- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജയ് ശ്രീറാം ആരോപണത്തിന് പിന്നിൽ വർഗ്ഗീയ മുതലെടുപ്പ്; ആരോപണം തെളിയിച്ചാൽ രാജിവയ്ക്കാമെന്ന എഡിജിപിയുടെ വാക്കുകളിലുള്ളത് ശക്തമായ നടപടിയുടെ തീരുമാനം. രണ്ട് കൊലപാതകങ്ങളിലും ഉന്നത ഗൂഢാലോചനയും സംശയത്തിൽ; ഷാനിനേയും രൺജിത്തിനേയും കൊന്നവരെ തേടി പൊലീസ്
ആലപ്പുഴ: ആലപ്പുഴയിലെ സംഭവങ്ങളുടെ പേരിൽ എസ്.ഡി.പി.ഐ. പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത പൊലീസ്, പ്രവർത്തകരെക്കൊണ്ട് ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ട് മർദിച്ചതായി എസ്.ഡി.പി.ഐ. സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മായിൽ ആരോപണത്തിന് പിന്നിലെ ഗൂഡോലാചനയും പൊലീസ് അന്വേഷിക്കും. ഇതിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റ് മാർച്ച് സംഘടന നടത്തിയിരുന്നു. അതിനിടെ കസ്റ്റഡിയിലുള്ള എസ്.ഡി.പി.ഐ. പ്രവർത്തകരെക്കൊണ്ട് ജയ് ശ്രീറാം വിളിപ്പിച്ചെന്ന ആരോപണം തെളിയിച്ചാൽ രാജിവെക്കാൻ തയ്യാറെന്ന് എ.ഡി.ജി.പി. വിജയ് സാഖറെ അറിയിച്ചു.
ആലപ്പുഴയിലെ ബിജെപി.നേതാവ് രൺജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തിനു പിന്നിൽ പ്രവർത്തിച്ചവർ എസ്.ഡി.പി.ഐ. പ്രവർത്തകരാണ്. ആലപ്പുഴയിലെ കൊലപാതകങ്ങൾക്കു പിന്നിൽ ഉന്നതതല ഗൂഢാലോചന നടന്നിട്ടുണ്ട്. നിലവിൽ അറസ്റ്റിലായവർ കൃത്യത്തിൽ നേരിട്ടു പങ്കുള്ളവരല്ല. പിടിയിലായവർ കൊലപാതകികളെ സഹായിച്ചവരാണ്. അന്വേഷണത്തിന്റെ ഭാഗമായി സംസ്ഥാനവ്യാപകമായി റെയ്ഡ് നടക്കുന്നുണ്ട്. രണ്ടുകേസുകളിലും കൃത്യം നിർവഹിച്ചവർ പിടിയിലായിട്ടില്ല. കൂടുതൽ അറസ്റ്റുണ്ടായേക്കുമെന്നും അദ്ദേഹം പറഞ്ഞു.
യുവാവിനെ മർദിച്ച പൊലീസുകാരെ സർവീസിൽനിന്നു പുറത്താക്കുക, കെ.എസ്.ഷാന്റെ കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകൻ വൽസൻ തില്ലങ്കേരിയെ അറസ്റ്റുചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സെക്രട്ടേറിയറ്റിലേക്ക് മാർച്ചും ധർണയും എസ് ഡി പി ഐ നടത്തിയത്. ആലപ്പുഴയിൽ ജനപ്രതിനിധികളുൾപ്പെടെയുള്ളവരെ പൊലീസ് അന്യായമായി കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. ജില്ലാ ജനറൽ സെക്രട്ടറി സാലിമിനെ നാലു ദിവസമായി പൊലീസ് കസ്റ്റഡിയിൽ വെച്ചിരിക്കുന്നുവെന്നും പാർട്ടി ആരോപിച്ചു. ഇതൊക്കെയാണ് പൊലീസ് നിഷേധിക്കുന്നത്. ജയ് ശ്രീറാം വിളിയിലെ ആരോപണം വർഗ്ഗീയ മുതലെടുപ്പിനാണെന്നാണ് പൊലീസ് വിലയിരുത്തൽ.
