ന്യൂഡൽഹി: സ്ലീവ് ലെസ് ഗൗണിട്ട ഭാര്യയുടെ ഫോട്ടോ ഫേസ്‌ബുക്കിലിട്ടതിനെ തുർന്ന് കൂട്ട ആക്രമണത്തിന് വിധേയനായ ഇന്ത്യൻ പേസ് ബൗളർ മുഹമ്മദ് ഷമ്മിക്ക് പൂർണ പിന്തുണയുമായി പിതാവ് രംഗത്ത്. താൻ തന്റെ മരുകമകൾക്ക് പൂർണ്ണ പിന്തുണ നൽകുന്നതായി പറഞ്ഞ തൗഷീഫ് അഹമ്മദ് മാന്യമായ വസ്ത്രം തന്നെയാണ് അവർ ധരിച്ചതെന്നും വ്യക്തമാക്കി.

'ഞങ്ങൾ ഞങ്ങളുടെ മരുമകൾക്ക് പൂർണ്ണ പിന്തുണ നൽകുന്നു, അവളുടെ ശരീരത്തിലെ ഏതെങ്കിലും ഒരു ഭാഗം ആ ചിത്രത്തിൽ കാണാനാകുമായിരുന്നോ, എന്റെ മരുമകളെ വിമർശിക്കാൻ ആർക്കും അവകാശമില്ല, അവൾ എനിക്ക് സ്വന്തം മകളെ പോലെയാണ്' തൗഷീഫ് പറയുന്നു.

താൻ ഖുർആൻ വായിച്ചിട്ടില്ലെന്നും എങ്കിലും അതിലെ കാര്യങ്ങളെല്ലാം മറ്റുള്ളവർ പറഞ്ഞ് തനിക്ക് അറിയാമെന്നും സ്ത്രീകൾ സ്ലീവ് ലെസ് വസ്ത്രം ധരിക്കുന്നതിൽ ഖുർആനിൽ നിരോധനമില്ലെന്നും അദ്ദേഹം പറയുന്നു. വീട്ടിൽ തന്റെ ഭാര്യ അഞ്ജും അറയോ മറ്റൊരു മകനായ അസീബിന്റെ ഭാര്യയോ ബർഖ ധരിക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തന്റെ മരുമകളെ വിമർശിക്കുന്നവർക്ക് രാജ്യത്തെ രാഷ്ട്രീയ, സിനിമാ, കായികരംഗത്തുള്ള സ്ത്രീകളെക്കൊണ്ട് ബുർഖ ധരിപ്പിക്കാൻ ധൈര്യമുണ്ടോയെന്ന് തൗഷീഫ് ചോദിക്കുന്നു. പാക്കിസ്ഥാൻ, ഇന്തോനീസ്യ, ഇറാൻ, ഇറാഖ് തുടങ്ങിയ മുസ്ലിം രാജ്യങ്ങളിൽപ്പോലും ഇതു നടപ്പില്ലെന്ന് അദ്ദേഹം പറയുന്നു. ഷമ്മി അന്താരാഷ്ട്ര ക്രിക്കറ്റ് താരമാണ്. അതുകൊണ്ടു തന്നെ പൊതുവേദികളിലെത്തുമ്പോൾ അവനു അതിന്റെ നിലവാരം കാണിക്കേണ്ടിവരുമെന്നും ഷമ്മിയുടെ കിടപ്പുമുറിയിലേക്ക് എത്തിനോക്കാൻ ആർക്കും അവകാശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ സ്ലീവ്‌ലെസ് ഗൗണിട്ട ഭാര്യയുടെ ചിത്രം പോസ്റ്റ് ചെയ്തതാണ് ഫേസ്‌ബുക്കിൽ ചിലർ ഷമ്മിക്കെതിരെ തിരിയാൻ കാരണം. ഭാര്യയുടെ വസ്ത്രധാരണത്തെ എതിർത്തുകൊണ്ടുള്ള ആയിരകണക്കിന് കമന്റുകളാണ് ഷമ്മിയുടെ പേജിൽ നിറഞ്ഞത്. ഇക്കഴിഞ്ഞ ഡിസംബർ 23നാണ് ബ്രൗൺ സ്ലീവ്‌ലെസ് ഗൗണിട്ടിരിക്കുന്ന ഭാര്യ ഹസിൻ ജഹാനൊപ്പമുള്ള ചിത്രം ഷമ്മി പോസ്റ്റ് ചെയ്തത്.

ഹസിൻ ഒരു ഹിജാബ് ധരിക്കേണ്ടതായിരുന്നുവെന്നും. ഭാര്യ ഇസ്ലാം മതവിശ്വാസി തന്നെയാണോ എന്നും ചിലർ സംശയം പ്രകടിപ്പിക്കുന്നു. ഭാര്യ ഇങ്ങിനെ ശരീരം തുറന്നുകാട്ടുന്ന വസ്ത്രം ധരിക്കുന്നതിൽ നിങ്ങൾക്ക് ലജ്ജ തോന്നുന്നില്ലെ എന്നായി വേറെ ചിലർ ചോദിക്കുന്നത്. ഇതിനിടെ ചിലർ ഷമ്മിയെ അനുകൂലിക്കുന്നു എന്ന തരത്തിൽ മറ്റ് ചിലർ കമന്റുകളുമായി എത്തിയതോടെ പിന്നെ ചേരിതിരിഞ്ഞ ആക്രമണമായി ഫോട്ടോയ്ക്ക് താഴെ. ഇത് ഇന്ത്യയാണെന്നും ഫോട്ടോ ഇഷ്ടമില്ലാത്തവർ രാജ്യം വിടട്ടെ എന്നിങ്ങനെയാണ് ഇവരുടെ വാദം.