ദുബായ്: ചെന്നൈ സൂപ്പർ കിങ്‌സിന്റെ സൂപ്പർ താരം ഷെയ്ൻ വാട്ട്സൺ വിരമിക്കൽ പ്രഖ്യാപിച്ചു. താൻ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കുന്നതായി താരം വ്യക്തമാക്കുക ആയിരുന്നു. നേരത്തെ അന്താരാഷ്ട്ര കരിയർ അവസാനിപ്പിച്ച 39-കാരനായ വാട്ട്സൺ വിവിധ ട്വന്റി 20 ലീഗുകളിൽ കളിച്ചുവരികയായിരുന്നു.

മൂന്നു വർഷത്തോളമായി ചെന്നൈ സൂപ്പർ കിങ്സ് ക്യാമ്പിൽ കളിച്ചു വരികയായിരുന്ന വാട്‌സൻ ഈ സീസണിൽ ടീം പ്ലേ ഓഫ് കാണാതെ പുറത്തായതിനു പിന്നാലെ തന്റെ വിരമിക്കൽ തീരുമാനം അറിയിക്കുക ആയിരുന്നു. ടീമിലെ സഹതാരങ്ങളോടാണ് വാട്ട്സൺ വിരമിക്കൽ തീരുമാനം അറിയിച്ചത്.

2018-ൽ ചെന്നൈ ടീമിലെത്തിയ വാട്ട്സൺ അവർക്കൊപ്പം കിരീടം സ്വന്തമാക്കി. 2018-ൽ ഹൈദാരാബാദിനെതിരായ ഫൈനലിൽ 57 പന്തിൽ നിന്ന് 117 റൺസെടുത്ത് താരമായതും വാട്ട്സൺ തന്നെയായിരുന്നു. 2019-ലും താരം മികച്ച പ്രകടനം തന്നെ പുറത്തെടുത്തു.

145 ഐ.പി.എൽ മത്സരങ്ങളിൽ നിന്ന് 3874 റൺസും 92 വിക്കറ്റുകളും നേടിയിട്ടുണ്ട്. നാലു സെഞ്ചുറിയും 21 അർധ സെഞ്ചുറിയും അദ്ദേഹം സ്വന്തമാക്കി.