- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കേരളത്തിൽ ഇടതിനൊപ്പം നിൽക്കാൻ ഉറച്ച് ശരത് പവാർ; മാണി സി കാപ്പനൊപ്പം പീതാംബരൻ മാസ്റ്ററും നിൽക്കില്ല; നിർണ്ണായകമായത് തദ്ദേശത്തിലെ എൽഡിഎഫ് നേട്ടമുയർത്തിയുള്ള ശശീന്ദ്രന്റെ 'മുംബൈ' ഓപ്പറേഷൻ; പാലായിൽ മത്സരിക്കണമെങ്കിൽ കാപ്പന് ഒറ്റയ്ക്ക് മറുകണ്ടം ചാടേണ്ടി വരും; പകരം സീറ്റു കൊണ്ട് തൃപ്തിപ്പെടാൻ എൻസിപി
കോട്ടയം: പാലായിലെ ജോസ് കെ മാണിയുടെ അവകാശ വാദം നൂറു ശതമാനവും ന്യായമാണെന്നാണ് സിപിഎം നിലപാട്. അതുകൊണ്ടാണ് പാലാ സീറ്റ് കേരളാ കോൺഗ്രസ് എമ്മിന് തന്നെ നൽകുന്നത്. കോട്ടയത്ത് കേരളാ കോൺഗ്രസിനുള്ള സ്വാധീനം കൂടി തിരിച്ചറിഞ്ഞാണ് ഇത്. 50 കൊല്ലത്തിലേറെ മാണി കൈവശം വച്ച പാലായിൽ വിട്ടു വീഴ്ചയില്ലെന്ന് ജോസ് കെ മാണിയും പലാവർത്തി പറഞ്ഞു. ഇത് അംഗീകരിച്ച് പാലാ കേരളാ കോൺഗ്രസിന് നൽകുമ്പോൾ എൻസിപിയിൽ ഒറ്റപ്പെടുകയാണ് മാണി സി കാപ്പൻ.
മാണിയുടെ മരണത്തിന് ശേഷം പാലായിലെ മാണിക്യമായി മാണി സി കാപ്പൻ മാറി. എന്നാൽ ജോസ് കെ മാണിയുടെ വരവോടെ സീറ്റ് ജോസിനാകുന്നു. ഇതിൽ ഒട്ടും തൃപ്തനനല്ല മാണി സി കാപ്പൻ. എൻസിപിയെ പിളർത്തി യുഡിഎഫിലേക്ക് പോയി പാലായിൽ മത്സരിക്കാനാണ് നീക്കം. പിജെ ജോസഫ് സീറ്റ് പരസ്യമായി കാപ്പന് നൽകുകയും ചെയ്തു. തുടക്കത്തിൽ എൻസിപിയുടെ സംസ്ഥാന അധ്യക്ഷൻ കൂടിയായ പീതാംബരൻ മാസ്റ്ററും കാപ്പനെ പിന്തുണച്ചു. എൻസിപിയുടെ ദേശീയ നേതാവ് ശരത് പവാറിന്റെ പിന്തുണയോടെ മറുകണ്ടം ചാടാമെന്ന് കരുതി. എന്നാൽ ഗതാഗത മന്ത്രി കൂടിയായ എകെ ശശീന്ദ്രൻ കരുതലോടെ കാത്തിരുന്നു. തദ്ദേശത്തിലെ ഫലം ഇടതിന് അനുകൂലമായ സാഹചര്യത്തിൽ ശശീന്ദ്രൻ നടത്തിയ മുംബൈ ഓപ്പറേഷൻ വിജയിച്ചെന്നാണ് സൂചന. ശരത് പവാർ ഒരിക്കലും കേരളത്തിൽ ഇടതു പക്ഷത്തെ ഇനി കൈവിടില്ല.
