കോതമംഗലം: ഭർത്തൃമതിയായ ആന്യമതസ്ഥയായ യുവതിയുമായി അടുപ്പത്തിലായി. ഭർത്താവ് ജോലി സ്ഥലത്തുനിന്നും തിരിച്ചെത്തിയപ്പോൾ കാമുകിക്ക് മനം മാറ്റം. പ്രേമം മൂത്ത് യുവാവും സുഹൃത്തും കാറിലെത്തി തട്ടിക്കൊണ്ടുപോയ ഗൾഫുകാരന്റെ ഭാര്യയെ പൊലീസ് പിൻതുടർന്ന് പിടികൂടി മോചിപ്പിച്ചു. ഊന്നുകൽ പൊലീസ് സ്‌റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസമാണ് സംഭവം.സംഭവത്തോടനുബന്ധിച്ച് നെല്ലിക്കുഴി കൂട്ടപ്പിള്ളീൽ ഷമീർ(33)സുഹൃത്ത് കുറ്റിലഞ്ഞി വലിയ വീട്ടിൽ ജമാൽ (33)എന്നിവരെ ഊന്നുകൽ എസ് ഐ ടി എം സൂഫിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റുചെ്തു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ..

വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമായ യുവതിയുമായി ഷമീർ രണ്ടുവർഷത്തോളമായി അടുപ്പത്തിലായിരുന്നു.ഗൾഫിൽ ജോലി ചെയ്തിരുന്ന ഭർത്താവ് നാട്ടിലെത്തിയതോടെ യുവതി ഇയാളുമായുള്ള ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ചു. വിവരം ഷമീറിനെ അറയിച്ചെങ്കിലും പിന്മാറാൻ ഇയാൾകൂട്ടാക്കിയില്ല. ഫോൺ വിളിയും വാട്‌സാപ് ചാറ്റുമായി ഇയാൾ യുവതിയെ ഒപ്പം നിർത്താൻ വീണ്ടും ശ്രമം നടത്തി വന്നിരുന്നു. ഇതേത്തുടർന്ന് യുവതി ഒരുമാസം മുമ്പ് ഊന്നുകൽ പൊലീസിൽ ഇയാൾക്കെതിരെ പരാതിയുമായെത്തി.

ഇനി ഒരിക്കലും ശല്യം ചെയ്യില്ലെന്ന് പറഞ്ഞ് ഇയാൾ യുവതിയുടെ കാലുപിട്ച്ചു.മനസ്സലിഞ്ഞ് യുവതി പരാതിയിൽ കേസെടുക്കേണ്ടന്ന് എഴുതി നൽകി സ്ഥലം വിട്ടു. ഇതിന് ശേഷം കഴിഞ്ഞദിവസ യുവാവ് വാട്‌സാപ്പിൽ കാണാൻ താൽപര്യമുണ്ടെന്ന് യുവതിക്ക് മെസേജ് അയച്ചു. പറ്റില്ലന്ന് യുവതി മറുപിടിയും നൽകി. പിന്നാലെയാണ് മാതാവും മകളും മാത്രമുള്ള വീട്ടിൽ ഇയാളും സുഹൃത്തുമെത്തി യുവതിയെ ബലമായി കാറിൽക്കയറ്റി സ്ഥലം വിട്ടത്. ഇയാൾ വീട്ടിലെത്തി ബഹളം ഉണ്ടാക്കുന്നതായി യുവതി ഊന്നുകൽ പൊലീസിൽ വിളിച്ചറിയിച്ചിരുന്നു. ഇതേത്തുടർന്ന് എസ് ഐ യുടെ നേതൃ്വത്തിലുള്ള പൊലീസ് സംഘം യുവതിയുടെ വീട്ടിലേയ്ക്ക് കുതിച്ചു.

എന്നാൽ പൊലീസ് സംഘം സ്ഥലത്തെത്തുന്നതിന് മുമ്പുതന്നെ യുവതിയെയും കയറ്റി ഷമീർ കാറുമായി നേര്യംമംഗലം -കോതമംഗലം പാതവഴി കടന്നിരുന്നു.കാറ് നേര്യമംഗലം കടന്നതായി വിവരം ലഭിച്ച എസ് ഐ വിവരം സ്റ്റേഷൻ ഡ്യൂട്ടിയിലായിരുന്ന പൊലീസുകാർക്ക് കൈമാറി. പിന്നാലെ എസ് ഐ സംഘവും കാറിനെ പിൻതുടർന്നു. ഇതിനിടയിൽ എസ് ഐ യുവതിയുടെ മൊബൈലിലേയ്ക്ക് വിളിച്ചപ്പോൾ എടുത്തത് ഷമീറായിരുന്നു.യുവതിയെ മോചിപ്പിക്കാൻ ആവശ്യപ്പെട്ടപ്പോൾ ഇയാൾ കാറുമായി മുന്നോട്ടു പോകുകയായിരുന്നു.

ഈ സമയം കാർ വരുന്നതും കാത്തുകൊച്ചി -ധനുഷ്‌കോടി പാതയരികിൽ പൊലീസ് സംഘം കാത്തുനിന്നിരുന്നു. പൊലീസിനെക്കണ്ടതോടെ കാറിലാിരുന്ന യുവതി 'തട്ടിക്കൊണ്ടുപോകുന്നേ. രക്ഷിക്കണേ' എന്ന് ഉച്ചത്തിൽ നിലവിളിച്ചു. ഇതോടെ കാര്യം വ്യക്തമായ പൊലീസ് സംഘം വാഹനം തടയുകയും സ്‌റ്റേഷനിലെത്തിക്കുകയുമായിരുന്നു. തുടർന്ന് നടന്ന സംഭവങ്ങൾ വിവരിച്ച് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇരുവർക്കുമെതിരെ പൊലീസ് കേസെടുത്തു. വാഹനവും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.ഇന്നലെ കോടതിയിൽ ഹാജരാക്കിയ ഇരുവരും റിമാന്റിലാണ്.