- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലുവയിലെ ആർ എസ് എസ് ജില്ലാ പ്രചരാക് അറസ്റ്റിലായത് നിർണ്ണായകമാകും; ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തി അഴിക്കുള്ളിലാക്കിയത് മലപ്പറത്തുകാരൻ അനീഷിനെ; ആലപ്പുഴയിലെ ജില്ലാ പ്രചാരക് ഒളിവിൽ; ഗൂഢാലോചന അന്വേഷണ പരിധിയിൽ സംസ്ഥാന നേതാക്കളും; ഷാൻ കൊലക്കേസിൽ അതിവേഗ നടപടികൾ; രഞ്ജിത്തിനെ കൊന്നവർക്കായി തെരച്ചിലും
ആലപ്പുഴ: എസ്.ഡി.പി.ഐ. നേതാവ് കെ.എസ്. ഷാനിന്റെ കൊലപാതകത്തിൽ ആർ.എസ്.എസ്. ജില്ലാ പ്രചാരക് അറസ്റ്റിൽ. മലപ്പുറം സ്വദേശി അനീഷാണ് അറസ്റ്റിലായത്. രണ്ട് ദിവസം മുമ്പ് തന്നെ ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ഫെബ്രുവരിയിൽ വയലാറിൽ ആർ.എസ്.എസ് പ്രവർത്തകൻ നന്ദുകൃഷ്ണയെ കൊലപ്പെടുത്തിയതിന്റെ പ്രതികാരമായാണ് ഷാനെ വധിച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിനായി മാസങ്ങളുടെ ഗൂഢാലോചനയും നടന്നു.
ഷാനിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയ ആർ.എസ്.എസ്. നേതാക്കൾക്ക് ആലുവ കാര്യാലയത്തിൽ ഒളിത്താവളം ഒരുക്കി എന്നാണ് ഇയാൾക്കെതിരെയുള്ള കുറ്റം. ഇതോടെ ഷാൻ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 15 ആയിട്ടുണ്ട്. ഇപ്പോൾ കേസുമായി ബന്ധപ്പെട്ട് 16 പേരെയാണ് പൊലീസ് പ്രതി ചേർത്തിട്ടുള്ളത്. മലപ്പുറം പൊന്നാനി കാലടി പഞ്ചായത്ത് 13ാംവാർഡിൽ കുറുങ്ങാടത്ത് കെ.വി. അനീഷിനെയാണ് (39) ആലപ്പുഴ ജില്ല ക്രൈം ബ്രാഞ്ച് ഡിവൈ.എസ്‌പി കെ.വി. ബെന്നിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
അന്വേഷണ സംഘം വിളിച്ചുവരുത്തിയശേഷം ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഗൂഢാലോചനയുമായി ബന്ധപ്പെട്ട് കൂടുതൽപേർ പിടിയിലാകുമെന്ന സൂചനയും പൊലീസ് നൽകുന്നുണ്ട്. ഷാൻ, രഞ്ജിത്ത് വധവുമായി ബന്ധപ്പെട്ട അന്വേഷണം ഉന്നതരിലേക്കും നീങ്ങുന്നുണ്ട്. കണ്ണൂരിൽനിന്നുള്ള ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരി ജില്ലയിലെത്തിയ അതേദിവസമാണ് ഷാന്റെ കൊലപാതകം നടന്നുവെന്നതടക്കമുള്ള കാര്യവും പൊലീസ് പരിശോധിക്കും. അറസ്റ്റിലായ ആർ.എസ്.എസ് ജില്ല പ്രചാരകിൽനിന്ന് കൂടുതൽ വിവരങ്ങൾ കിട്ടുമെന്ന പ്രതീക്ഷയുണ്ട്.
ഷാൻ വധക്കേസിൽ ആദ്യം അറസ്റ്റിലായ രാജേന്ദ്രപ്രസാദും രതീഷും ആർ.എസ്.എസ് കാര്യാലയത്തിൽ ജില്ല പ്രചാരകിന്റെ മുറിയിൽ നടന്ന ഗൂഢാലോചനയിൽ പങ്കെടുത്തുവെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഉന്നത ആർ.എസ്.എസ് നേതാക്കൾ അറിഞ്ഞുള്ള ആസൂത്രണത്തിന് നേതൃത്വം നൽകിയത് ആലപ്പുഴ ജില്ല പ്രചാരക് ശ്രീനാഥാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കരുനാഗപ്പള്ളിയിലെ ഒരു കൊലക്കേസിൽ പ്രതിയും കൊല്ലം സ്വദേശിയുമായ ഇയാൾ ഒളിവിലാണ്. ആലപ്പുഴ തൊണ്ടംകുളങ്ങരയിലെ ആർ.എസ്.എസ് കാര്യാലയത്തിലെ ശ്രീനാഥിന്റെ മുറിയിലാണ് ഗൂഢാലോചന നടന്നതും പദ്ധതി അന്തിമമായി രൂപപ്പെടുത്തി കൊലപാതകം നടത്തിയതും.
കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരെ കണ്ടെത്തുന്നതിനൊപ്പം രാഷ്ട്രീയ കൊലപാതകത്തിന്റെ ഗൂഢാലോചനയിലും ആസൂത്രണത്തിലും പങ്കാളികളായവരേയും കണ്ടെത്താനാണ് നീക്കം. കൃത്യത്തിൽ പങ്കെടുത്തവരും ഇവർക്ക് സഹായം നൽകിയവരെയും പിടികൂടാൻ പഴുതടച്ച അന്വേഷണമാണ് നടത്തുന്നത്. ഡിസംബർ 18ന് രാത്രി 7.30ന് മണ്ണഞ്ചേരി-പൊന്നാട് റോഡിൽ കുപ്പേഴം ജങ്ഷനിലാണ് വീട്ടിലേക്ക് സ്‌കൂട്ടറിൽ പോവുകയായിരുന്ന എസ്.ഡി.പി.ഐ നേതാവ് അഡ്വ. കെ.എസ്. ഷാനെ (38) പിന്നിൽനിന്നെത്തിയ കാർ ഇടിച്ചുവീഴ്‌ത്തിയശേഷം അഞ്ചംഗസംഘം വെട്ടിക്കൊലപ്പെടുത്തിയത്.
രണ്ട് മാസം മുമ്പ് തന്നെ കൊലപാതകം ആസൂത്രണം ചെയ്തിരുന്നു. വയലാറിൽ ആർ.എസ്.എസ് പ്രവർത്തകൻ നന്ദുകൃഷ്ണ (22) കൊല്ലപ്പെട്ടതിന്റെ പ്രതികാരമായാണ് ഷാനെ കൊലപ്പെടുത്തിയതെന്നും കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ആർ.എസ്.എസ് ജില്ല നേതാക്കളുടെ സാന്നിധ്യത്തിൽ ഈമാസം 15നാണ് ഏറ്റവുമൊടുവിൽ ഗൂഢാലോചന നടത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. 18ന് രാത്രിയാണ് ഷാനിനെ കാറിലെത്തിയ അഞ്ചംഗസംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെ മണിക്കൂറുകളുടെ വ്യത്യാസത്തിൽ വീട്ടിലേക്ക് ഇരച്ചുകയറിയ അക്രമിസംഘം ബിജെപി ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത് ശ്രീനിവാസനെയും വെട്ടിക്കൊന്നിരുന്നു. രഞ്ജിത്തുകൊലക്കേസിൽ നേരിട്ട് പങ്കെടുത്ത പ്രതികളെ പൊലീസ് ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല. ഇവർ സംസ്ഥാനം വിട്ടെന്ന് പൊലീസ് പറയുന്നു.
അക്രമിസംഘത്തെ സജ്ജമാക്കിയത് ശ്രീനാഥിന്റെ നേതൃത്വത്തിൽ രാജേന്ദ്രപ്രസാദും കൊച്ചുകുട്ടനെന്ന രതീഷും ചേർന്നാണ്. ഷാനിനെ വെട്ടിയശേഷം ചേർത്തല അരീപ്പറമ്പ് പുല്ലംകുളത്തിന് സമീപമാണ് സംഘം ആദ്യമെത്തിയത്. ഇവിടെ വിജനപ്രദേശത്ത് അഞ്ച് വടിവാൾ ഉപേക്ഷിക്കുകയും അക്രമിസംഘത്തിലെ നാലുപേർ ഇവിടെ ഇറങ്ങുകയും ചെയ്തു.
കൊലപാതകത്തിന് ഉപയോഗിച്ച കാർ ഓടിച്ചിരുന്ന വിഷ്ണു കണിച്ചുകുളങ്ങര ക്ഷേത്രത്തിന് വടക്ക് അന്നപുരയിൽ വാഹനം ഉപേക്ഷിച്ചു. ഇവിടെനിന്ന് വിഷ്ണു ഒഴികെ പ്രതികളെ സേവാഭാരതിയുടെ ആംബുലൻസിൽ ഇപ്പോൾ റിമാൻഡിലുള്ള പ്രതി അഖിൽ ചേർത്തലയിലെ ആർ.എസ്.എസ് കാര്യാലയത്തിലെത്തിച്ചു. വിഷ്ണു മറ്റൊരു ബൈക്കിലുമെത്തി. പിന്നീടാണ് പലഭാഗത്തായി ഒളിവിൽ പോയത്.
മറുനാടന് മലയാളി ബ്യൂറോ