തൃശ്ശൂർ: സംഗീത സംവിധായകൻ ജോൺസന്റെ മകൾ ഷാൻ ജോൺസന് ജന്മനാട് വിടനൽകി. ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെ തൃശ്ശൂർ നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിലാണ് ഷാൻ ജോൺസണെ സംസ്‌ക്കരിച്ചത്. മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകന്റെ പുത്രിയെ അവസാനമായി ഒരു നോക്കു കാണാൻ നാട്ടുകാരും ബന്ധുക്കളും കലാസഹൃദയരും അടക്കം ആയിരത്തൾ എത്തി. ഭർത്താവും മക്കളും നഷ്ടമായതോടെ തനിച്ചായ മാതാവ് റാണിയെ ആശ്വസിപ്പിക്കാൻ എല്ലാവരും പാടുപെടുകയായിരുന്നു. തന്നെ ഈ ലോകത്ത് തനിച്ചാക്കി വിട്ടുപോയ മകളെ ഓർത്ത് ആ അമ്മ അലമുറയിട്ടു കരഞ്ഞപ്പോൾ കണ്ടു നിന്നവരുടെയും കണ്ണു നിറഞ്ഞു.

ചെന്നൈയിൽ നിന്നും നാട്ടിലെത്തിച്ച മൃതദേഹം തൃശൂരിലെ വീട്ടിൽ ഇന്ന് രാവിലെ 10 മുതൽ പൊതുദർശനത്തിന് വച്ചിരുന്നു. വീട്ടിലെത്തി നിരവധി പേർ അന്ത്യാഞ്ജലി അർപ്പിച്ചു. ഷാനിന്റേത് സ്വാഭാവിക മരണമാണെന്നും ഹൃദയാഘാതമാണ് മരണകാരണമെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ നിന്നും വ്യക്തമായിരുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്നലെ ഉച്ചയോടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറിയിരുന്നു. മോർച്ചറിക്കകത്ത് വച്ച് പ്രത്യേക പ്രാർത്ഥന നടത്തിയശേഷമാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തത്.

ചെന്നൈയിൽ ഷാനിന്ന അനവധി സുഹൃത്തുക്കൾ ഉണ്ടായിരുന്നു. ഇവരെല്ലാം അവസാനമായി ഷാനിനെ ഒരു നോക്കു കാണാൻ എത്തിയിരുന്നു. എല്ലാവരും കണ്ണീരോടെ വിട നൽകി. സംഗീത മേഖലയിലെ സുഹൃത്തുക്കളും മറ്റു ബന്ധുക്കളും ഇന്നലെ രാവിലെ തന്നെ റോയപ്പേട്ട സർക്കാർ ആശുപത്രിയിലെത്തിയിരുന്നു. മോർച്ചറിക്കു മുന്നിൽ കാത്തുനിന്നവർ കരച്ചിലടക്കാൻ പാടുപെട്ടു. സംഗീതലോകത്ത് എന്നെങ്കിലും തന്റെ പേര് രേഖപ്പെടുത്തുമെന്നു ഷാൻ ഉറച്ചു വിശ്വസിച്ചിരുന്നു. അതിനു വേണ്ടി കഠിനമായി ശ്രമിക്കുകയും ചെയ്തു. ഒപ്പം, കൂട്ടുകാരുടെ വിഷമത്തിലും സന്തോഷത്തിലുമെല്ലാം കൂടെ ചേർന്നു.

നാട്ടിൽ മൃതദേഹം എത്തിച്ചപ്പോൾ സംഗീത രംഗത്തെയും രാഷ്ട്രീയ-കലാരംഗത്തെയും പ്രമുഖർ ആദരാഞ്ജലികൾ അർപ്പിക്കാനെത്തി. ഭർത്താവിനെയും മകനെയും നഷ്ടപ്പെട്ടതിന് പിന്നാലെ മകളെയും നഷ്ടമായതോടെ ഷാനിന്റെ മാതാവ് റാണി ജീവിതത്തിൽ തീർത്തും തനിച്ചായി. സംസ്‌ക്കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവരിൽ മിക്കവരുടെയും കണ്ണിൽ കണ്ണീരണിഞ്ഞു. സമൂഹമാദ്ധ്യമങ്ങളിലും സജീവമായിരുന്ന ഷാനിന് ഫേസ്‌ബുക്കിലൂടെയും നിരവധി പേർ ആദരാജ്ഞലികൾ നേർന്നു.

തമിഴ് സിനിമയായിരുന്നു ഷാനിന്റെ തട്ടകം. പ്രെയ്‌സ് ദ ലോർഡ്, എങ്കേയും എപ്പോതും, പറവൈ, തിര എന്നീ സിനിമകളിൽ ഗാനങ്ങൾ ആലപിക്കുകയും ചെയ്തു. ഹിസ് നെയിം ഈസ് ജോൺ എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയതും ഷാനാണ്.