മലപ്പുറം: ഏറനാട് മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ സന്നദ്ധനെന്ന് മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ യു.ഷറഫലി. മത്സരിക്കുന്നെങ്കിൽ അത് ഏറനാട് നിന്ന് മാത്രമെന്നാണ് താരത്തിന്റെ നിലപാട്. ഇടതുമുന്നണി നേതാക്കളുമായി ഇത് സംബന്ധിച്ച് ചർച്ചകൾ നടത്തിയെന്നും ഷറഫലി വ്യക്തമാക്കി. ഇതോടെ മുസ്ലിം ലീ​ഗിന്റെ കോട്ട പിടിച്ചെടുക്കാൻ ഷറഫലി ഇക്കുറി കളത്തിലുണ്ടാകുമെന്ന് ഉറപ്പായി. 2011 ൽ രൂപീകൃതമായശേഷം ലീഗിനൊപ്പം നിൽക്കുന്ന മണ്ഡലമാണ് ഏറനാട്.

ഏറനാട് ഒഴികെ മറ്റൊരു മണ്ഡലത്തിലും മത്സരിക്കാൻ ആഗ്രഹമില്ലെന്നു ഷറഫലി സിപിഎം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. നിലവിൽ സിപിഐയുടെ മണ്ഡലമാണ് ഏറനാട്. സിപിഐയുമായി സീറ്റ് വച്ചുമാറുന്നതു സംബന്ധിച്ചും സിപിഎമ്മിൽ ആലോചനകൾ നടക്കുന്നുണ്ട്. ഇതു നടന്നില്ലെങ്കിൽ ഇവിടെ ഇടതുപക്ഷ സ്വതന്ത്രനായി ഷറഫലിയെ രംഗത്തിറക്കാനാണു സാധ്യത. അരീക്കോട് സ്വദേശിയാണ് അദ്ദേഹം. ഏറനാട്ടിൽ മത്സരിക്കുന്നതിനായി യു. ഷറഫലിയെ ഇടത് നേതൃത്വം നേരത്തെ സമീപിച്ചിരുന്നെങ്കിലും അദ്ദേഹം വഴങ്ങിയിരുന്നില്ല. അടുത്തിടെ സർവീസിൽനിന്ന് വിരമിച്ച ഷറഫലി ഐ.പി.എസിന് ശ്രമിക്കുന്നതാണ് തടസ്സമായി പറഞ്ഞിരുന്നത്.

മലപ്പുറം അരീക്കോട് തെരട്ടമ്മൽ സ്വദേശിയായ ഷറഫലി സാഫ് ഗെയിംസ് ഉൾപ്പെടെ അൻപതിലേറെ മത്സരങ്ങളിൽ ഇന്ത്യൻ ദേശീയ ടീമിൽ അംഗമായിരുന്നു. 1993 ൽ സൂപ്പർ സോക്കർ ചാംപ്യൻഷിപ്പിൽ ദേശീയ ടീമിന്റെ നായക വേഷമണിഞ്ഞു. 90,91 വർഷങ്ങളിൽ ഫെഡറേഷൻ കപ്പിൽ ചരിത്ര വിജയം നേടിയ കേരള പൊലീസ് ടീമിലും അംഗമായിരുന്നു. റാപ്പിഡ് റെസ്‍പോൺസ് റെസ്ക്യൂ ഫോഴ്‍സ് (ആർആർആർഎഫ്) കമൻഡാന്റ് പദവിയിലിരിക്കെ 2020 മേയിലാണ് സർവീസിൽ നിന്നു വിരമിച്ചത്്. ‘‘പരമ്പരാഗതമായി കോൺഗ്രസ് അനുഭാവമുള്ള കുടുംബത്തിലാണു ജനിച്ചതെങ്കിലും സിപിഎം നേതാക്കളുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു. എൽഡിഎഫ് സ്ഥാനാർത്ഥി എന്നതിനെക്കാൾ പൊതുസമ്മതനായി മത്സരിക്കണമെന്നാണ് ആഗ്രഹം.'' - യു.ഷറഫലി വ്യക്തമാക്കി.

മുസ്ലിം ലീഗിന്റെ ഉരുക്കു കോട്ടയാണ് ഏറനാട്. സിപിഐയുടെ സീറ്റാണ് ഏറനാടെങ്കിലും സ്വതന്ത്രരായിട്ടാണ് ഇവിടെ ഇടത് സ്ഥാനാർത്ഥികൾ മത്സരിക്കാറുള്ളത്. നിലവിലെ എംഎ‍ൽഎ. മുസ്ലിം ലീഗിന്റെ പി.കെ. ബഷീർ മണ്ഡലം മാറുന്നുവെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. രാജ്യസഭാ അംഗത്വ കാവാവധി തീരുന്ന പി.വി. അബ്ദുൾ വഹാബിനെയാണ് ലീഗ് ഇവിടേക്ക് പരിഗണിക്കുന്നത്. പി.കെ. ബഷീറിനെ മഞ്ചേരിയിൽ മത്സരിപ്പിക്കാനാണ് സാധ്യത.