- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശരണ്യ ബസുമായി കൊട്ടാരക്കര പിടിച്ച അനന്തിരവൻ; കുടുംബ പ്രശ്നങ്ങളുടെ സൂത്രധാരനായി ഗണേശ് കരുതിയതോടെ പിണക്കം; സോളാറിലെ അമ്മാവന്റെ പ്രിയപ്പെട്ടവനായി; എംഎൽഎയാക്കില്ലെന്ന് ഉറപ്പായപ്പോൾ ശബരിമലയിലെ വിശ്വാസി വഞ്ചന ചർച്ചയാക്കി മറുകണ്ടം ചാടൽ; സോളാറിൽ ഗണേശിനെതിരെ എത്തിയത് അമ്മായിയുടെ മകൻ; കോൺഗ്രസ് പ്രതിരോധത്തിന് ശരണ്യാ മനോജ് എത്തുമ്പോൾ
കൊട്ടാരക്കര: തന്റെ എല്ലാം എല്ലാമാണ് വല്ല്യമ്മാവനായ ആർ.ബാലക്യഷ്ണ പിള്ളയെന്ന് പറഞ്ഞു നടന്ന ശരണ്യ മനോജ്. പിള്ളയ്ക്കും മകനേക്കാൾ വിശ്വാസം മനോജിനെയായിരുന്നു. അത്രവിശ്വാസമുള്ള പിള്ളയുടെ അനന്തരവനാണ് ഇപ്പോൾ സോളാറിൽ വെളിപ്പെടുത്തലുമായി എത്തുന്നത്. പരാതിക്കാരി ആരോപണങ്ങൾ നിഷേധിക്കുമ്പോഴും യുഡിഎഫിന് രാഷ്ട്രീയ ആയുധമാണ് ശരണ്യ മനോജിന്റെ വാക്കുകൾ.
കേരളകോൺഗ്രസ്( ബി )യുടെ സംസഥാന ജനറൽ സെക്രട്ടറിയും ബാലക്യഷ്ണ പിള്ളയുടെ സഹോദരി പുത്രനായിരുന്നു ശരണ്യ മനോജ്. ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ ഗണേശ്കുമാർ വനംവകുപ്പ് മന്ത്രിയായിരിക്കെ മുൻ ഭാര്യ യാമിനി തങ്കച്ചിയുമായുള്ള പ്രശ്നങ്ങളും ആർ.ബാലക്യഷ്ണപിള്ളയുമായുള്ള ഏറെ നാളത്തെ ഉടക്കിനു പിന്നിലുള്ള കാരണക്കാരൻ മനോജാണന്നാണ് ഗണേശ്കുമാറിനോട് അടുപ്പമുള്ളവർ പറയുന്നത് . 2011ൽ കൊട്ടാരക്കരയിലെ നിയമസഭാ സീറ്റിൽ മനോജിനെ പരിഗണിക്കാതിരുന്നതാണ് പ്രശ്നങ്ങൾക്ക് കാരണം.
മത്സരത്തിന് ഇടമലയാർ കേസിലെ വിധികാരണം പിള്ളയ്ക്ക് അയോഗ്യതയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ പിൻഗാമിയായി തന്നെ മത്സരിപ്പിക്കുമെന്നും മനോജ് കരുതി. ഇത് തെറ്റിയതോടെ ഗണേശാണ് ഇതിന് കാരണമെന്ന് മനോജ് കണക്കുകൂട്ടി. അങ്ങനെയാണ് കസിൻസിനിടയിൽ പ്രശ്നങ്ങളുണ്ടാകുന്നത്. അപ്പോഴെല്ലാം പിള്ളയുടെ നിലയുറപ്പിക്കൽ അനന്തിരവനൊപ്പമായിരുന്നു. ചെറിയ പിണക്കത്തിന് ശേഷം സീറ്റ് നിഷേധ വികാരം പതിയെ മാഞ്ഞു. അപ്പോഴാണ് സോളാർ കേസ് വരുന്നത്. ബാർ കോഴയിലും സോളാറിലും അമ്മാവന്റെ മനസാക്ഷിയായി മനോജ് മാറി. ചാനൽ ചർച്ചകളിൽ പോലും താരമായി.
