- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതുലിനെ പിടികൂടിയത് നിർണ്ണായകമായി; കൊല നടത്താൻ ഉപയോഗിച്ച വാളുകൾ കണ്ടെടുത്തത് നിർണ്ണായക തെളിവ്; ഷാനെ കൊന്നവർ അടക്കം അഞ്ചു പേർ കുടുങ്ങിയത് അന്വേഷണ കരുതലിൽ; രഞ്ജിത് ശ്രീനിവാസനെ വകവരുത്തിയവർ കർണ്ണാകയിൽ എന്നും സൂചന
ആലപ്പുഴ: എസ്ഡിപിഐ നേതാവ് കെ.എസ്. ഷാനെ കൊലപ്പെടുത്തിയ കേസിൽ നിർണായക തെളിവുകൾ ലഭിച്ചുവെന്ന് പൊലീസ്. പ്രതികൾ കൊല നടത്താൻ ഉപയോഗിച്ചതെന്ന് കരുതുന്ന വാളുകൾ കണ്ടെടുത്തു. കൃത്യത്തിൽ പങ്കെടുത്തവരടക്കം ആർഎസ്എസ് പ്രവർത്തകരായ അഞ്ചു പേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.
ഇവരിൽ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള പരിശോധനയിലാണ് വാളുകൾ കണ്ടെടുത്തത്. പുല്ലംകുളത്തിന് സമീപം ഒരു കുറ്റിക്കാട്ടിൽ നിന്നാണ് വാളുകൾ കണ്ടെടുത്തതെന്നാണ് സൂചന. കഴിഞ്ഞ ശനിയാഴ്ച രാത്രി ഏഴരയോടെയാണ് എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ ഒരു സംഘം വെട്ടിയത്. ഗുരുതരമായി പരിക്കേറ്റ ഷാൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽവെച്ച് മരിക്കുകയായിരുന്നു. അതുൽ, ജിഷ്ണു, അഭിമന്യു, സാനന്ത്, വിഷ്ണു എന്നിവരാണ് പിടിയിലായത്. കേസിലെ മറ്റ് പ്രതികളെ ഉടൻ പിടികൂടാനാകുമെന്ന ആത്മവിശ്വാസത്തിലാണ് അന്വേഷണസംഘം.
ഷാന്റെ മരണത്തിന് മണിക്കൂറുകൾക്കകം ആലപ്പുഴയിലെ ബിജെപി. നേതാവ് രഞ്ജിത്ത് ശ്രീനിവാസും കൊല്ലപ്പെട്ടു. ഞായർ പുലർച്ച ആറരയോടെ ഒരു സംഘം വീട്ടിൽക്കയറി അദ്ദേഹത്തെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അതേസമയം, രഞ്ജിത്തിന്റെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ആരെയും ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല. എല്ലാവരും സംസ്ഥാനം വിട്ടുവെന്നാണ് പൊലീസ് പറയുന്നത്. കർണ്ണാടകമാണ് ഇവരുടെ ഒളിത്താവളം എന്നാണ് സൂചന. ഷാൻ കേസിൽ അന്വേഷണം അന്തിമ ഘട്ടത്തിലാണ്. ഇപ്പോഴത്തെ അറസ്റ്റ് നിർണ്ണായകമാണ്.
കോമളപുരം വില്ലേജിൽ മണ്ണഞ്ചേരി പഞ്ചായത്ത് 14 വാർഡിൽ നോർത്ത് ആര്യാട് പി.ഒ യിൽ ഒറ്റകണ്ടത്തിൽ വീട്ടിൽ അതുൽ ഒ എസ് (27), കോമളപുരം വില്ലേജിൽ, ആര്യാട് പഞ്ചായത്ത് 3 വാർഡിൽ അവലൂകുന്ന് തൈവെളി വീട്ടിൽ കെ വിഷ്ണു (28), കോമളപുരം വില്ലേജിൽ, ആര്യാട് പഞ്ചായത്ത് 3ാം വാർഡിൽ സൗത്ത് ആര്യാട് കിഴക്കേവേലിയകത്ത് വീട്ടിൽ ഡി ധനേഷ് (25), പാതിരപ്പള്ളി വില്ലേജിൽ, മാരാരിക്കുളം തെക്ക് പഞ്ചായത്ത് 7 വാർഡിൽ, കാട്ടൂർ പിഒയിൽ കാടുവെട്ടിയിൽ വീട്ടിൽ കെ യു അഭിമന്യൂ (27) മണ്ണഞ്ചേരി പഞ്ചായത്ത് 2ാം വാർഡിൽ പൊന്നാട് കുന്നുമ്മേൽ വെളി വീട്ടിൽ കെ യു സനദ് (36) എന്നിവരേയാണ് ഷാൻ കേസിൽ റിമാന്റ് ചെയ്തത്.
ഇവർ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണെന്നാണ് പൊലീസ് പറയുന്നത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത മണ്ണഞ്ചേരി സ്വദേശി അതുൽ പിടിയിലായതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കൊലപാതകത്തിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നേരത്തെ മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു.
മറുനാടന് മലയാളി ബ്യൂറോ