ന്യൂഡൽഹി: ദേശീയ തലത്തിൽ ബിജെപിക്കെതിരേ ഒന്നിച്ചുള്ള രാഷ്ട്രീയ നീക്കം ചർച്ച ചെയ്യാൻ കോൺഗ്രസ് ഇതര പ്രതിപക്ഷ പാർട്ടികളുടെ യോഗം വിളിച്ച് എൻസിപി നേതാവ് ശരത് പവാർ. തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറുമായുള്ള നിർണായക കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെയാണ് പവാർ പ്രതിപക്ഷ നേതാക്കളുടെ യോഗം വിളിച്ചത്. ചൊവ്വാഴ്ചയാണ് യോഗം.

പവാറിന്റെയും തൃണമൂലിൽ ചേർന്ന മുൻ ബിജെപി നേതാവ് യശ്വന്ത് സിൻഹയുടെയും പേരിലാണ് യോഗത്തിലേക്കുള്ള ക്ഷണക്കത്ത് നൽകിയിരിക്കുന്നത്. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് പ്രശാന്തും പവാറും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത്. ഡൽഹിയിലെ പവാറിന്റെ വസതിയിലായിരുന്നു ഇപ്പോഴത്തെ കൂടിക്കാഴ്ച.

അതേസമയം, 'പതിവു കൂടിക്കാഴ്ച'യുടെ ഭാഗമാണിതെന്നു പറഞ്ഞ പ്രശാന്ത്, കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടില്ല. ജൂൺ 12ന് പവാറിന്റെ മുംബൈയിലെ സിൽവർ ഓക് വസതിയിൽ ഉച്ചഭക്ഷണത്തോടെയായിരുന്നു ആദ്യ യോഗം നടന്നത്. മൂന്നു മണിക്കൂറോളം നീണ്ട യോഗത്തിൽ എൻസിപി മഹാരാഷ്ട്ര പ്രസിഡന്റ് ജയന്ത് പാട്ടീൽ, പാർട്ടി എംഎൽഎയും പവാറിന്റെ അനന്തരവനുമായ രോഹിത് പവാർ എന്നിവർ പങ്കെടുത്തിരുന്നു. പ്രധാന നേതാക്കളായ പ്രഫുൽ പട്ടേൽ, അജിത് പവാർ എന്നിവരുടെ അസാന്നിധ്യം ചർച്ചയാവുകയും ചെയ്തു.

ബംഗാളിൽ മമത ബാനർജിയെ വിജയത്തിലെത്തിച്ച തന്ത്രങ്ങളെക്കുറിച്ചാണ് ജൂൺ 12ലെ യോഗത്തിൽ ഇരുവരും സംസാരിച്ചതെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. ആദ്യ കൂടിക്കാഴ്ചയ്ക്കു പിന്നാലെ, 2024ലെ തിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ രാഷ്ട്രീയ പാർട്ടികളുടെ വിശാല സഖ്യം രൂപീകരിക്കേണ്ടതിന്റെ ആവശ്യം എൻസിപി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ നവാബ് മാലിക് ഉന്നയിച്ചിരുന്നു.

2024 പൊതുതിരഞ്ഞെടുപ്പിനൊപ്പം അടുത്ത വർഷം നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് നേരിടാനുള്ള തന്ത്രങ്ങളും പ്രതിപക്ഷ കക്ഷികളുടെ യോഗത്തിൽ ചർച്ചയാകും. ശരത് പവാറിന്റെ അധ്യക്ഷതയിൽ ചൊവ്വാഴ്ച വൈകീട്ട് ഡൽഹിയിൽ നടക്കുന്ന യോഗത്തിലേക്ക് ആർജെഡി, എഎപി, ത്രിണമൂൽ കോൺഗ്രസ് ഉൾപ്പെടെയുള്ള 15 പാർട്ടികളിലെ നേതാക്കളെ ക്ഷണിച്ചിട്ടുണ്ട്.

അടുത്ത പൊതു തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി സർക്കാരിനെ നേരിടാൻ മൂന്നാം മുന്നണി എന്ന ആശയത്തോടു ചേരാൻ പ്രാദേശിക പാർട്ടികളിൽ പലരും സന്നദ്ധമായ പശ്ചാത്തലത്തിലാണ് ഈ കൂടിക്കാഴ്ചകളെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

ഫറൂഖ് അബ്ദുള്ള, യശ്വന്ത് സിൻഹ, പവൻ വർമ, സജ്ഞയ് സിങ്, എപി സിങ്, ഡി രാജ തുടങ്ങിയ നേതാക്കൾ യോഗത്തിൽ പങ്കെടുത്തേക്കും. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് കാര്യങ്ങളും രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യവും യോഗത്തിൽ ചർച്ചയാകുമെന്ന് എൻസിപി നേതാവ് നവാബ് മാലിക് വ്യക്തമാക്കി. രാജ്യത്തെ എല്ലാ പ്രതിപക്ഷ പാർട്ടികളെയും ഒന്നിപ്പിക്കാനാണ് ശരത് പവർ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

എൻഡിഎ സഖ്യത്തെ നേരിടാൻ വിവിധ പ്രാദേശിക പാർട്ടികളെ ഒന്നിപ്പിച്ച് മൂന്നാം മുന്നണി രൂപീകരിക്കാനാണ് പവാർ സഖ്യത്തിന്റെ നീക്കമെന്നാണ് സൂചന. 2024-ൽ ബിജെപിയെ അടിതെറ്റിക്കാനുള്ള സാഹചര്യങ്ങൾ മുന്നിലുണ്ടെന്ന് പ്രതിപക്ഷ പാർട്ടികളുടെ വിലയിരുത്തൽ. അതിനായി പ്രാദേശിക രാഷ്ട്രീയ ശക്തികളെയെല്ലാം ഒരു കുടക്കീഴിൽ അണിനിരത്തി മുന്നോട്ട് പോവാനുള്ള നീക്കമാണ് പ്രശാന്ത് കിഷോർ നടത്തുന്നത്. 12 പാർട്ടികളെയാണ് കിഷോർ അണിനിരത്തുകയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.