- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗന്ധർവ്വനെ പ്രണയിച്ച് യാത്രയായ പത്മരാജനെ ഓർമ്മിപ്പിച്ച് സൂഫിയെ മനസ്സിലേറ്റിയ ഷാനവാസിന്റെ മടക്കവും; കുട്ടിക്കാലം മുതൽ നെഞ്ചിൽ കൊണ്ടു നടന്ന സിനിമ പ്രശസ്തി എത്തിച്ചെങ്കിലും നരണിപ്പുഴയുടെ ചലച്ചിത്രകാരന് വിധിയൊരുക്കിയത് കാലം തെറ്റിയുള്ള മരണം; സൂഫിയും സുജാതയും സമ്മാനിച്ച ഷാനവാസ് നരണിപ്പുഴ ഓർമ്മയാകുമ്പോൾ
എടപ്പാൾ: ഞാൻ ഗന്ധർവ്വൻ കൊണ്ടു പോയതാണ് പത്മരാജനെ എന്ന് കരുതുന്ന മലയാളികൾ ഏറെയാണ്. കഥയിലൂടെ സിനിമ പറഞ്ഞ പത്മരാജൻ. ഞാൻ ഗന്ധർവ്വൻ എന്ന സിനിമയെ അഗാധമായി പ്രണയിച്ച ചലച്ചിത്രകാരൻ. സൂഫിയും സൂജാതയും എടുക്കുമ്പോഴും പത്മരാജന് സമാനമായ അവസ്ഥകളിലൂടെ ഷാനവാസ് നരണിപ്പുഴയും കടന്നു പോയി. ഒടുവിൽ കോവിഡുകാലത്ത് ഒടിടി റിലീസ്. കാലാമൂല്യത്തിന് ചിത്രം കൈയടിയും നേടി. ആരും സഞ്ചരിക്കാത്ത വഴികളിലൂടെ നടന്നായിരുന്നു സൂഫിയും സുജാതയും ചിത്രീകരിച്ചത്. ഒടുവിൽ അദ്ഭുതങ്ങൾ കാണിച്ച് പാതിവഴിയിൽ നിലച്ച സൂഫി സംഗീതം പോലെ ഷാനവാസ് നരണിപ്പുഴയും യാത്രയായി.
സിനിമയിലെ സൂഫി വിടപറയുന്നതിന് സമാനമായ വിടവാങ്ങലാണ് ഷാനവാസിന്റെതും. മോഹങ്ങൾ ബാക്കിയാക്കിയുള്ള യാത്ര. ഒരു സിനിമയും നാല് ഹ്രസ്വചിത്രങ്ങളും നിർമ്മിച്ച ഷാനവാസ് നരണിപ്പുഴ ചലച്ചിത്രാസ്വാദകർക്കിടയിൽ ഏറെ ശ്രദ്ധേയനായത് മലയാളത്തിലെ ആദ്യ ഓൺലൈൻ ഓവർ ദ ടോപ്പ് (ഒ.ടി.ടി.) റിലീസിലൂടെയായിരുന്നു. 'സൂഫിയും സുജാതയും' എന്ന ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും ഷാനവാസായിരുന്നു നിർവഹിച്ചത്. അടങ്ങാത്ത സിനിമാമോഹം മനസ്സിൽ കൊണ്ടുനടന്ന ഷാനവാസിന്റെ സ്വപ്‌നായിരുന്നു ഈ ചിത്രം.
2015-ൽ സംവിധാനം ചെയ്ത 'കരി' സിനിമ ബോക്‌സോഫീസിൽ പരാജയപ്പെട്ടെങ്കിലും നിരൂപകർക്കിടയിൽ ഏറെ ചർച്ചചെയ്യപ്പെട്ടു. ചലച്ചിത്രോത്സവങ്ങളിൽ പുരസ്‌കാരങ്ങൾ നേടുകയും ചെയ്തു. മലപ്പുറം ജില്ലയിൽ പൊന്നാനി താലൂക്കിലെ നരണിപ്പുഴയിൽ സാധാരണ കുടുംബമായ നാലകത്ത് തറവാട്ടിൽ ബാപ്പുട്ടിയുടെയും നബീസയുടെയും മകന് കുട്ടിക്കാലം മുതൽ സിനിമ ഒരു അഭിനിവേശമായിരുന്നു.
