- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ് ഡി പി ഐ പ്രചരണ ജാഥയിലെ മുദ്രാവാക്യങ്ങളിൽ തുടങ്ങിയ തർക്കം നാഗംകുളങ്ങരയിൽ നന്ദുകൃഷ്ണയുടെ ജീവനെടുത്തു; പകരം വീട്ടലിന് ഷാനിനെ നിരീക്ഷിച്ച് കൊലപ്പെടുത്തി; ആ വീട് നിരീക്ഷിച്ചെത്തി അപരിചിതർക്കായും അന്വേഷണം; രഞ്ജിത്തിന്റെ വീട്ടിലും രാത്രിയിൽ രഹസ്യ നിരീക്ഷണം; ഇരട്ട കൊലയ്ക്ക് പിന്നിലെ രാഷ്ട്രീയ ഗൂഢാലോചനയും അന്വേഷണത്തിൽ
ആലപ്പുഴ: ആലപ്പുഴയിലെ രണ്ടു കൊലപാതകങ്ങളിലും രാഷ്ട്രീയ ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കുമെന്ന് എഡിജിപി വിജയ് സാഖറെ അറിയിച്ചു. കേസുകളിൽ പങ്കുണ്ടെന്നു സംശയിക്കുന്നവരെക്കുറിച്ചു വിശദമായി അന്വേഷിക്കാൻ എല്ലാ പൊലീസ് സ്റ്റേഷനുകൾക്കും നിർദ്ദേശം നൽകി. മണിക്കൂറുകളുടെ വ്യത്യാസത്തിൽ എസ്ഡിപിഐ, ബിജെപി നേതാക്കളുടെ കൊലപാതകം നടന്നതിനു പിന്നിൽ കാലേക്കൂട്ടിയുള്ള ആസൂത്രണമുണ്ടെന്നാണു പൊലീസിന്റെ നിഗമനം.
ഫെബ്രുവരി 24നു വയലാർ നാഗംകുളങ്ങരയിൽ ആർഎസ്എസ് പ്രവർത്തകൻ നന്ദു കൃഷ്ണ കൊല്ലപ്പെട്ടതിനു പിന്നാലെ തിരിച്ചടിക്കുള്ള സാധ്യത സ്പെഷൽ ബ്രാഞ്ച് അന്വേഷിച്ചിരുന്നു. കെ.എസ്.ഷാനിനെ കൊലപ്പെടുത്തിയത് ഈ പശ്ചാത്തലത്തിലാണെന്ന സൂചനയാണ് പൊലീസ് ഇന്റലിജൻസ് വിഭാഗത്തിനുള്ളത്. ഇത്തരത്തിൽ തിരിച്ചടിയുണ്ടായാൽ എന്തു ചെയ്യണമെന്ന് എതിർപക്ഷത്തും ആലോചന നടന്നിരുന്നുവെന്നു പൊലീസ് ഇപ്പോൾ കരുതുന്നു. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ ഇത്തരമൊരു നീക്കമുണ്ടാകുമെന്നു നേരത്തേ പ്രതീക്ഷിച്ചിരുന്നില്ല.
വയലാർ തട്ടാംപറമ്പ് നന്ദു കൃഷ്ണ(22)യാണ് വെട്ടേറ്റു മരിച്ചത് എസ് ഡി പി ഐ-ആർ എസ് എസ് സംഘർഷത്തിന്റെ തുടർച്ചയായിരുന്നു. അന്ന് മൂന്ന് ആർഎസ്എസ് പ്രവർത്തകർക്കും മൂന്ന് എസ്ഡിപിഐ പ്രവർത്തകർക്കും പരുക്കേറ്റു. ഇവിടെ ഉച്ചയ്ക്ക് എസ്ഡിപിഐയുടെ വാഹനപ്രചരണജാഥ വന്നിരുന്നു. അതിലെ പ്രസംഗ പരാമർശം സംബന്ധിച്ച് ഇരുകൂട്ടരും തമ്മിൽ തർക്കമുണ്ടായി. വൈകിട്ട് ഇരുകൂട്ടരും പ്രകടനം നടത്തി. ഇതേ തുടർന്ന് ഏറ്റുമുട്ടലിനിടെ നന്ദു വെട്ടേറ്റു മരിക്കുകയും ചെയ്തു. ആർഎസ്എസ് ശാഖാ ഗട നായകനായിരുന്നു നന്ദു. ചേർത്തല വയലാർ നാഗം കുളങ്ങര ശാഖ ഗഡ നായകായിരുന്നു നന്ദു. ഇതിന്റെ പ്രതികാരമാണ് ഷാനിന്റെ കൊലയെന്നാണ് നിഗമനം. മുൻകൂട്ടി പദ്ധതിയും തയ്യാറാക്കി.