പിള്ളയുടെ അടുത്ത ആൾ എന്ന നിലയിൽ കൊട്ടാരക്കരയിലും സ്വാധീനമുണ്ടാക്കി. ശരണ്യ മനോജിന്റെ ബസുകളും പലപ്പോഴും വിവാദങ്ങളിൽ ചെന്നു പെട്ടു. അപ്പോഴെല്ലാം പിള്ളയുടെ രാഷ്ട്രീയകരുത്ത് തുണയാവുകയും ചെയ്തു. എന്നാൽ ഇടതുപക്ഷത്തേക്ക് കേരളാ കോൺഗ്രസ് ചുവടുമാറിയപ്പോഴും എംഎൽഎ മോഹം മനോജിനുണ്ടായിരുന്നു. ഇടതു മുന്നണിയിൽ നിന്ന് രണ്ട് സീറ്റുകൾ മനോജ് പ്രതീക്ഷിച്ചു. എന്നാൽ ഒരെണ്ണം മാത്രമേ പിള്ള പോലും ചോദിച്ചുള്ളൂ. ഇതിന് പിന്നിലും തന്നെ ഒതുക്കാനുള്ള ഗണേശിന്റെ തന്ത്രം മനോജ് തിരിച്ചറിഞ്ഞിരുന്നു.
അങ്ങനെയാണ് കേരളാ കോൺഗ്രസ് പാർട്ടിയിൽ നിന്ന് രാജിവെച്ച് കോൺഗ്രസിൽ ചേർന്നത്. ശബരിമല വിഷയത്തിൽ വിശ്വാസികളെ വഞ്ചിച്ച നിലപാടിൽ പ്രതിഷേധിച്ചാണ് പടിയിറക്കമെന്ന് പറയുമ്പോഴും കെ.ബി ഗണേശ്കുമാറുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് മനോജ് രാജിവെച്ചതെന്നത് പരസ്യമായ രഹസ്യമായിരുന്നു. മൂന്ന് വർഷമായി നേത്യത്ത്വവുമായി അകലം പാലിച്ച് നിന്ന ശേഷമായിരുന്നു പാർട്ടി മാറ്റം. കെ.ബി ഗണേശ്കുമാർ എംഎൽഎ വ്യക്തിപരമായി ഒരുപാട് ദ്രോഹിച്ചിട്ടുണ്ടന്നും രാഷ്ട്രീയത്തിനപ്പുറം ഒരുപാട് തളർത്തിയട്ടുണ്ടന്നും അവരുടെ ബന്ധുവായിപോയതാണ് താൻ ചെയ്ത തെറ്റെന്നും മനോജ് മറുനാടനോട് അന്ന് പറഞ്ഞിരുന്നു.
കഴിഞ്ഞ 22 വർഷക്കാലം ആർ.ബാലക്യഷ്ണഷിള്ളയുടെ ശരീരത്ത് ഒരു തരി മണ്ണ് പോലും വീഴാതെ സംരക്ഷിച്ച ആളാണ് താൻ. ആ പാർട്ടിയിൽ നിന്നും ഇതുവരെയും നീതിലഭിച്ചട്ടില്ലന്നും മനോജ് വ്യക്തമാക്കിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പു കാലത്ത് ചെങ്ങന്നൂരിലെ യു.എഡി.എഫ് കൺവൻഷനിൽ വച്ച് രമേഷ് ചെന്നിത്തലയിൽ നിന്നാണ് ശരണ്യാ മനോജ് കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. മനോജിനെ ഉപയോഗിച്ച് പത്തനാപുരം , കൊട്ടാരക്കര താലൂക്ക് യൂണിയനുകളിലെ പിള്ളയുടെ സ്വാധീന വോട്ടുകൾ നേടിയെടുക്കാനായിരുന്നു ഇത്. കൊടിക്കുന്നിൽ സുരേഷ് മാവേലിക്കരയിൽ വീണ്ടും വിജയിക്കുകയും ചെയ്തു. അതിന് ശേഷം നിശബ്ദനായിരുന്നു മനോജ്. വീണ്ടും നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ പിള്ളയേയും ഗണേശിനേയും പ്രതിക്കൂട്ടിലാക്കി മനോജ് വീണ്ടുമെത്തുകയാണ്.