പഠനത്തിനുശേഷം ചങ്ങരംകുളത്തെ പ്രാദേശികപത്രമായ ദേശധ്വനിയിൽ എഡിറ്ററായി ജോലിചെയ്തു. എടപ്പാളിൽ സിനിമാ എഡിറ്റിങ് പഠിപ്പിക്കുന്ന സ്ഥാപനം തുറന്നു. പിന്നീട് അതുനിർത്തി മുഴുവൻസമയ സിനിമാപ്രവർത്തനങ്ങളിലേക്ക് നീങ്ങി. പുതിയ തിരക്കഥയുടെ രചനയ്ക്കിടെ അട്ടപ്പാടിയിൽ വെച്ച് ഹൃദയാഘാതം അനുഭവപ്പെട്ട ഇദ്ദേഹത്തെ കോയമ്പത്തൂരിലെ കെ.ജി. ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ആ യാത്ര മരണത്തിലേക്കായിരുന്നു.
ആരോഗ്യനില അതിഗുരുതരാവസ്ഥയിലായതിനെത്തുടർന്ന് ബുധനാഴ്ച ഷാനവാസിനെ കോയമ്പത്തൂരിൽനിന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് അതിവേഗം എത്തിച്ചു. ബുധനാഴ്ച രാവിലെമുതൽ ഇദ്ദേഹം മരിച്ചതായി സാമൂഹികമാധ്യമങ്ങളിലടക്കം വാർത്തകൾ പരന്നിരുന്നു. രാത്രിയോടെ സ്ഥിരീകരണവും.
കുട്ടിക്കാലത്തെ സിനിമയെ പ്രണയിച്ച ഷാനവാസിന്റെ മനസ്സിലെ മോഹങ്ങൾ ഉറ്റ ചങ്ങാതിമാരല്ലാത്തവരൊന്നും അറിഞ്ഞിരുന്നില്ല. നാല് ഹ്രസ്വചിത്രങ്ങൾ സംവിധാനം ചെയ്തിറക്കുകയും അവ പല പ്രദർശനങ്ങളിലും അഭിനന്ദനങ്ങൾ നേടുകയും ചെയ്തതോടെ തന്റെ മേഖല ഇതാണെന്ന് ഷാനവാസ് ഉറപ്പിച്ചു. 2015-ൽ മലയാളിയുടെ ജാതീയത പ്രമേയമാക്കി ഒരുക്കിയ 'കരി' നിരൂപകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. പിന്നീടാണ് ജയസൂര്യ നായകനായെത്തിയ സൂഫിയും സുജാതയുമെന്ന മനോഹരമായ ചിത്രം തിരക്കഥയെഴുതി സംവിധാനംചെയ്തത്.
കോവിഡിന്റെ പ്രതിസന്ധികളെ തരണംചെയ്ത് മലയാളത്തിലാദ്യമായി ഒ.ടി.ടി. പ്ലാറ്റ് ഫോമിൽ റിലീസ് ചെയ്ത ഈ സിനിമ ആസ്വാദക ലോകമേറ്റുവാങ്ങിയതോടെയാണ് ഷാനവാസെന്ന സിനിമാ പ്രതിഭയെ ലോകമറിയുന്നത്. എടുത്ത രണ്ടു സിനിമയിലും മൂക്കുതല ഗ്രാമവും നിളയുമടക്കമുള്ള ഗ്രാമീണ പശ്ചാത്തലങ്ങൾക്ക് വലിയ പ്രാധാന്യമാണ് അദ്ദേഹം നൽകിയിരുന്നത്.
ഷബ്നയാണ് ഭാര്യ. മകൻ: ആദം. സഹോദരങ്ങൾ: മുഹമ്മദ് ഷരീഫ്, മുഹമ്മദ് റഷീദ്, ലൈല. ഖബറടക്കം വ്യാഴാഴ്ച നരണിപ്പുഴ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
മറുനാടന് മലയാളി ബ്യൂറോ