സിഡ്‌നി: ടിവി ചാനലിന്റെ സാഹസിക റിയാലിറ്റി ഷോയ്ക്കിടെ ക്രിക്കറ്റ് ലോകത്തെ ഇതിഹാസ താരം ഷെയ്ൻ വോണിന് അനാക്കൊണ്ടയുടെ കടിയേറ്റു. കണ്ണാടിക്കൂട്ടിൽ മുഖം താഴ്‌ത്തി നിൽക്കവെയാണു 'കൗമാരക്കാരനായ' അനാക്കൊണ്ട വാണിനെ കടിച്ചു മുറിവേൽപ്പിച്ചത്.

ന്യൂയോർക്ക് ടെന്നിന്റെ 'ഐ ആം എ സെലിബ്രിറ്റി, ഗെറ്റ് മീ ഔട്ട് ഓഫ് ഹിയർ' എന്ന സാഹസിക റിയാലിറ്റി ഷോയ്ക്കിടയിലായിരുന്നു സംഭവം. വാണിന്റെ നെറ്റിയിലാണ് കടിയേറ്റത്.

ഇഴജന്തുക്കളെ നിറച്ച കണ്ണാടിക്കൂടുകളിലേക്ക് അല്പ നേരം മുഖം താഴ്‌ത്തിവച്ച് ധീരത തെളിയിക്കുന്ന റൗണ്ടിലാണ് അപകടമുണ്ടായത്. എലികളെ നിറച്ചതായിരുന്നു ആദ്യ കണ്ണാടിക്കൂട്. ഇത് വിജയകരമായി വാൺ പൂർത്തിയാക്കി. അനാക്കൊണ്ടകളെയും മറ്റ് ഇഴജന്തുക്കളെയും നിറച്ച രണ്ടാമത്തെ കൂട്ടിലേക്ക് മുഖം താഴ്‌ത്തിയപ്പോഴാണ് പെട്ടെന്ന് കുട്ടി അനാക്കോണ്ടയുടെ ആക്രമണമുണ്ടായത്.

സാരമുള്ള പരിക്കല്ലെന്നും ഉടൻ തന്നെ ചികിത്സ നൽകിയെന്നും പ്രോഗ്രാം പ്രൊഡ്യൂസർ സ്റ്റീഫൻ ടെയ്റ്റ് പറഞ്ഞു. കടിയേറ്റതിന്റെ ചെറിയ പാടുകൾ മുഖത്തുണ്ട്. ഇത് ഉടൻ മായുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ടെയ്റ്റ് പറഞ്ഞു. സംഭവത്തിനു ശേഷവും പരിപാടിയിൽ തുടരാൻ വാൺ സന്നദ്ധനായത് അദ്ദേഹം സാഹസികനായതുകൊണ്ടാണെന്നും ടെയ്റ്റ് പറഞ്ഞു.