മുടി അൽപ്പം പൊഴിഞ്ഞാൽ തന്നെ ഷംനയ്ക്ക് ഭയങ്കര ടെൻഷനായിരുന്നു. ഉടൻ ട്രീറ്റ്‌മെന്റിനായി ആശുപത്രിയിലേക്ക് ഓടുകയും ചെയ്യും. ആഴ്ചയിൽ നാലു ദിവസം മുടി സംരക്ഷണത്തിനായി സമയം കണ്ടെത്തുകയും ചെയ്യുന്ന താരമായിരുന്നു ഷംന കാസിം. ആ ഷംനയാണ് സിനിമയിലെ കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്ക് വേണ്ടി മുടി മൊട്ടയടിച്ചിരിക്കുന്നത്. ശശികുമാർ സംവിധാനം ചെയ്യുന്ന കൊടിവീരൻ എന്ന ചിത്രത്തിനു വേണ്ടിയാണ് ഷംന തല മൊട്ടയടിച്ചത്. മധുരയിൽ പോയാണ് ഷംന തലമുടി കളഞ്ഞത്. ഇപ്പോൾ താരം ചെന്നൈയിലാണ് താമസം.

മുടി മൊട്ടയടിക്കുന്ന കാര്യം പറഞ്ഞ് ബോധ്യപ്പെടുത്താൻ ഏറ്റവും പാടുപെട്ടത് മമ്മിയെ ആയിരുന്നെന്ന് ഷംന പറയുന്നു. ശരീരത്തിന് ആവശ്യമായതിനേക്കാളും മുടിക്ക് ആവശ്യമായ ഭക്ഷണമായിരുന്നു മമ്മി നൽകിയിരുന്നത്. അതിനാൽ തന്നെ മമ്മിയെ പറഞ്ഞ് ബോധ്യപ്പെടുത്താൻ വളരെ വിഷമിച്ചു. എന്നാൽ ശശികുമാർ സാറിനെ പോലുള്ള ഒരാളുടെ സിനിമയിൽ അഭിനയിക്കാൻ വേണ്ടി താൻ അതിന് തയ്യാറാകുകയായിരുന്നെന്നും ഷംന പറഞ്ഞു.

മൊട്ടയടിക്കാൻ തീരുമാനിച്ചു. ഞാൻ ആ തീരുമാനം ഉൾക്കൊണ്ടു. പക്ഷെ ദിവസം അടുത്തു വരുന്തോറും ടെൻഷനായിരുന്നു. മധുരയിലാണ് മൊട്ടയടിച്ചത്. കണ്ണാടിയുടെ മുമ്പിൽ ഇരുന്നപ്പോൾ വളരെ വിഷമമായിരുന്നു. അവർ മുടി കളയുമ്പോൾ അയ്യോ എന്റെ മുടി പോകുകയാണല്ലോ എന്നൊരു സങ്കടം വലുതായിരുന്നു.

എന്നാൽ, ഇപ്പോൾ ഞാൻ ഫ്രീയാണ്. മുടി ഇല്ലെങ്കിൽ ഞാൻ എങ്ങനെയിരിക്കുമെന്ന് മനസിലാകുന്നുണ്ട്. മുടി കുറേശെ വന്നു തുടങ്ങി. മുടിയുടെ വളർച്ചയൊക്കെ കാണാൻ കഴിയുന്നുണ്ട്. ഈ മാറ്റവും ആസ്വദിക്കുന്നു. മൊട്ടയടിച്ചിട്ട് ഇന്നത്തെക്ക് ഒമ്പത് ദിവസമായെന്നും താരം.