ആലപ്പുഴ: എസ്.ഡി.പി.ഐ. നേതാവ് ഷാനിന്റെ കൊലപാതകത്തിൽ നേരിട്ടുപങ്കെടുത്തവർ ഉടൻ അറസ്റ്റിലാകും. പ്രധാന പ്രതികൾ നാലുപേരെന്നു പ്രത്യേക അന്വേഷണസംഘം കണ്ടെത്തി. ഉന്നത രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നാണ് വിലയിരുത്തൽ. അതുകൊണ്ടു തന്നെ പ്രതികളുടെ വെളിപ്പെടുത്തലും കേസിൽ നിർണ്ണായകമാകും.

ഷാനിനെ കൊല്ലാൻ എത്തിയ കാറിൽ ആറുപേർ ഉണ്ടായിരുന്നെങ്കിലും നാലുപേരാണ് കൃത്യം നിർവഹിച്ചത്. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കൊലപാതകസംഘത്തിനു സഹായം നൽകിയ രണ്ടുപേരെ ആദ്യം അറസ്റ്റ് ചെയ്തിരുന്നു. ഇവരെ മൂന്നുദിവസത്തേക്കാണ് പൊലീസിനു കസ്റ്റഡിയിൽ ലഭിച്ചത്. ഇവരിൽ നിന്നും നിർണ്ണായക വിവരങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്. രാഷ്ട്രീയ പകയാണ് കൊലയ്ക്ക് കാരണമെന്നും ഉറപ്പിച്ചു.

ബുധനാഴ്ച രാത്രി അറസ്റ്റിലായ ഡ്രൈവർ അഖിൽ സേവാഭാരതിയുടെ ആംബുലൻസിൽ കൊലപാതകികളെ രക്ഷപ്പെടുത്തുകയായിരുന്നുവെന്ന് അന്വേഷണസംഘം അറിയിച്ചു. കണിച്ചുകുളങ്ങര വരെ സംഘം കാറിൽ എത്തി. ഇവിടെവെച്ച് കാർ ഉപേക്ഷിച്ച് ആംബുലൻസിൽ രക്ഷപ്പെട്ടു. അഖിലിനെ കസ്റ്റഡിയിൽ ലഭിച്ചാൽ മാത്രമേ കൂടുതൽ വിവരങ്ങൾ പൊലീസിനു ലഭിക്കുകയുള്ളൂ. കൃത്യത്തിൽ പങ്കെടുത്തവർ സംസ്ഥാനംവിട്ടെന്നു പ്രാഥമിക സൂചന ലഭിച്ചതിനാൽ ആ രീതിയിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

അറസ്റ്റിലായ പ്രതികളെ ആലപ്പുഴ തത്തംപള്ളിയിലെ ആർഎസ്എസ്. കാര്യാലയത്തിൽ എത്തിച്ചു തെളിവെടുത്തു. വൻ സുരക്ഷയിൽ വ്യാഴാഴ്ച ഉച്ചയോടെയാണ് പ്രതികളായ രാജേന്ദ്രപ്രസാദ്, കൊച്ചുകുട്ടനെന്ന രതീഷ് എന്നിവരെ കൊണ്ടുവന്നത്. ഇവർ ഒളിച്ചുകഴിഞ്ഞ കാര്യാലയത്തിലെ മുറികളിലായിരുന്നു പൊലീസ് പരിശോധന. ആർ എസ് എസാണ് കൊലയ്ക്ക് പിന്നിലെന്ന നിഗമനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

ആലപ്പുഴ തത്തപ്പള്ളിയിലെ ആർഎസ്എസ് ജില്ല കാര്യാലയത്തിൽനിന്നാണ് പ്രതികൾ പിടിയിലായത്. കൊലപാതക ഗൂഢാലോചന കാര്യാലയത്തിലാണോ നടന്നതെന്ന് വ്യക്തമല്ല. ഇവർ ഒളിച്ചുകഴിഞ്ഞുവെന്ന് കണ്ടെത്തിയ കാര്യാലയത്തിലെ മുറികളിൽ എത്തിച്ചായിരുന്നു തെളിവെടുപ്പ്. മറ്റ് മുറികളും പൊലീസ് പരിശോധിച്ചു. കർശന പൊലീസ് സുരക്ഷയിലാണ് പ്രതികളെ അവിടെ എത്തിച്ചത്.

ഷാനെ കൊലപ്പെടുത്തിയ സംഘം വന്ന കാർ കണിച്ചുകുളങ്ങരയിൽ ഉപേക്ഷിച്ചശേഷം അഖിൽ ഓടിച്ച സേവാഭാരതിയുടെ ആംബുലൻസിൽ രക്ഷപ്പെടുകയായിരുന്നു. ആംബുലൻസ് കസ്റ്റഡിയിൽ എടുത്തു. അതിനിടെ, ബിജെപി നേതാവ് രഞ്ജിത്ത് വധക്കേസിൽ റിമാൻഡിലായ അഞ്ച് എസ്.ഡി.പി.ഐ പ്രവർത്തകരെ വെള്ളിയാഴ്ച പൊലീസ് കസ്റ്റഡിയിൽ കിട്ടിയേക്കും. ഇരു കൊലപാതകത്തിലും നേരിട്ട് പങ്കെടുത്തവരെല്ലാം ഒളിവിലാണ്. 12 പേരാണ് ആറ് ബൈക്കിലെത്തി രഞ്ജിത്തിനെ കൊലപ്പെടുത്തിയത്.

അതിനിടെ, രാഷ്ട്രീയ കൊലപാതകങ്ങളിലെ പ്രതികൾ കേരളത്തിന് പുറത്തേക്ക് കടന്നതായി അന്വേഷണത്തിന് നേതൃത്വം നൽകുന്ന എ.ഡി.ജി.പി വിജയ് സാഖറെ അറിയിച്ചു. രണ്ടു കൊലപാതകങ്ങളിലെയും പ്രതികൾ എല്ലാവരെയും തിരിച്ചറിഞ്ഞു കഴിഞ്ഞെന്നും സംസ്ഥാനം വിട്ട പ്രതികളെ പിടികൂടാൻ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകത്തിന് സംസ്ഥാനത്തിന് പുറത്തുനിന്നുള്ള സഹായം ലഭിച്ചിട്ടുണ്ട്. അന്വേഷണ സംഘത്തെ സംസ്ഥാനത്തിന് പുറത്തേക്ക് അയച്ചിട്ടുണ്ട്. സംസ്ഥാനതല നേതാക്കൾക്കും ഗൂഢാലോചനയിൽ പങ്കുണ്ടായേക്കാം. അത് പരിശോധിക്കുന്നുവെന്നും എ.ഡി.ജി.പി അറിയിച്ചു.