രണ്ട് കൊല്ലം മുൻപ് ശ്രീശങ്കരാചാര്യയിൽ പഠിക്കുമ്പോൾ വളാഞ്ചേരി പരിസരത്ത് ഞങ്ങൾ സുഹൃത്തുക്കൾ ചേർന്നൊരു തെരുവു നാടകം നടത്തി. ആൺ പെൺ സൗഹൃദം, സ്ത്രീ സൗഹൃദ സമൂഹം ഒക്കെത്തന്നെയായിരുന്നു പ്രമേയം. ഒട്ടും സ്വീകാര്യത ഉണ്ടാവില്ല എന്നുറപ്പുണ്ടായിട്ടും വളരെ നന്നായിത്തന്നെ അവതരിപ്പിച്ചു.

അലറി വിളിച്ച പെൺകുട്ടികളെയും കൂട്ടത്തിൽ തട്ടമിട്ട പെണ്ണിനേയും ഒരിക്കലും നെഞ്ചിലേക്കടുപ്പിക്കാൻ തയ്യാറുണ്ടായിരുന്നില്ല അന്നവിടെ കൂടിയവർക്ക്. നിനക്കൊക്കെപറ്റിയ പണി വേറെയാടീ എന്നലറിയത്, ഇവളെയൊക്കെ കയറൂരി വിട്ടതാണോ എന്നൊക്കെ വിളിച്ചു കൂവിയ ചേട്ടന്മാരെ ഓർക്കുന്നുണ്ട്.

തിരിച്ചൊന്നും പറയാതെ പോന്നതിലിന്ന് ഖേദമുണ്ട്. നാടകം തിരൂർ സ്റ്റാന്റിലും നടത്താൻ പദ്ധതിയുണ്ടായിരുന്നെങ്കിലും പെൺകുട്ടികൾക്ക് നേരെയുണ്ടായ അസഭ്യവർഷങ്ങൾ കാരണം വേണ്ടെന്ന് വെച്ച് മടങ്ങുകയായിരുന്നു.

എത്ര സുന്ദരമായിട്ടാണന്നറിയോ ഞങ്ങളന്നത് അവതരിപ്പിച്ചത്. വളരെ ചുരുക്കം പേരാണെങ്കിലും കാണികളിൽ ചിലർ പ്രമേയത്തെയും അവതരണത്തെയും കുറിച്ച് നല്ല രീതിയിൽ പ്രതികരിച്ചിരുന്നു.ഇനി ഫ്‌ലാഷ് മൊബിലേക്ക് വരാം.

അന്നവിടെ മോശം രീതിയിൽ ആക്രോശിച്ച ആൾക്കാരിൽ നിന്നും ഇപ്പറയുന്ന ഖുർആനിന്റെ നടുക്കണ്ടമായ ആൾക്കാരിലും ഒരു വ്യത്യാസവും ഞാൻ കാണുന്നില്ല. എന്ത് സുന്ദരമായിട്ടാണ് ആ പെൺകുട്ടികൾ ഡാൻസ് ചെയ്തത്.മലപ്പുറത്തിന്റെ ഒത്ത നടുക്കല്ല, അതിരു കെട്ടി വിലക്കിയിട്ട് സംരക്ഷിക്കുന്ന അനേകായിരം പെൺമനസുകളിലാണവർ തുള്ളിക്കളിച്ചത്.

ആ ഒരൊറ്റ ഡാൻസുകൊണ്ട് അവർ നരകത്തിൽ പോവുമെങ്കിൽ ഒന്ന് ചോദിക്കട്ടെ, ഇക്കണ്ട കാലമത്രയും പെണ്ണുങ്ങളെ സ്വർഗത്തിൽ കേറ്റാനുള്ള തത്രപ്പാടിനിടയിൽ നിങ്ങൾ (മനഃപൂർവ്വം)ചിലരെ വിട്ടു പോയി. കള്ളുകുടിക്കണ, പെണ്ണുപിടിക്കുന്ന, പലിശ വാങ്ങുന്ന, പലിശ കൊടുക്കുന്ന, മീഡിയകളിൽ നിറഞ്ഞ് നിൽക്കുന്ന, അക്രമം കാണിക്കുന്ന, മാതാപിതാക്കളെ അനുസരിക്കാത്ത അവരെ സംരക്ഷിക്കാത്ത അനേകായിരം ആൾക്കാർ ഈ ഭൂമിയിലുണ്ട്.