ദേശീയ തലത്തിൽ കോൺഗ്രസ് ദുർബലമാണ്. കേരളത്തിലും തദ്ദേശത്തിൽ സംഭവിച്ചത് അതു തന്നെയാണ്. സ്വർണ്ണ കടത്ത് ഉൾപ്പെടെയുള്ള വിഷയമുണ്ടായിട്ടും സിപിഎം നേതൃത്വം നൽകുന്ന മുന്നണി ജയിച്ചു. അതുകൊണ്ട് കേരളത്തിൽ സിപിഎമ്മിനെ വിട്ടു കളിക്കില്ല. പാലാ പോയാൽ പകരം സീറ്റ് ചോദിച്ചു വാങ്ങും. ജയസാധ്യതയുള്ള സീറ്റ് വേണമെന്ന ആവശ്യം മാത്രമേ മുമ്പോട്ട് വയ്ക്കൂ. കുട്ടനാടും ആർക്കും വിട്ടുകൊടുക്കില്ല. അങ്ങനെ സീറ്റ് നഷ്ടം ഉണ്ടാകാതെ ഇടതു പക്ഷത്ത് തുടരാനാണ് പവാറിനും താൽപ്പര്യം. ഇത് വെട്ടിലാക്കുന്നത് മാണി സി കാപ്പനെയാണ്. നിലവിലെ സാഹചര്യത്തിൽ കോട്ടയത്തിന് പുറത്തേ പകരം സീറ്റ് കിട്ടാനും ഇടയുള്ളൂ. അവിടെ മറ്റ് നേതാക്കളേ മത്സരിക്കൂ. അതുകൊണ്ട് തന്നെ മാണി സി കാപ്പൻ നിരാശയിലാണ്.
മാണി സാ കാപ്പൻ ഏതായാലും യുഡിഎഫിൽ എത്തുമെന്ന് തന്നെയാണ് പിജെ ജോസഫ് ഇപ്പോഴും പറയുന്നത്. അങ്ങനെ എങ്കിൽ സീറ്റും കൊടുക്കും. പക്ഷേ അതിന് എൻസിപിയുടെ ഔദ്യോഗിക പരിവേഷം ഉണ്ടാകില്ല. മാണി സി കാപ്പന് പുതിയ പാർട്ടി തന്നെ ഉണ്ടാകേണ്ടി വരും. പാലായിൽ മറ്റൊരു മികച്ച സ്ഥാനാർത്ഥിയെ വയ്ക്കാൻ കോൺഗ്രസിനും ഇല്ല. അതുകൊണ്ട് മാണി സി കാപ്പനെ പാലായിലെ സ്ഥാനാർത്ഥിയായി കോൺഗ്രസും അംഗീകരിക്കും. മാണി സി കാപ്പൻ പോകുന്നെങ്കിൽ പോകട്ടെ എന്ന നിലപാടിലാണ് സിപിഎമ്മും. നിയമസഭാ തിരഞ്ഞെടുപ്പിൽ പാലാ സീറ്റ് എൽഡിഎഫ് തരില്ലെന്നു വിശ്വസിക്കുന്ന സിറ്റിങ് എംഎൽഎ മാണി സി.കാപ്പൻ യുഡിഎഫ് നേതൃത്വവുമായി പലവട്ടം ചർച്ച നടത്തി.
നിലവിൽ 4 നിയമസഭാ സീറ്റുള്ള എൻസിപി 6 സീറ്റാണു ചോദിക്കുന്നത്. യുഡിഎഫ് പ്രഖ്യാപിക്കുന്നതിനു മുൻപ് തന്നെ പാലാ അവർക്കു നൽകുമെന്ന വാഗ്ദാനം നൽകി പി.ജെ.ജോസഫ് കാപ്പനെയും എൻസിപിയെയും സ്വാഗതം ചെയ്തു. നിയമസഭാ തിരഞ്ഞെടുപ്പിൽ പാലായിൽ ജോസ് പക്ഷത്തെ തോൽപിക്കാൻ കാപ്പനെ യുഡിഎഫിൽ എത്തിച്ചേതീരൂ എന്നു ജോസഫ് വാദിക്കുന്നു. സിറ്റിങ് സീറ്റ് നിഷേധിക്കുന്ന മുന്നണിയിൽ തുടരാൻ കഴിയില്ലെന്ന് മാണി സി.കാപ്പൻ ദേശീയ അധ്യക്ഷൻ ശരദ് പവാറിനെ അറിയിച്ചു. എന്നാൽ തദ്ദേശത്തിലെ ഇടതു നേട്ടം പവാറിനെ സ്വാധീനിച്ചു. ഇതോടെ മാണി സി കാപ്പനൊപ്പം നിൽക്കാൻ പവാർ താൽപ്പര്യക്കുറവ് കാട്ടുകയായിരുന്നു.
