തൃശൂർ: തൃശൂരിൽ കഞ്ചാവ് കേസ് പ്രതിയായ ഷമീർ റിമാന്റിലിരിക്കേ മരിച്ച സംഭവത്തിൽ ആറ് ജയിൽ ജീവനക്കാർ അറസ്റ്റിൽ. അമ്പിളിക്കല കോവിഡ് കെയർ സെന്ററിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവരാണ് അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പട്ട് ജയിൽ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. ഷമീർ മരിച്ചത് ക്രൂരമർദ്ദനമേറ്റെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. കേസ് അന്വേഷിക്കുന്ന് ക്രൈംബ്രാഞ്ചാണ് ജീവനക്കാരെ അറസ്റ്റു ചെയ്തത്.

സെപ്റ്റംബർ 29നാണ് 10 കിലോ കഞ്ചാവുമായി തിരുവനന്തപുരം സ്വദേശിയായ ഷെമീറിനെയും ഭാര്യയെയും മറ്റ് രണ്ട് പേരെയും തൃശ്ശൂർ ശക്തൻ സ്റ്റാൻഡിൽ നിന്ന് പൊലീസ് പിടികൂടിയത്. റിമാൻഡിലായ പ്രതികളെ പിന്നീട് അമ്പിളിക്കല കോവിഡ് സെന്ററിലേക്ക് മാറ്റി. 30ന് അപസ്മാരബാധയെ തുടർന്ന് ഷമീറിനെ തൃശ്ശൂർ ജനറൽ ആശുപത്രിയിൽ ചികിത്സ നൽകി തിരികെ നിരീക്ഷണ കേന്ദ്രത്തിലെക്ക് എത്തിച്ചു. പിന്നീടാണ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വച്ചാണ് ഷമീർ മരിച്ചത്. തലക്കേറ്റ ക്ഷതവും ക്രൂരമർദ്ദനവുമാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.

മർദ്ദനത്തിൽ ഷമീറിന്റെ വാരിയെല്ലുകളും നെഞ്ചിലെ എല്ലുകളും പൊട്ടിയിരുന്നു. ശരീരത്തിൽ 40ലേറെ മുറിവുകളും ദേഹം മുഴുവൻ രക്തം കട്ടപിടിച്ച നിലയിലുമായിരുന്നു. കോവിഡ് സെന്ററിൽ വെച്ച് ഷമീറിനെ ജയിൽ ജീവനക്കാർ ക്രൂരമായി മർദ്ദിക്കുന്നത് കണ്ടതായി ഭാര്യയും കേസിലെ മറ്റു പ്രതികളും മൊഴി നൽകിയിരുന്നു ഇതിന്റെ അടിസ്ഥാനത്തിൽ ജയിൽ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കൊലകുറ്റത്തിന് കേസെടുത്തത്.