സോളാറിലെ പിണറായി സർക്കാരിന്റെ അന്വേഷണത്തിലെ ഇരട്ടത്താപ്പു ചർച്ചയാക്കാൻ മനോജിന്റെ വെളിപ്പെടുത്തലുകളിലൂടെ കഴിയും. സോളാറിലെ പരാതിക്കാരി ഗണേശിന്റെ സുഹൃത്തായിരുന്നുവെന്ന സംശയങ്ങൾ ബലപ്പെടുത്താനും കഴിയും. അങ്ങനെ ഉമ്മൻ ചാണ്ടിയേയും മറ്റും അറസ്റ്റ് ചെയ്യാനുള്ള ഇടതു നീക്കത്തെ പ്രതിരോധിക്കാനുള്ള തുറുപ്പു ഗുലാനാണ് ഇന്ന് കോൺഗ്രസിന് ശരണ്യാ മനോജ്. പരാതിക്കാരി നിരന്തരം മൊഴിമാറ്റിയതിനു പിന്നിൽ ഗണേശും പി.എ: പ്രദീപ് കോട്ടാത്തലയുമാണെന്നാണ് മനോജിന്റെ വെളിപ്പെടുത്തൽ. കേസിൽ സിപിഎം നേതാവ് സജി ചെറിയാൻ ഗുഢാലോചന നടത്തിയെന്നും മനോജ് പറഞ്ഞു. കൂടുതൽ കാര്യങ്ങൾ പുറത്ത് വരാനുണ്ടെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതികരിച്ചു. ആരോപണങ്ങൾ എല്ലാം പരാതിക്കാരി നിഷേധിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പത്തനാപുരത്ത് നടന്ന ഒരു യോഗത്തിലാണ് ശരണ്യ മനോജിന്റെ വെളിപ്പെടുത്തൽ.. സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി അംഗവും ചെങ്ങന്നൂർ എംഎൽഎയുമായ സജി ചെറിയാനും മൊഴിമാറ്റാൻ ഇടപെട്ടുവെന്ന് മനോജ് വെളിപ്പെടുത്തി. ഈക്കാര്യങ്ങൾ മനോജ് ജൂഢീഷ്യൽ കമ്മിഷനോട് പറഞ്ഞിരുന്നുവെങ്കിൽ അന്വേഷണ റിപ്പോർട്ട് മറ്റൊന്നാകുമായിരുന്നുവെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണന്റ പ്രതികരിച്ചു. യുഡിഎഫ് നേതാക്കൾക്ക് എതിരെ മൊഴി നൽകരുതെന്നാണ് ഗണേശും പ്രദീപും ആവശ്യപ്പെടതെന്നായിരുന്നു പരാതിക്കാരിയുടെ മറുപടി.
സോളർ കേസിൽ അന്വേഷണം സർക്കാർ വീണ്ടും സജീവമാക്കുകയും നടിയെ അക്രമിച്ച കേസിൽ പ്രദീപ് കുമാർ അറസ്റ്റിലാകുകയും ചെയ്ത പശ്ചാതലത്തിലാണ് ശരണ്യ മനോജിന്റെ െവളിപ്പെടുത്തലിന് പ്രാധാന്യമേറുന്നത്.
മറുനാടന് മലയാളി ബ്യൂറോ