി ഫോട്ടോക്ക് പോസ് ചെയ്യുമ്പോൾ അവരുടെ മനസ്സിൽ ഉള്ള ഒരേയൊരു ആഗ്രഹ ബ്രിട്ടനിലേക്ക് തിരിച്ചെത്തണം എന്നതുമാത്രമാണ്.
ജന്മനാട്ടിലേക്ക് മടങ്ങാനുള്ള നിയമയുദ്ധം തുടരുന്ന കിഴക്കൻ ലണ്ടനിലെ ബേഥ്നൽ ഗ്രീൻ സ്വദേശി മതചിഹ്നങ്ങളെല്ലാം എന്നേ ഉപേക്ഷിച്ചുകഴിഞ്ഞു.ഷമീമയുടെ പൗരത്വം ബ്രിട്ടീഷ് സർക്കാർ റദ്ദാക്കിയ നടപടിക്കെതിരെയുള്ള പോരാട്ടം തുടരുകയാണ്. ഈ കേസിലെ നടപടികളുമായി ബന്ധപ്പെട്ട് ബ്രിട്ടനിൽ പ്രവേശിക്കാൻ അനുവദിക്കണമെന്ന ഇവരുടെ ആവശ്യം കഴിഞ്ഞമാസം സുപ്രീം കോടതി തള്ളിക്കളഞ്ഞിരുന്നു. 2019-ലായിരുന്നു ഇവരുടെ പൗരത്വം ബ്രിട്ടൻ റദ്ദാക്കിയത്.
അഭയാർത്ഥി ക്യാമ്പിൽ ഇപ്പോഴുള്ള മിക്ക സ്ത്രീകളും ബുർക്കയും ശിരോവസ്ത്രവുമെല്ലാം ഉപേക്ഷിച്ചു കഴിഞ്ഞിരിക്കുന്നു. ഇവരുമായെല്ലാം അടുത്തിടപഴകുന്നുണ്ട് ഷമീമ ബീഗം. എന്നാൽ, ഇപ്പോഴും മാധ്യങ്ങളോട് സംസാരിക്കാൻ അവർ തയ്യാറല്ലാത്തതിനാൽ, തന്റെ ഭൂതകാലവിശ്വാസങ്ങളിൽ നിന്നും അവർ എത്രമാത്രം മാറി എന്നതിൽ വ്യക്തതയില്ല. നാലുവർഷം മുൻപ് അവരെ ഒരു തടവറയിൽ കണ്ടെത്തുമ്പോൾ അവർ വിധവയായി കഴിഞ്ഞിരുന്നു. രണ്ടു കുട്ടികളും മരണമടഞ്ഞിരുന്നു. മാത്രമല്ല, അവർ ഗർഭിണിയും ആയിരുന്നു.
അവരുടെ മൂന്നാമത്തെ കുഞ്ഞും ജനിച്ച് ഏതാനും നാളുകൾക്കകം മരണമടഞ്ഞിരുന്നു. ആദ്യമാദ്യം ഐസിസിൽ ചേർന്നതിൽ തനിക്ക് ഒട്ടും പശ്ചാത്താപമില്ലെന്ന് പറഞ്ഞിരുന്ന അവർ പിന്നീട് മാറിച്ചിന്തിക്കുകയായിരുന്നു. ഇത്തരത്തിൽ പൗരത്വം റദ്ദാക്കപ്പെട്ട നിരവധി ബ്രിട്ടീഷ് വനിതകൾ റോജ് കാമ്പിലുണ്ട്. അവരിൽ ചിലർ ഇപ്പോഴും തീവ്രവാദത്തോട് ആഭിമുഖ്യം പുലർത്തുന്നുണ്ടെങ്കിലും, ഭൂരിഭാഗം പേരും ഐസിസ് ആശയങ്ങൾ ഉപേക്ഷിച്ചു കഴിഞ്ഞു എന്നാണ് കാമ്പിന്റെ ചുമതലയുള്ളവർ പറയുന്നത്.
അവരിൽ പലരുടെയും വസ്ത്രധാരണത്തിലും പ്രകടമായ മാറ്റങ്ങൾ വന്നതായി കാമ്പ് മാനേജർ നോറ അബ്ഡൊ പറയുന്നു. വിശ്വാസങ്ങളിലും മാറ്റം വന്നുതുടങ്ങി. അവർക്ക് ഇപ്പോൾ ജന്മനാട്ടിലേക്ക് തിരിച്ചുപോകണമെന്ന ചിന്തായാണുള്ളതെന്നും അവർ പറഞ്ഞു. തങ്ങൾ ചെയ്തത് കുറ്റമാണെന്ന് സമ്മതിക്കുന്ന അവർ അതിനുള്ള ശിക്ഷ അനുഭവിക്കുവാനും തയ്യാറാണ്. ചിലരൊക്കെ അവരുടെ കുഞ്ഞുങ്ങളുടെ ഭാവിയെക്കുറിച്ചോർത്ത് വ്യാകുലപ്പെടുന്നുമുണ്ട്.
കേവലം 15 വയസ്സുമാത്രം പ്രായമുള്ളപ്പോഴാണ് ഷമീമ ബീഗം മറ്റ് രണ്ട് സ്കൂൾ വിദ്യാർത്ഥിനികൾക്കൊപ്പം ഐസിസിൽ ചേരാനായി സിറിയയിലേക്ക് പോയത്. തിരിച്ചറിവില്ലാത്ത പ്രായത്തിൽ ചെയ്ത കുറ്റമായതിനാൽ, ശിക്ഷിക്കാമെങ്കിലും അവർക്ക് സ്വന്തം നാട്ടിലെത്താനുള്ള അവസരം നൽകണമെന്നാണ് ഷമീമയുടെ അഭിഭാഷകൻ പറയുന്നത്. 2012-ലെ ലണ്ടൻ ഒളിമ്പിക്സിനായി ഓർബിറ്റ് ടവറിന് രൂപകൽപന ചെയ്ത് പ്രശസ്തനായ പ്രമുഖ ശില്പി സർ അനീഷ് കപൂറും ഈ വാദത്തെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.
മറുനാടന് ഡെസ്ക്