- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംവിധായകൻ ഷാനവാസ് നരണിപ്പുഴ അന്തരിച്ചുവെന്ന വാർത്തകൾ ശരിയല്ലെന്ന് സിനിമാ പ്രവർത്തകർ; ഹൃദയാഘാതത്തെ തുടർന്ന് അത്യാസന്ന നിലയിലുള്ള ഇദ്ദേഹത്തെ കോയമ്പത്തൂരിൽ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെത്തിച്ചു; 'സൂഫിയും സുജാതയും' എന്ന ചിത്രമെടുത്ത യുവ പ്രതിഭയുടെ തിരിച്ചുവരവിനായി പ്രാർത്ഥനയോടെ സിനിമാ ലോകം
കൊച്ചി: സൂഫിയും സുജാതയും എന്ന ചിത്രമെടുത്ത യുവ സസംവിധായകൻ ഷാനവാസ് നരണിപ്പുഴ അന്തരിച്ചു എന്ന രീതിയിൽ വന്ന വാർത്ത ശരിയല്ലെന്ന് സിനിമാ പ്രവർത്തകർ. ഹൃദയാഘാതത്തെ തുടർന്ന് അത്യാസന്ന നിലയിലുള്ള അദ്ദേഹത്തെ കോയമ്പത്തൂരിൽ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. കഴിഞ്ഞ 18ന് പാലക്കാട് അട്ടപ്പാടിയിൽ വച്ച് ഹൃദയാഘാതമുണ്ടായതിനെ തുടർന്നാണ് കോയമ്പത്തൂരിൽ കെ.ജി. ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നില ഗുരുതരമായതോടെയാണ് കൊച്ചിയിൽ ആസ്റ്റർ മെഡിസിറ്റിയിൽ വിദഗ്ധ ചികിത്സ നൽകുന്നതിന് ബന്ധുക്കളും സുഹൃത്തുക്കളും തീരുമാനിക്കുകയായിരുന്നു. ഡോക്ടർ ബോബി വർക്കിയാണ് ചികിത്സിക്കുക.
കോയമ്പത്തൂർ പാലക്കാട് മണ്ണുത്തി വഴി ഏറ്റവും കുറഞ്ഞ സമയം കൊണ്ടാണ് ഷാനവാസിനെ കൊച്ചിയിലെത്തിച്ചിരിക്കുന്നത്. ക്രിസ്മസ് ആഘോഷത്തിന്റെ പശ്ചാത്തലത്തിൽ ബാംഗ്ലൂർ ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ നിന്ന് നാട്ടിലേയ്ക്ക് ആളുകൾ വരുന്നതിനാൽ റോഡിൽ കനത്ത തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. തുടർന്ന് എത്രയും പെട്ടെന്ന് ഷാനവാസിനെ കൊച്ചിയിലെത്തിക്കാൻ പൊതുജനങ്ങളുടെയും പൊലീസിന്റെയും സേവനം തേടിയിരുന്നു. പല സ്ഥലങ്ങളിലും പൊലീസിനെ വിന്യസിപ്പിച്ചാണ് തിരക്ക് ഒഴിവാക്കി ആംബുലൻസിന് വഴിയൊരുക്കിയത്.
വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കോയമ്പത്തൂരിലെ ആശുപത്രിയിൽ ഷാനവാസിന്റെ ജീവൻ നിലനിർത്തിയിരുന്നത്. ഷാനവാസ് ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവരാനാകുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കൾ അദ്ദേഹത്തെ കൊച്ചിയിലെ ആശുപത്രിയിലേയ്ക്ക് കൊണ്ടുവന്നിരിക്കുന്നത്.പുതിയ സിനിമയുടെ എഴുത്തുമായി ബന്ധപ്പെട്ട് അട്ടപ്പാടിയിലായിരുന്നു ഷാനവാസ് നരണിപ്പുഴ. ഹൃദയാഘാതമുണ്ടായ ഷാനവാസിനെ സുഹൃത്തുക്കളാണ് ആശുപത്രിയിൽ എത്തിച്ചത്.
ആശുപത്രിയിൽ എത്തിക്കുന്ന വഴി രക്തസ്രാവമുണ്ടായി. എഡിറ്ററായി സിനിമ രംഗത്ത് എത്തിയ സംവിധായകനാണ് ഷാനവാസ്. അതീവ ഗുരുതരാവസ്ഥയിലാണ്. 72 മണിക്കൂർ നിരീക്ഷണം വേണമെന്നാണ് ഡോക്ടർമാർ പറഞ്ഞിട്ടുള്ളത്. മറ്റ് എന്തെങ്കിലും അസുഖമുണ്ടോയെന്ന കാര്യം വ്യക്തമല്ല. പുതിയ സിനിമയുടെ എഴുത്തിനിടെയാണ് ഹൃദയാഘാതമുണ്ടായത്. അദ്ദേഹം അന്തരിച്ചു എന്ന വാർത്ത ശരിയല്ലെന്ന് പറഞ്ഞ് നടനും നിർമ്മാതാവുമായ വിജയ്ബാബു അടക്കമുള്ളവർ പ്രതികിരിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