ഇതുവരെ സിപിഎം തീർത്ത് ഒരു തീരുമാനം പറയാത്ത പാലായുടെ കാരണം മാത്രം ചൂണ്ടിക്കാട്ടി മുന്നണി വിടുന്നതിനെ എതിർക്കുന്നവരും എൻസിപിയിൽ ഉണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ സിപിഎം അനീതി കാട്ടിയെന്ന വികാരം മാണി സി കാപ്പൻ ഉയർത്തുന്നത് ഇതു കണക്കിലെടുത്താണ്. എന്നാൽ ഇത് ശരിയല്ലെന്ന് ശശീന്ദ്രനും കൂട്ടരും പറയുന്നു. കാഞ്ഞിരപ്പള്ളിക്ക് പകരം പൂഞ്ഞാർ സീറ്റ് സിപിഐക്ക് നൽകിയുള്ള സിപിഎം ഫോർമുല സിപിഐ അംഗകരിക്കുന്നതും മാണി സി കാപ്പന് തിരിച്ചടിയാണ്. സിപിഐ സംസ്ഥാന നേതൃത്വം ഈ നിർദ്ദേശം ഗൗരവമായി പരിഗണിക്കുകയാണ്. അന്തിമ തീരുമാനം വൈകാതെയുണ്ടാകും. സിറ്റിങ് സീറ്റായതിനാൽ കാഞ്ഞിരപ്പള്ളി കേരള കോൺഗ്രസ് ജോസ് പക്ഷത്തിന് തന്നെ നൽകാൻ സിപിഎം തത്വത്തിൽ തീരുമാനിച്ചതായാണ് റിപ്പോർട്ട്. ജോസ് കെ മാണിയെ എതിർക്കാൻ സിപിഐയും കാപ്പനൊപ്പം ഉണ്ടാകില്ല.
കാഞ്ഞിരപ്പള്ളിക്ക് പകരം ജില്ലയിലെ പല സീറ്റുകൾ പരിഗണിച്ചെങ്കിലും ഏറ്റവും ഒടുവിൽ പൂഞ്ഞാർ സിപിഐക്ക് വിട്ടു നൽകാനാണ് സിപിഎമ്മിൽ ധാരണയായിരിക്കുന്നത്. ജോസ്.കെ മാണിയുടെ വരവ് തദ്ദേശ തിരഞ്ഞെടുപ്പിൽ ഗുണം ചെയ്തെന്ന എൽഡിഎഫ് വിലയിരുത്തലാണ് കാര്യങ്ങൾ കേരള കോൺഗ്രസിന് കൂടുതൽ അനുകൂലമാക്കിയത്. എൻസിപിയുടെ സിറ്റിങ് സീറ്റായ പാലാ ജോസ് വിഭാഗത്തിന് തന്നെ ലഭിക്കും. അവിടെ രാജ്യസഭാംഗത്വം രാജിവച്ചെത്തുന്ന ജോസ്.കെ മാണി തന്നെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് എല്ലാ സാധ്യതയും. ജോസ് രാജിവെക്കുന്ന രാജ്യസഭാ സീറ്റ് പകരം നൽകാമെന്ന വാഗ്ദാനം മാണി സി. കാപ്പൻ സ്വീകരിച്ചിട്ടില്ല. പാലാ അല്ലാതെ മറ്റൊരു സീറ്റെന്ന നിർദേശവും അദ്ദേഹം അംഗീകരിച്ചിട്ടില്ല.
അങ്ങനെയെങ്കിൽ മാണി സി കാപ്പൻ പാലായിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി എൻസിപി ടിക്കറ്റിൽ മത്സരിക്കുന്നതിലേക്കും കാര്യങ്ങൾ നീങ്ങും. യുഡിഎഫിലേക്ക് പോയാൽ സിറ്റിങ് സീറ്റുകളിൽ വിജയിക്കാൻ കഴിയുമോ എന്ന ആശങ്കയാണ് ശശീന്ദ്രൻ വിഭാഗം പങ്കുവെക്കുന്നത്. ഇതും പവാർ ഗൗരവത്തോടെ എടുത്തിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