ഇവരെയൊന്നും നേരെയാക്കാതെ പെണ്ണുങ്ങൾ ഒന്ന് പുറത്തിറങ്ങിയാൽ, ഒന്ന് ആടിയാൽ അങ്ങ് ചീത്തയാവുമെന്നും നേരെ നരകത്തിലെത്തുമെന്ന് ഭയം കാണിക്കുന്നതിലെയും ലോജിക്ക് എന്തെന്ന് മനസിലായില്ല. ഒട്ടുമിക്ക പെൺകുട്ടികളും ഇത്തരം പരിഹാസങ്ങളും അവഗണനയും കണ്ടും കേട്ടും തന്നെയാണ് വളർന്നു വരുന്നത്.ഒന്നാലോചിച്ചു നോക്കു. നിങ്ങളുടെ ഒരൊറ്റ നോട്ടം കൊണ്ട്, വാക്കു കൊണ്ട് എത്രയെത്ര ഊർജസ്വലരായ പെൺകുഞ്ഞുങ്ങളെയാണ് നിങ്ങൾ നശിപ്പിച്ചു കളഞ്ഞത്. അതു വഴി അവളുടെ എത്ര മോഹങ്ങളാണ് നിങ്ങൾ തല്ലിക്കെടുത്തിയത്. പെണ്ണിനെ കുഴിച്ചുമൂടിയ ജാഹിലീയ കാലത്തേക്ക് മടങ്ങണമെന്നാണോ നിങ്ങളീ കവല തോറും നടന്ന് സംസാരിക്കുന്നത്?

പൂത്തിരി പോലെ കത്തി നിന്ന് ചിരിക്കണ പെങ്കുട്ട്യോളെ കണ്ടിട്ടുണ്ടോ നിങ്ങൾ? മനസിൽ സന്തോഷത്തിന്റെ ഒരായിരം പൂത്തിരി കത്തിച്ച് ചുറ്റും പ്രകാശം പരത്തുന്ന ചിലരെ..ആത്മവിശ്വാസത്തോടെ മുന്നോട്ട് നടന്ന് സമൂഹത്തെ പടുത്തുയർത്തുന്ന സ്ത്രീകളെ.. തന്നിലെ കഴിവിനെ വളർത്തി നാടിനുപകരിക്കുന്ന രീതിയിൽ മാറ്റിയെടുക്കുന്ന പെണ്ണിനെ.. ഇതാ കണ്ടോളൂ.. നരകത്തിലേക്കെന്ന് നിങ്ങൾ പറഞ്ഞ ആ പെൺകുട്ടികൾ തന്നെയായിരിക്കും നാളെയുടെ ഭാവി.അവർക്ക് പിന്നിൽ വരുന്ന ഒരായിരം പെൺമക്കൾക്ക് ഊർജം പകരാൻ അവർക്കിപ്പോഴേകഴിഞ്ഞു..

പിന്നെ, പുറമെ മതം നന്നാക്കലും അകത്ത് ഉഗ്രൻ വിഷവുമായി നടക്കുന്ന മത ഭ്രാന്തന്മാരുടെ സ്ഥാനം ഇപ്പറയുന്ന നരകത്തിൽ തന്നെയാവും.പെണ്ണിനെതിരെ മതം പറഞ്ഞ് ഇതുപോലുള്ള ആയിരം ആൾക്കാരെ സൃഷ്ടിക്കുന്നതിലും വലിയ തിന്മ വേറെയുണ്ടെന്ന് തോന്നുന്നില്ല.
ഇനിയും പെണ്ണുങ്ങൾ ആടും,പാടും,കൂട്ടുകൂടും. ചുറുചുറുക്കുള്ള പെൺകുട്ടികൾ തെരുവുകൾ കീഴടക്കുക തന്നെ ചെയ്യും. ഇങ്ങനത്തെ ഉസ്താദുമാരെക്കൊണ്ട് നിറഞ്ഞ സുവർഗ്ഗപ്പൂങ്കാവനം മ്മക്ക് മാണ്ട ബളേ..