തിരുവനന്തപുരം: മനോരമ ന്യൂസിലെ ശ്രദ്ധേയമായ വാർത്താധിഷ്ഠിത വിശകലന പരിപാടിയാണ് പറയാതെ വയ്യ. അതിന്റെ അവതാരകയായ മുതിർന്ന മാധ്യമപ്രവർത്തക ഷാനി പ്രഭാകർ തന്റെ ഒരു അനുഭവം പ്രസംഗവേദിയിൽ പങ്കുവച്ചതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് ഇപ്പോൾ. ബിജെപിക്കും മോദിക്കുമെതിരെ നിശിത വിമർശനവുമായി ഇറങ്ങിയ എപ്പിസോഡുകളെ ചോദ്യംചെയ്ത് വിരട്ടാൻ നോക്കിയ ചാനൽ നിയന്ത്രണ അഥോറിറ്റിക്ക് ഷാനി നൽകിയ മറുപടിക്ക് കയ്യടിയുമായി ആയിരങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രതികരണവുമായി എത്തുന്നത്.

തനിക്കുണ്ടായ അനുഭവം ഷാനി വിവരിക്കുന്നത് ഇങ്ങനെ:

ഇന്ത്യയിലെ മാധ്യമ പ്രവർത്തനം മാറിയിട്ടുണ്ട്. കേരളത്തിലെ മാധ്യമ പ്രവർത്തനത്തെക്കുറിച്ച് പറയാൻ കഴിയും. ഞാൻ ഈ പരിപാടിക്ക് വരുന്നതിന് മുമ്പ്, ഓഫീസിൽ നിന്ന് ഇറങ്ങുന്നതിന് മുമ്പ് എന്നെ നിർബന്ധിച്ച് ഒരു മറുപടി എഴുതിപ്പിച്ചു. അത് എം.ബി.എസ്.എ ടെലിവിഷൻ ചാനലുകളുടെ സ്വയം നിയന്ത്രിത അഥോറിറ്റി ആവശ്യപ്പെട്ട ഒരു വിശദീകരണത്തിനുള്ള ഒരു മറുപടിയാണ്.

ഒരാഴ്ചക്കുള്ളിൽ ഈ കുറിപ്പിന് മറുപടി നൽകിയില്ലെങ്കിൽ നിങ്ങളുടെ പ്രോഗ്രാമിനെതിരേയും നിങ്ങളുടെ ചാനലിനെതിരേയും ശിക്ഷാ നടപടികൾ സ്വീകരിക്കാൻ ഞങ്ങൾ നിർബന്ധിതരായി തീരും എന്ന് മനോരമ ന്യൂസ് ഡയറക്ടർക്ക് എം.ബി.എസ്.എയെ പ്രതിനിധീകരിച്ച് കിട്ടിയ കത്തിന് മറുപടി തന്നിട്ട് പോകണമെന്നായിരുന്നു ആവശ്യം. തിരിച്ച് വരുമ്പോൾ അതിന്റെ സമയം തീരും എന്ന് പറഞ്ഞപ്പോൾ അതിന് മറുപടി നൽകിയിട്ടാണ് വന്നത്.

പറയാതെ വയ്യ എന്ന ഒരു പ്രതിവാര പരിപാടി മനോരമ ന്യൂസിൽ കൈകാര്യം ചെയ്യുന്നത് ഞാനും എന്റെ എഡിറ്റോറിയൽ ടീമുമാണ്. ആ പ്രോഗ്രാമിൽ സ്വീകരിച്ച നിലപാടുകളെക്കുറിച്ച് നിങ്ങൾ കാരണം വ്യക്തമാക്കണമെന്നായിരുന്നു ആവശ്യം. അതിൽ പത്ത് ചോദ്യങ്ങളാണ് ഉള്ളത്.

അതിൽ ആദ്യത്തെ ചോദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്വേഷ രാഷ്ട്രീയം പ്രചരിപ്പിക്കുന്നു എന്ന അർഥത്തിൽ നിങ്ങൾ പറയാതെ വയ്യയുടെ ഒരു എപ്പിസോഡിൽ പറഞ്ഞിട്ടുണ്ട്. അതിനുള്ള തെളിവ് എന്താണ്...?

