- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മറ്റുള്ളവരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാകും; പതിനായിരം രൂപ ലഭിച്ചാൽ അതിൽ അയ്യായിരവും ഡൊണേറ്റ് ചെയ്യണമെന്നാണ് ആഗ്രഹം; കാൻസറിനെ തോൽപ്പിച്ച് ശരണ്യ ശശി ജീവിതം തിരിച്ചുപിടിക്കുന്നു
തിരുവനന്തപുരം: കാൻസറിനെ തോൽപ്പിച്ച് ശരണ്യ ശശി ജീവിതം തിരിച്ചുപിടിക്കുന്നു. യൂട്യൂബ് ചാനലും ചികിത്സയും എല്ലാമായി സ്വന്തം വീടായ സ്നേഹ സീമയിൽ തിരക്കിലാണ് ശരണ്യ. എല്ലാത്തിനും പിന്തുണയുമായി അമ്മയും ഒപ്പമുണ്ട്. യുട്യൂബ് ചാനൽ തുടങ്ങിയത് പണം ലക്ഷ്യമിട്ടായിരുന്നില്ല എന്നും സമയം ചിലവഴിക്കാൻ മറ്റൊരു മാർഗവും ഇല്ലാതിരുന്നതിനാലാണ് എന്നും താരം പറയുന്നു. ചാനലിൽ നിന്നും വരുമാനം ലഭിക്കുകയാണെങ്കിൽ ചാരിറ്റി തന്നെയാണ് ശരണ്യയും ലക്ഷ്യമിടുന്നത്. പതിനായിരം രൂപ ലഭിച്ചാൽ അതിൽ അയ്യായിരവും ഡൊണേറ്റ് ചെയ്യണമെന്നാണ് ആഗ്രഹം എന്ന് താരം പറയുന്നു. പണമില്ലാത്തതിന്റെ ബുദ്ധിമുട്ട് തങ്ങൾ അനുഭവിച്ചതാണെന്നും അതുകൊണ്ട് മറ്റുള്ളവരുടെ ബുദ്ധിമുട്ട് മനസ്സിലാകും എന്നും താരത്തിന്റെ അമ്മയും വ്യക്തമാക്കി.
2006 ൽ ദൂരദർശനിൽ സംപ്രേഷണം ചെയ്തിരുന്ന 'സൂര്യോദയം' എന്ന സീരിയലിലൂടെയാണ് ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. തുടർന്ന് മന്ത്രകോടി, രഹസ്യം, അവകാശികൾ, കൂട്ടുകാരി, ഹരിചന്ദനം തുടങ്ങിയ സീരിയലുകളിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തി. മലയാളത്തിൽ മാത്രമല്ല, തെലുങ്കിലും തമിഴിലും ശരണ്യ സീരിയലുകൾ ചെയ്തിട്ടുണ്ട്. 'ചന്ദനമഴ' എന്ന സീരിയൽ തമിഴിലും 'സ്വാതി'എന്ന സീരിയൽ തെലുങ്കിലും സീരിയലുകൾ അഭിനയിച്ചു. പച്ചൈയ് എങ്കിറ കാത്ത്' എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ച ശരണ്യ മലയാളത്തിൽ ചോട്ടാ മുംബൈ, തലപ്പാവ്, ബോബെ മാർച്ച് 12, ചാക്കോ രണ്ടാമൻ എന്നീ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. കറുത്ത മുത്ത് സീരിയിലിലെ കേന്ദ്ര കഥാപാത്രങ്ങിൽ ഒരാളായിരുന്നു ശരണ്യയുടെ റോൾ.
ഹൈദരാബാദിൽ 'സ്വാതി' എന്ന തെലുങ്ക് സീരിയൽ ചെയ്യുന്ന വേളയിലാണ് ശരണ്യയ്ക്ക് ആദ്യമായി ട്യൂബറാണെന്ന് ബോധ്യമായത്. പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് ചികിത്സകൾ പൂർത്തിയാക്കിയത്. 2012ലെ തിരുവോണത്തിനു തലേന്നാണ് ആശുപത്രിയിൽ ആകുന്നത്. സർജറികൾക്ക് ശേഷം ആരോഗ്യം വീണ്ടെടുത്താണ് ശരണ്യ വിവാഹ ജീവിതത്തിലേക്ക് കടന്നത്. പിന്നീട് 2016ലും ക്യാൻസർ എത്തി. അന്നും ശസ്ത്രക്രിയ നടത്തി. ഇതിന് ശേഷവും പല തവണ രോഗമെത്തി. ഇപ്പോൾ ഏഴാമത്തെ ശസ്ത്രക്രിയയ്ക്കാണ് തയ്യാറെടുക്കുന്നത്. അസുഖത്തെ കുറിച്ച് ഒരു മടിയുമില്ലാതെ തുറന്ന് പറയുന്ന പ്രകൃതക്കാരിയായിരുന്നു അവർ.
