ദമ്മാം: രാജ്യത്തെ തൊഴിൽ സാമൂഹ്യ വകുപ്പിന്റെ കമ്പ്യൂട്ടർ നെറ്റ് വർക്കിൽ ശമൂൻ വൈറസ് കയറിയതിനെ തുടർന്ന് തകരാറിലായത് മൂലം ഇഖാമ പുതുക്കാനാവാതെ പ്രവാസികൾ ആശങ്കയിൽ.ജനുവരി ഇരുപത്തിമൂന്നിനാണ് ശമൂൻ മാൽവെയർ ആക്രമണമുണ്ടായത്. ഇതുവരെയായും വൈറസ് മാറ്റി പൂർവ്വ സ്ഥിതിയിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല.

ഇതോടെ ഇഖാമ പുതുക്കാനോ ഇഷ്യൂ ചെയ്യാനോ ആവാതെ പ്രവാസികൾ ആശങ്കയിലായിരിക്കുകയാണ്. സ്പോൺസർഷിപ് മാറേണ്ടവരും ദുരിത ത്തിലായിരിക്കുക യാണ്. തൊഴിൽ താമസ പെർമിറ്റുകൾ മുഴുവനായും ഓൺലൈൻ വഴിയായതിനാൽ എപ്പോൾ ശരിയായിത്തുടങ്ങുമെന്ന് ഉദ്യോഗസ്ഥർക്കും അറിയില്ല.

ഒരു ഇഖാമ പുതുക്കുന്നതിന് 650 റിയാൽ പാസ്പോർട്ട് വിഭാഗമായ ജവാസാത്തിനും2400 റിയാൽ തൊഴിൽ മന്ത്രാലയത്തിനും അടക്കണം. ജവാസാത്ത് സിസ്റ്റത്തെ വൈറസ് ഏറ്റിട്ടില്ലെങ്കിലും തൊഴിൽ മന്ത്രാലയം നെറ്റ് വർക്കിനെ ബാധിച്ച മാൽവെയർ ആക്രമണം രാജ്യത്താകെയുള്ള ആവശ്യക്കാരെ വലച്ചിരിക്കുന്നു. അവധി കഴിഞ്ഞും ഇഖാമ പുതുക്കാത്തവരുടെ ബാങ്ക് അക്കൗണ്ടുകൾ ഫ്രീസ് ആയിട്ടുണ്ട്.

2012 ൽ സഊദി അറാംകോയുടെ ആയിരക്കണക്കിന് കമ്പ്യൂട്ടർ സിസ്റ്റത്തെ നശിപ്പിച്ച ശമൂൻ വൈറസനെക്കുറിച്ച് സഊദി ടെലികോം കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. കംപ്യൂട്ടർ ഡിസ്‌കുകളിൽ സൂക്ഷിച്ചിട്ടുള്ള വിവരങ്ങൾ മുഴുവൻ നശിപ്പിക്കുന്ന ഷാമൂൺ വൈറസ് സൗദിയുടെ ദേശീയ എണ്ണക്കമ്പനി അരാംകോയിലെ 30,000 കംപ്യൂട്ടറുകൾ നശിപ്പിച്ചിരുന്നു.