ബാങ്കോക്ക്: ഓസ്‌ട്രേലിയൻ സ്പിൻ ഇതിഹാസം ഷെയ്ൻ വോണിന്റെ മരണത്തിൽ അസ്വാഭാവികത ഒന്നുമില്ലെന്ന് തായ്ലൻഡ് പൊലീസ്. വോണിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. വോണിന്റെ മൃതദേഹം ഓസ്‌ട്രേലിയയിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അതിനു ശേഷമേ സംസ്‌കാര തീയതി തീരുമാനിക്കൂ.

അതേ സമയം വോണിന്റെ മൃതദേഹം വഹിക്കുന്ന ആംബുലൻസിൽ 'അജ്ഞാത'യായ ജർമൻ യുവതി ദുരൂഹമായി പ്രവേശിച്ചതിനെക്കുറിച്ച് തായ്ലൻഡ് പൊലീസ് അന്വേഷണം നടത്തുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ജർമൻ യുവതിയെ തായ്ലൻഡ് പൊലീസ് ചോദ്യം ചെയ്തു. വോണിന്റെ മൃതദേഹം കൊ സമുയി ദ്വീപിലെ ആശുപത്രിയിൽ നിന്നും സുറത് തനി നഗരത്തിലേക്കു കൊണ്ടുപോകുമ്പോഴാണ് ഈ ജർമൻ യുവതി ആംബുലൻസിൽ പ്രവേശിച്ചത്. സംഭവത്തിൽ സുരക്ഷാ വീഴ്ചയുണ്ടെന്നാണ് ആക്ഷേപം.

വോണിന്റെ മൃതദേഹം വഹിക്കുന്ന ആംബുലൻസ് ബോട്ടിൽ കയറ്റുന്നതിനായി നിർത്തിയിട്ടപ്പോഴായിരുന്നു സംഭവമെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പൂക്കളുമായി ഒരു തായ്ലൻഡ് യുവതിക്കൊപ്പമാണ് ജർമൻ യുവതി ആംബുലൻസിനരികെ എത്തിയത്. ആംബുലൻസിന് അടുത്തുണ്ടായിരുന്ന ഉദ്യോഗസ്ഥനുമായും ആംബുലൻസ് ഡ്രൈവറുമായും ഈ യുവതി സംസാരിക്കുന്നതിന്റെ വിഡിയോ പുറത്തായി. തുടർന്ന് ഇരുവരും ആംബുലൻസിനു പിന്നിലെത്തി ജർമൻ യുവതി മാത്രം ഉള്ളിൽ കടന്ന് വാതിൽ അടയ്ക്കുകയായിരുന്നു.

ഇവർ ഏതാണ്ട് 40 സെക്കൻഡോളം സമയം ആംബുലൻസിനുള്ളിലുണ്ടായിരുന്നു. ഷെയ്ൻ വോണിന്റെ മൃതദേഹം കൊണ്ടുപോകുന്നതിൽ സുരക്ഷാ വീഴ്ച സംഭവിച്ചെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് തായ്ലൻഡ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. അതേസമയം, ഷെയ്ൻ വോണിന്റെ സുഹൃത്താണെന്ന് അവകാശപ്പെട്ടാണ് യുവതി ആംബുലൻസിന് അരികെ എത്തിയതെന്നും പറയുന്നു. വോണിന്റെ മൃതദേഹം മാറ്റുന്ന സമയത്ത് തായ്ലൻഡ്, ഓസ്‌ട്രേലിയൻ അധികൃതർ എന്തുകൊണ്ട് സ്ഥലത്തെത്തിയില്ല എന്ന ചോദ്യവും ഉയരുന്നുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയോടെ തായ്ലൻഡിലുള്ള വില്ലയിൽ മരിച്ച നിലയിൽ കാണപ്പെട്ട വോണിന്റേത് സ്വാഭാവിക മരണമാണെന്നും തായ് പൊലീസ് വ്യക്തമാക്കി. വോണിന്റെ ശരീരത്തിലും മുറിയിലും രക്തത്തുള്ളികൾ കണ്ടെത്തിയതാണ് സംശയത്തിന് കാരണമായത്.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥർ കൂടി വിശദമായി പരിശോധിച്ചശേഷം മരണം സംബന്ധിച്ച അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്നും പൊലീസ് ലഫ്.ജനറൽ സുർചാതെ ഹാക്പാൺ പറഞ്ഞു. വോണിന്റെ മരണം സംബന്ധിച്ച എല്ലാ സാധ്യതകളും വിശദമായി പൊലീസ് പരിശോധിച്ചിരുന്നുവെന്നും അസ്വാഭാവികതകൾ ഒന്നും കണ്ടെത്താനായില്ലെന്നും ഹാക്പോൺ വ്യക്തമാക്കി

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ വിശദാംശങ്ങൾ വോണിന്റെ കുടുംബത്തിനും നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിലെ കണ്ടെത്തലുകൾ കുടുംബവും അംഗീകരിച്ചുവെന്നും വൈകാതെ വോണിന്റെ മൃതദേഹം ഓസ്‌ട്രേലിയൻ കൗൺസലർ ഓഫീസിലേക്കും അവിടെനിന്ന് ജന്മനാട്ടിലേക്കും കൊണ്ടുപോകുമെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ഷെയ്ൻ വോണിനെ(52) തായ്ലൻഡിലെ വില്ലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അവധി ആഘോഷിക്കാനും ചികിത്സക്കുമായാണാണ് വോൺ സുഹൃത്തുക്കൾക്കൊപ്പം തായ്ലൻഡിലെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നും പ്രാഥമിക പരിശോധനക്കുശേഷം ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു.

വോണിന്റെ മുറിയിൽ അസ്വാഭാവികമായി ഒന്നും കണ്ടില്ലെന്നും തൊട്ടടുത്ത മുറിയിൽ താമസിച്ചിരുന്ന താൻ ചെല്ലുമ്പോൾ വോൺ നിലത്ത് ബോധരഹിതനായി കിടക്കുകയായിരുന്നുവെന്നും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് ടോം ഹാൾ പറഞ്ഞു.

വോണിന് എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങളുള്ളതായി അറിയില്ലായിരുന്നുവെന്നും ചെറിയ നെഞ്ചുവേദനയും ശ്വാസതടസ്സവും ഉള്ളതായി അദ്ദേഹം സുഹൃത്തിനോട് പറഞ്ഞിരുന്നതായി അറിഞ്ഞുവെന്നും ഹാൾ വ്യക്തമാക്കി. വോണിന് ആസ്തമ സംബന്ധിച്ച പ്രശ്‌നങ്ങളുണ്ടായിരുന്നതായി കുടുംബവും അറിയിച്ചിരുന്നു.

രണ്ടോ മൂന്നോ ആഴ്ചക്ക് അകം ഓസ്‌ട്രേലിയയിൽ എത്തിക്കുന്ന വോണിന്റെ മൃതദേഹം മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ പൊതുദർശനത്തിന് വെച്ചശേഷമാകും സംസ്‌കാരം എന്നാണ് സൂചന. ടെസ്റ്റ് ക്രിക്കറ്റിൽ 708 വിക്കറ്റുകൾ വീഴ്‌ത്തിയിട്ടുള്ള വോൺ ടെസ്റ്റിലെ എക്കാലത്തെയും മികച്ച രണ്ടാമത്തെ ഉയർന്ന വിക്കറ്റ് വേട്ടക്കാരനാണ്.