തിരുവനന്തപുരം: മഴയത്ത് സ്വയം കുടപിടിച്ച് പാർലമെന്റിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമായിരുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറൽ. മോദിയെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. കേന്ദ്രമന്ത്രി വി. മുരളീധരനും സംവിധായകൻ പ്രിയദർശനും ഉൾപ്പെടെ പ്രശംസിച്ചിരുന്നു. സംവിധായകൻ പ്രിയദർശൻ പ്രധാനമന്ത്രിയുടെ ലാളിത്യത്തെ പ്രശംസിച്ചിട്ട പോസ്റ്റ് വൈറലായിരുന്നു. ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട് നടൻ ഷമ്മി തിലകൻ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

ഇപ്പോഴിതാ വിഷയത്തിന്റെ പശ്ചാത്തലത്തിൽ സൂപ്പർതാരങ്ങളെ വിമർശിച്ച് നടൻ ഷമ്മി തിലകൻ. സ്വയം കുട പിടിക്കുന്നതിനെ ലാളിത്യമെന്ന വിളിക്കുകയാണെങ്കിൽ പകലും രാത്രിയും സഹായികളെക്കൊണ്ട് കുട പിടിപ്പിക്കുന്ന സൂപ്പർതാരങ്ങളെ എന്താണ് വിളിക്കേണ്ടതെന്ന് അദ്ദേഹം ചോദിക്കുന്നു. ഫേസ്‌ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

'' സ്വയം കുടപിടിക്കുന്നത് ലാളിത്യമെങ്കിൽ, സഹജീവികൾ നോക്കിനിൽക്കേ നട്ടുച്ചക്കും നട്ടപ്പാതിരയ്ക്കും കാര്യസ്ഥന്മാരെക്കൊണ്ടത് പിടിപ്പിക്കുന്ന സൂപ്പർതാരങ്ങളൊക്കെ ഏതു ഗണത്തിലാ പെടുക..?,'' എന്നാണ് ഷമ്മി കുറിപ്പിൽ ചോദിക്കുന്നത്. നിമിഷ നേരം കൊണ്ട് ആയിരക്കണക്കിന് റിയാക്ഷനുകളാണ് പോസ്റ്റിന് ലഭിച്ചിരിക്കുന്നത്. പോസ്റ്റിന് വന്ന കമന്റുകളിൽ ചിലതിന് ഷമ്മി മറുപടിയും കൊടുത്തിട്ടുണ്ട്.

'' ഒരു കാര്യം പറഞ്ഞേക്കാം ലാലപ്പനെ കൊണ്ടാണ് പറഞ്ഞതെങ്കിൽ നുമ്മ ക്ഷമിക്കും.. ഇല്ലേൽ കുഴീ കെടക്കുന്ന തിലകൻ ചേട്ടനെ തുമ്മിക്കരുത്,'' എന്നായിരുന്നു ഒരാളുടെ കമന്റ് ഇതിന് ഉവ്വാ.. ഉവ്വാാാാ.... എന്നാണ് ഷമ്മിയുടെ മറുപടി.

'' ഈ സൂപ്പർ താരങ്ങളെ തന്നെയല്ലേ... മമ്മൂക്കാന്നും ലാലേട്ടാന്നും വിളിച്ച് സുഖിപ്പിച്ച് താങ്കൾ പോസ്റ്റിടുന്നത്... അതോ ഇനി താങ്കളുദ്ദേശിച്ചത് സന്തോഷ് പണ്ഡിറ്റിനെയാണോ?, എന്ന ചോദ്യത്തിന് ' ഞാൻ സന്തോഷ് പണ്ഡിറ്റിനെ പ്രകീർത്തിച്ചും പോസ്റ്റിട്ടിട്ടുണ്ട്. എന്നേക്കാൾ പ്രായം കുറഞ്ഞ വ്യക്തി ആയതിനാലാണ് അദ്ദേഹത്തെ ഇക്കാ എന്നോ ഏട്ടാ എന്നോ വിളിക്കാതിരുന്നത്,'' മിന്നുന്നതെല്ലാം പൊന്നല്ല എന്ന് ഇനിയെങ്കിലും തിരിച്ചറിയുക. നല്ലതു വരും- എന്നായിരുന്നു ഷമ്മിയുടെ മറുപടി.

കെജി ജോർജ് സംവിധാനം ചെയ്ത ഇരകൾ എന്ന സിനിമയിലൂടെയാണ് ഷമ്മി തിലകൻ അഭിനയ രംഗത്തേക്ക് എത്തുന്നത്. തുടർന്ന് ചെറുതും വലുതുമായ നിരവധി വേഷങ്ങളിലൂടെ പരീക്ഷ ശ്രദ്ധ പിടിച്ചു പറ്റാൻ അദ്ദേഹത്തിന് സാധിച്ചു. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ജോജിയാണ് അദ്ദേഹത്തിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.


അഭിനയത്തിന് പുറമെ നിരവധി കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയ മികച്ച ഒരു ഡബ്ബിങ് ആർട്ടിസ്റ്റ് കൂടെയാണ് ഷമ്മി തിലകൻ. കടത്തനാടൻ അമ്പാടി എന്ന ചിത്രത്തിനായാണ് അദ്ദേഹം ആദ്യമായി ശബ്ദം നൽകിയത്. ചിത്രത്തിൽ പ്രേം നസീറിനുൾപ്പടെ 20ഓളം കഥാപാത്രങ്ങൾക്കാണ് അദ്ദേഹം ഡബ് ചെയ്തത്. 1993ൽ ഗസൽ എന്ന സിനിമയുടെയും 2018ൽ ഒടിയനിലൂടെയും മികച്ച ഡബ്ബിങ് ആർട്ടിസ്റ്റിനുള്ള സംസ്ഥാന പുരസ്‌കാരവും അദ്ദേഹം സ്വന്തമാക്കി.