എസ്ഡിപിഐ നേതാവ് കെ.എസ്.ഷാനിന്റെയും ബിജെപി നേതാവ് രൺജീത് ശ്രീനിവാസിന്റെയും കൊലപാതകത്തിനു പിന്നിൽ ഉന്നതതല ഗൂഢാലോചനയുണ്ടെന്ന് എഡിജിപി വിജയ് സാഖറെ. അതിനു വ്യക്തമായ തെളിവു കിട്ടിയിട്ടുണ്ട്. എന്നാൽ, കൂടുതൽ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാവില്ലെന്നും എഡിജിപി പറഞ്ഞു. രൺജീത് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ 5 എസ്ഡിപിഐ പ്രവർത്തകരെ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി1 റിമാൻഡ് ചെയ്തു. തെളിവു നശിപ്പിക്കൽ, ഗൂഢാലോചന എന്നിവയാണ് ഇവരുടെ പേരിൽ ചുമത്തിയ കുറ്റങ്ങൾ. എസ്ഡിപിഐ നേതാവ് കെ.എസ്.ഷാനെ കൊലപ്പെടുത്തിയ കേസിൽ നേരത്തെ റിമാൻഡിലായ 2 ആർഎസ്എസ് പ്രവർത്തകരെ കോടതി ഇന്നലെ 3 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. രണ്ടു സംഭവത്തിലും ഇന്നലെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
രൺജീതിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവർ സംഭവത്തിൽ നേരിട്ടു പങ്കെടുത്തവരല്ലെന്ന് എഡിജിപി വ്യക്തമാക്കി. ഇവർക്കു പുറമെ കൂടുതൽ എസ്ഡിപിഐ പ്രവർത്തകർ കസ്റ്റഡിയിലുണ്ട്. ഇവർ കൊലപാതകികളെ സഹായിച്ചവരാണ്. ഇന്നലെ റിമാൻഡിലായവർ: മണ്ണഞ്ചേരി അമ്പനാകുളങ്ങര തുരുത്തിയിൽ ഗാർഡൻസിൽ അർഷാദ് നവാസ് (22), അമ്പനാകുളങ്ങര മച്ചനാട് കോളനിയിൽ അലി അഹമ്മദ് (18), അമ്പനാകുളങ്ങര പരപ്പിൽ ആസിഫ് സുധീർ (അച്ചു19), അമ്പനാകുളങ്ങര മച്ചനാട് കോളനിയിൽ നിഷാദ് (36), മണ്ണഞ്ചേരി അടിവാരം സെബിൽ മൻസിലിൽ സുധീർ (34). 3 ദിവസത്തേക്ക് കോടതി കസ്റ്റഡിയിൽ വിട്ടവർ: മണ്ണഞ്ചേരി പൊന്നാട് കാവച്ചിറ ബി.രാജേന്ദ്രപ്രസാദ് (പ്രസാദ്39), മാരാരിക്കുളം തെക്ക് കാട്ടൂർ കുളമാക്കിവെളി ജി.രതീഷ് (കുട്ടൻ31).
കെ.എസ്.ഷാൻ വധക്കേസുമായി ബന്ധപ്പെട്ട് ആംബുലൻസ് ഡ്രൈവറെ അറസ്റ്റ് ചെയ്തതായി വിവരം. ആംബുലൻസ് ഡ്രൈവർ അഖിൽ ആണ് പിടിയിലായത്. അറസ്റ്റ് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ചോദ്യംചെയ്യാൻ കസ്റ്റഡിയിലെടുത്തതായാണ് പറയുന്നത്. അഖിലിനൊപ്പം മറ്റു രണ്ടുപേരെയും ചേർത്തലയിൽനിന്നു കസ്റ്റഡിയിലെടുത്തിരുന്നു. അനിൽ, ഷാജി എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
മറുനാടന് മലയാളി ബ്യൂറോ