- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഷംസീറിന്റെ എതിർപ്പ് പ്രശ്നാധിഷ്ഠിതമല്ല; ഡിവൈഎഫ്‌ഐയിലും നിയമസഭയിലും സീനിയറായ ഷംസീറിനെ റിയാസ് വെട്ടിയത് മൂലകാരണം; സർക്കാരിന്റെ ഊർജസ്വലതയ്ക്കു മങ്ങലേൽപിച്ച നേതാവിനെ ശാസിക്കും; 'തിരുത്തൽ വാദം' വച്ചു പൊറുപ്പിക്കില്ലെന്ന് സിപിഎം
തിരുവനന്തപുരം: സിപിഎം നിയമസഭാ കക്ഷി യോഗത്തിൽ എംഎൽഎമാരെ അപമാനിച്ചത് ആലോചിച്ച് ഉറപ്പിച്ചാണെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറയുമ്പോൾ അത് ഏറ്റെടുക്കാൻ പ്രതിപക്ഷവും എത്തുന്നു. സഭയിലെ പ്രതിപക്ഷ പ്രകടനത്തിലേക്ക് കൂടി വിരൽ ചൂണ്ടുന്നതാണ് ഈ അവസ്ഥ. നിയമസഭയിൽ റിയാസ് ഇതു പറഞ്ഞിട്ട് അതിന്റെ രാഷ്ട്രീയം കോൺഗ്രസിന് മനസ്സിലായില്ല. പിന്നീട് സിപിഎം നിയമസഭാ കക്ഷിയിലെ ചർച്ച വാർത്തയായപ്പോഴാണ് കോൺഗ്രസിന് ബോധം വന്നത്.
ഏതായാലും വിമർശനത്തിൽ സിപിഎമ്മിനുള്ളിൽ തലശ്ശേരി എംഎൽഎ എഎൻ ഷംസീർ ഒറ്റപ്പെടുകയാണ്. സഭയിൽ അവകാശ ലംഘനത്തിന് പ്രതിപക്ഷ നൽകിയ നോട്ടീസിനോട് ഷംസീർ എങ്ങനെ പ്രതികരിക്കുമെന്നതാണ് നിർണ്ണായകം. സർക്കാരിന്റെ ഊർജസ്വലതയ്ക്കു മങ്ങലേൽപിക്കാനുള്ള ചില മാധ്യമങ്ങളുടെ ഉദ്ദേശ്യം മനസ്സിലാകുമെന്നായിരുന്നു വിവാദം സംബന്ധിച്ച ചോദ്യങ്ങൾക്ക് സിപിഎം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവന്റെ മറുപടി. പാർട്ടിയുടെ പൊതുനിലപാട് ഷംസീറിനു മനസ്സിലായിട്ടില്ലേ എന്നു ചോദിച്ചപ്പോൾ പാർലമെന്ററി പാർട്ടി യോഗത്തിൽ താൻ പങ്കെടുത്തിട്ടില്ലെന്നായിരുന്നു മറുപടി.
വിജയരാഘവന്റെ പ്രസ്താവന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലെചർച്ചകളുടെ അടിസ്ഥാനത്തിലാണ്. പ്രതിപക്ഷം പോലും ആ പ്രസ്താവനയോട് വിയോജിപ്പ് പറയാതിരിക്കെ നിയമസഭാ കക്ഷി യോഗത്തിലെ ഷംസീറിന്റെ എതിർപ്പ് പ്രശ്‌നാധിഷ്ഠിതമല്ലെന്നു കരുതുന്നവരുമുണ്ട്. ഡിവൈഎഫ്‌ഐയിലും നിയമസഭയിലും സീനിയറായ ഷംസീർ മന്ത്രിസഭയിലെത്താൻ സാധ്യത ഉണ്ടെന്നു കരുതിയിരിക്കെയാണ് കോഴിക്കോട്ട് നിന്നു റിയാസ് ഇടംപിടിച്ചത്. റിയാസിന്റെ ശൈലിയോട് യോജിക്കാത്ത ചില എംഎൽഎമാരുടെ വികാരമാണ് ഷംസീറിലൂടെ പുറത്തുവന്നതെതെന്നു കരുതുന്നവരുമുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ ഭർത്താവാണ് റിയാസ്. ഇതിനൊപ്പം ഡിവൈഎഫ് ഐയുടെ അഖിലേന്ത്യാ പ്രസിഡന്റും. അങ്ങനെ ഉള്ള നേതാവിനെതിരെ ഒളിയമ്പുകൾ അയക്കുന്നവരെ രാഷ്ട്രീയമായി പാഠം പഠിപ്പിക്കാനാണ് സിപിഎം തീരുമാനം. പി ജയരാജനേയും കെകെ ശൈലജയേയും പോലെ തിരുത്തൽ ശക്തിയാകാനുള്ള ഷംസീറിന്റെ നീക്കങ്ങൾ പാർട്ടി തിരിച്ചറിയുന്നുണ്ട്. അടുത്ത സംസ്ഥാന സമിതി യോഗം ഈ വിഷയം ചർച്ച ചെയ്യും. ഷംസീറിനെ ശാസിക്കാനും സാധ്യത ഏറെയാണ്. കൈവിട്ട കളികൾ കളിക്കരുതെന്ന മുന്നറിയിപ്പും നൽകും. ശാസന പരസ്യമാക്കാനും സാധ്യതയില്ല.