രണ്ട്-രാജ്യത്തിപ്പോൾ ആകെ വേരോടിക്കൊണ്ടിരിക്കുന്ന വിദ്വേഷരാഷ്ട്രീയത്തിന് കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇപ്പോൾ ഭരിക്കുന്ന ബിജെപിയുമാണ് എന്ന് പറഞ്ഞിട്ടുണ്ട് അതിനുള്ള തെളിവ് ഹാജരാക്കുക....

മൂന്ന്-ഗോവധ നിരോധനവുമായി ബന്ധപ്പെട്ട് അന്യമതക്കാർക്കെതിരെ വിദ്വേഷം നടക്കുന്നുണ്ട്, വിദ്വേഷങ്ങൾക്ക് കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപിയുടെ രാഷ്ട്രീയമാണെന്നും നിങ്ങൾ പറയാതെ വയ്യയിൽ പറഞ്ഞിട്ടുണ്ട്. അത് തെളിയിക്കുന്ന വസ്തുതകൾ ഹാജരാക്കുക.....

ഇതിന് നിങ്ങളാണെങ്കിൽ എന്ത് മറുപടി നൽകും. പ്രധാനമന്ത്രി സ്വീകരിക്കുന്ന, ഭരണകൂട രാഷ്ട്രീയം സ്വീകരിക്കുന്ന രാഷ്ട്രീയമാണ് രാജ്യത്ത് വിദ്വേഷം പ്രചരിപ്പിക്കുന്നത് എന്ന് ഞാൻ എന്റെ പരിപാടിയിൽ പറഞ്ഞാൽ, അതിന് ഞാൻ വസ്തുതാപരമായ തെളിവ് ഹാജരാക്കണം.... എന്ത് ഹാജരാക്കും.

എനിക്ക് വേണെമെങ്കിൽ പറയാം പ്രധാനമന്ത്രി ഇന്നസ്ഥലത്തുവച്ച് ഇങ്ങനെ ഒരു പരിപാടിയിൽ ഇന്ന പോലെ സംസാരിച്ചിട്ടുണ്ട്. ഇത് അതിനുള്ള തെളിവാണ് എന്നൊക്കെ. അടുത്ത ദിവസം അമിത് ഷാ ഇങ്ങനെ പറഞ്ഞിട്ടുണ്ട് അത് ഇതിനുള്ള തെളിവാണ് എന്നും പറയാം...

എന്നാൽ ഞങ്ങൾ മറുപടി നൽകിയത് അങ്ങനെയല്ല. പരിപാടിയിൽ പറഞ്ഞത് രാഷ്ട്രീയ പശ്ചാത്തലം വിലയിരുത്തി, വസ്തുതകൾ വിലയിരുത്തി, ഉള്ള അഭിപ്രായ പ്രകടനമാണ് എന്നാണ് മറുപടി നൽകിയത്. ഈ രാജ്യത്ത് അഭിപ്രായ പ്രകടനം നടത്താനും നിലപാടുകൾ എടുക്കാനും മാധ്യമപ്രവർത്തകർക്കും മാധ്യമങ്ങൾക്കും സ്വാതന്ത്രമുണ്ട്, അത് തന്നെയാണ് ചെയ്തത്. അതിന്റെ പൂർണ്ണ ഉത്തരവാദിത്വം ഞങ്ങൾ ഏറ്റെടുക്കുന്നു...മാത്രമല്ല ഇനിയും ഈ പ്രോഗ്രാമിൽ ഇത്തരത്തിലുള്ള നിലപാടുകൾ പറയുന്ന വരികൾ ഉണ്ടായേക്കാം... അതിനൊന്നും തെളിവുകൾ ഹാജരാക്കുക സാധ്യമല്ല..പ്രായോഗികമല്ല എന്നൊരു മറുപടിയാണ് ഞങ്ങൾ കൊടുത്തത്. - ഷാനി വ്യക്തമാക്കുന്നു.

ഇത്തരത്തിൽ ധീരമായ സമീപനം സ്വീകരിച്ചതിനും മാധ്യമസ്വാതന്ത്ര്യം ഉയർത്തിപ്പിടിച്ച് കേന്ദ്രത്തിന് കരുത്തുറ്റ മറുപടി നൽകിയതിനും ഷാനിക്ക് അഭിനന്ദന പ്രവാഹമാണ് ഇപ്പോൾ

ഷാനിയുടെ പ്രസംഗ വീഡിയോ