ഷാനിനെ കൊലപ്പെടുത്തുന്നതിനു മുൻപ് വീടിനു പരിസരത്ത് അപരിചിതരായ ചിലർ നിരീക്ഷണത്തിനെത്തിയിരുന്നതായി വീട്ടുകാർ പറയുന്നു. ഒരാഴ്ച മുൻപ് ഒരു അപരിചിതൻ ഷാനിനെ അന്വേഷിച്ച് എത്തിയിരുന്നതായും ഭാര്യ ഫൻസില പറഞ്ഞു. തിരുവനന്തപുരത്തുനിന്ന് ഇൻഷുറൻസിന്റെ വിവരങ്ങൾ തിരക്കി വന്നതാണെന്നാണു പറഞ്ഞത്. പ്രധാന വഴിയിലൂടെയെത്തി ഷാനിന്റെ വിവരങ്ങൾ മുഴുവൻ ചോദിച്ചറിഞ്ഞ അപരിചിതൻ പുറകുവശത്തെ വഴിയിലൂടെ തിരികെപ്പോയി.
സംശയം തോന്നിയ ഫൻസില കാര്യങ്ങൾ അപ്പോൾ തന്നെ ഭർത്താവിനെ അറിയിച്ചിരുന്നു. സംശയം തോന്നിയെങ്കിലും കാര്യമായെടുക്കാതെ ഷാൻ അതു വിട്ടെന്നും ഫൻസില പറഞ്ഞു. എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ ഷാനിന്റെ വീടിനോടു ചേർന്ന വഴിയിൽ അപരിചിതരെ കണ്ടെന്നും ശബ്ദം കേട്ടു രാത്രി ലൈറ്റിട്ടപ്പോൾ വാഹനങ്ങൾ പോയതായും അയൽക്കാർ പറഞ്ഞു. അതായത് നിരവധി തവണ ഷാനിനെ കൊല്ലാൻ ശ്രമം നടന്നു. ഇതിന് പിന്നിൽ ഉന്നത തല ഗൂഢാലോചനയുണ്ടെന്നാണ് നിഗമനം.
ഷാനിനു നേരെ ആക്രമണമുണ്ടായി രണ്ടു മണിക്കൂറിനുള്ളിൽ തന്നെ രഞ്ജീത് ശ്രീനിവാസിന്റെ വീടിനു പരിസരത്തു ചിലർ നിരീക്ഷണത്തിനെത്തി. അവരാണ് ആക്രമണത്തിനുള്ള ഒരുക്കങ്ങൾ നടത്തിയതെന്നു പൊലീസ് കരുതുന്നു. ആക്രമണത്തിൽ രഞ്ജീതിന്റെ തലയോട്ടി പൊട്ടി തലച്ചോറിനു ക്ഷതമേറ്റിട്ടുണ്ടെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരം. നെഞ്ചിലേറ്റ കുത്തിലൂടെ കരളിനും മുറിവേറ്റു.
മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ആലപ്പുഴ ബാർ അസോസിയേഷനിലും വീട്ടിലും പൊതുദർശനത്തിനു വച്ചു. അന്വേഷണച്ചുമതല ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ക്രൈംബ്രാഞ്ചിലെയും വിവിധ സ്റ്റേഷനുകളിലെയും ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി വിപുലമായ അന്വേഷണ സംഘം രൂപീകരിച്ചു.
മറുനാടന് മലയാളി ബ്യൂറോ