രോഗത്തെ കുറിച്ച് മുമ്പ് ശര്യണ പറഞ്ഞത് ഇങ്ങനെ: തെലുങ്കിൽ സ്വാതി എന്നൊരു സീരിയൽ ചെയ്തുകൊണ്ടിരുന്ന സമയത്താണ് ഭയങ്കരമായ തലവേദന വന്നത്. ഡോക്ടറിനെ കാണിച്ചശേഷം മൈഗ്രേയ്ന് ഉള്ള മരുന്ന് രണ്ടു മാസത്തോളം കഴിച്ചു. പക്ഷെ 2012 ൽ ഓണത്തിന് എന്നെ ബ്രെയിൻ ട്യൂമറിന്റെ ചികിത്സാർത്ഥം ഹോസ്പിറ്റലിൽ എത്തിച്ചു. അന്ന് അവർ ഓപ്പറേഷൻ നടത്തി. പിന്നെ രണ്ടാമത്തെ വന്നത് കുറച്ചു നാൾ കഴിഞ്ഞു ആണ്. ദൈവം തന്ന വീട് എന്ന തമിഴ് സീരിയൽ ഞാൻ കുറേക്കാലം ചെയ്തിരുന്നു. ഒരു 150 എപ്പിസോഡ് കഴിഞ്ഞു എനിക്ക് ഫിറ്റ്സ് പോലെ വന്നു അപ്പൊ എന്നെ വീണ്ടും അഡ്മിറ്റ് ചെയ്തു. റേഡിയേഷൻ ചെയ്യണമെന്ന് പറഞ്ഞു. തൈറോയിഡും എടുത്തു കളഞ്ഞു, അത് കഴിഞ്ഞു വീണ്ടും 2016 ൽ ഒരിക്കൽ കൂടി അസുഖം തിരികെ വന്നു വീണ്ടും ഒരു ഓപ്പറേഷൻ കൂടെ നടത്തി. ഫേസ്ബുക്ക് ഫ്രണ്ട് ആയ ബിനുവിനെ ആണ് ഞാൻ വിവാഹം ചെയ്തത്. അദ്ദേഹം ഇടക്കിടെ എന്നോട് അഭിനയിക്കാത്തത് എന്തെന്ന് ചോദിച്ചു കൊണ്ടിരുന്നു. എനിക്ക് അസുഖമാണെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. ഒടുവിൽ അറിഞ്ഞപ്പോൾ കാണാൻ വരട്ടെ എന്ന് ചോദിച്ചു.
ഞാനാ സമയം റേഡിയേഷൻ കഴിഞ്ഞു മുടിയൊക്കെ പൊഴിഞ്ഞു വല്ലാത്തൊരു രൂപത്തിലായിരുന്നു. എനിക്ക് പണ്ട് നീളൻ മുടിയുണ്ടായിരുന്നു. എങ്കിലും ഞാൻ അദ്ദേഹത്തോട് വരാൻ പറഞ്ഞു, ശരിക്കുള്ള രൂപത്തിൽ കാണണ്ടല്ലോ എന്ന് വിചാരിച്ചു. വന്നു കണ്ടു, ആദ്യ കാഴ്ചയിൽ എന്നെ ഇഷ്ടമായി. പിന്നീട് വീട്ടുകാരോട് വിവാഹാഭ്യർഥന നടത്തി അദ്ദേഹം. പിന്നീട് വിവാഹവും നടന്നു. ജീവിതം പലതരത്തിലുള്ള പരീക്ഷണങ്ങൾ ഒരുക്കിവച്ചിരുന്നെങ്കിലും അതിനെയെല്ലാം തരണം ചെയ്യാനുള്ള ശക്തിയും എന്നിൽ നിക്ഷേപിച്ചിരുന്നു. രോഗത്തെ പേടിച്ച് ഒരിടത്തുനിന്നും പിന്മാറേണ്ടതില്ലെന്നും കഴിഞ്ഞ അനുഭവങ്ങൾ എന്നെ പഠിപ്പിച്ചു. ശരണ്യ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