പാർട്ടി തീരുമാന പ്രകാരമാണ് കരാറുകാരെ സംബന്ധിച്ച കാര്യങ്ങൾ പറഞ്ഞത് ആലോചിച്ച് ഉറപ്പിച്ചാണെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ് വ്യക്തമാക്കിയത്. ഉറക്കത്തിൽ പറഞ്ഞതല്ല; അതുകൊണ്ടു തന്നെ ഖേദം പ്രകടിപ്പിച്ചിട്ടുമില്ല. എല്ലാ കരാറുകാരും ഉദ്യോഗസ്ഥരും ഒരുപോലെയാണെന്നല്ല; പക്ഷേ, ചിലർ തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ട്. ഇതു സിഎജി റിപ്പോർട്ടിലും പരാമർശിച്ചിട്ടുണ്ട്. ആരെങ്കിലും തോണ്ടിയാൽ അങ്ങു നിന്നുപോവുന്നതല്ല വകുപ്പിന്റെ പ്രവർത്തനം. കരാറുകാരുമായി ഇടപെടുമ്പോൾ അവർ ആരാണെന്ന് അന്വേഷിക്കുന്നത് സ്വാഭാവികമാണ്. അതിൽ ഭരണകക്ഷി എംഎൽഎമാർ എതിർപ്പ് പ്രകടിപ്പിക്കുമെന്നു കരുതുന്നില്ലെന്നും റിയാസ് പറഞ്ഞു.
സിപിഎം നിയമസഭാ കക്ഷിയോഗത്തിൽ മന്ത്രിമാരുടെ ഓഫിസിനെതിരെ കെ.വി.സുമേഷ് എംഎൽഎയും പരാതി ഉന്നയിച്ചിരുന്നു. പാർട്ടി സെക്രട്ടേറിയറ്റിൽനിന്നു കെ.രാധാകൃഷ്ണനും ടി.പി.രാമകൃഷ്ണനും യോഗത്തിൽ പങ്കെടുത്തിരുന്നു. പുതിയ എംഎൽഎമാരുടേത് പൊതുവേ നല്ല പ്രകടനമാണെങ്കിലും കാര്യങ്ങൾ പഠിച്ച് അവതരിപ്പിക്കുന്നതിൽ കുറെക്കൂടി ശ്രദ്ധിക്കണമെന്നു കെ.രാധാകൃഷ്ണൻ നിർദ്ദേശിച്ചു. വിഷയങ്ങൾ പഠിക്കാൻ ശ്രദ്ധിക്കുന്നുണ്ടെന്നും പക്ഷേ, ചില മന്ത്രിമാരുടെ ഓഫിസിൽനിന്ന് കൃത്യമായി വിവരങ്ങൾ ലഭിക്കുന്നില്ലെന്നും ഡിവൈഎഫ്‌ഐ മുൻ കണ്ണൂർ ജില്ലാ പ്രസിഡന്റ് കൂടിയായ സുമേഷ് ചൂണ്ടിക്കാട്ടി. ഇതിനുശേഷമാണ് ഷംസീറും ആഞ്ഞടിച്ചത്.
അഴിമതി സാധ്യത ഒഴിവാക്കാനാകും മന്ത്രിമാർ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടുന്നതെന്നു ടി.പി.രാമകൃഷ്ണൻ പ്രതികരിച്ചതോടെ മറ്റാരും മിണ്ടിയില്ല. റിയാസും പ്രതികരിച്ചില്ല. എന്നാൽ റിയാസ് മാപ്പു പറഞ്ഞുവെന്നായിരുന്നു വാർത്തകളെത്തിയത്. ഇതോടെയാണ് പരസ്യമായി റിയാസ് നിലപാട് പറഞ്ഞത്. പാർട്ടി നേതൃത്വത്തിന്റെ സമ്മതം വാങ്ങിയായിരുന്നു ഇത്. പൊതുമരാമത്ത് വകുപ്പിൽ കരാറുകാരും ഉദ്യോഗസ്ഥരും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്നു പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നെന്നും ഇക്കാര്യത്തിൽ എവിടെയും ഖേദം പ്രകടിപ്പിച്ചിട്ടില്ലെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മന്ത്രി വ്യക്തമാക്കിയത് പാർട്ടി നിലപാടാണെന്ന് സിപിഎം. സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനും പറഞ്ഞു.
ഇടതുമുന്നണിയുടെ നിലപാടാണ് നിയമസഭയിൽ പറഞ്ഞത്. അതിൽനിന്ന് ഒരടി പിറകോട്ടുപോയിട്ടില്ല. എംഎൽഎ.മാരുടെ ശുപാർശയുമായി കരാറുകാർ വരരുത്. കരാറുകാരുടെ വിഷയം എംഎൽഎ.മാർ ശ്രദ്ധയിൽപ്പെടുത്തുന്നതിൽ തെറ്റില്ല. പക്ഷേ, മറ്റു മണ്ഡലങ്ങളിലെ കരാറുകാരെയുംകൂട്ടി എംഎൽഎ.മാർ വരുന്നതിനെയാണ് വിമർശിച്ചത് -റിയാസ് പറഞ്ഞു. വിപണിവില കുറയുമ്പോഴും ബിറ്റുമിന് കൂടിയ സമയത്തെ വിലയിട്ട് എസ്റ്റിമേറ്റ് നൽകുന്നു. ചില ജില്ലകളിലെ ഇൻവോയിസ് മറ്റു ജില്ലകളിൽ നൽകുന്നു. ഇതുകാരണം സർക്കാരിന് വലിയ സാമ്പത്തികബാധ്യതയുണ്ടാവുന്നു. ആലോചിച്ചുറപ്പിച്ചാണ് ഇക്കാര്യം പറഞ്ഞത്. അതുകൊണ്ട് ഖേദം പ്രകടിപ്പിക്കേണ്ട കാര്യമില്ല. റിയാസ് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