തിരുവനന്തപുരം: അർബുദത്തോട് പൊരുതി അതിജീവനത്തിന്റെ പ്രതീകമായ സിനിമ-സീരിയൽ താരം ശരണ്യ ശശി ഇനി ഓർമ്മ. ഈ കലാകാരിക്ക് കണ്ണീരോടെ കലാലോകം യാത്രാമൊഴി നൽകി. ശരണ്യയുടെ സംസ്‌കാരം തൈക്കാട് ശാന്തികവാടത്തിൽ നടന്നുത് വൈകാരിക നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ചാണ്. ബന്ധുക്കളും സിനിമ, സീരിയൽ രംഗത്തെ സുഹൃത്തുക്കളും സംസ്‌കാര ചടങ്ങിൽ പങ്കെടുത്തു.

പ്രതിസന്ധിഘട്ടങ്ങളിൽ ചേർത്തുപിടിച്ച നടി സീമ ജി നായർ അന്ത്യചുംബനം നൽകി ശരണ്യയെ യാത്രയാക്കി. ആരുടേയും കണ്ണ് നയിച്ച രംഗം. ആർക്കും സീമയെ ആശ്വസിപ്പിക്കാൻ പോലും കഴിഞ്ഞില്ല. നിരവധി സീരിയലുകളിലൂടെ ശ്രദ്ധേയയായ നടി ശരണ്യ തിങ്കളാഴ്ച പകലാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അർബുദത്തെ തുടർന്ന് 11 തവണ ശസ്ത്രക്രിയക്ക് വിധേയയായിരുന്നു. ഈ ദുർഘടകാലത്ത് ശരണ്യയെ ചേർത്ത് നിർത്തിയത് സീമയായിരുന്നു.

ശരണ്യയുടെ മൃതദേഹം തിരുവനന്തപുരത്തെ വീട്ടിൽ പൊതുദർശനത്തിനു വച്ചപ്പോൾ സാധാരണക്കാരും സിനിമാ സീരിയൽ രംഗത്തെ പ്രമുഖരുമൊക്കെ ആദരവർപ്പിക്കാൻ എത്തി. നടനും എംഎ‍ൽഎയുമായ കെ.ബി ഗണേശ് കുമാർ ശരണ്യയ്ക്ക് അന്തിമോപചാരമർപ്പിക്കാൻ എത്തിയപ്പോൾ അതിവൈകാരികമായ നിമിഷങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. ശരണ്യയുടെ അമ്മ മകളുടെ വേർപാട് ഇപ്പോഴും വിശ്വസിക്കുവാനാകാത്ത പോലെയാണ് ഗണേശ് കുമാറിനോട് സംസാരിച്ചത്.

അദ്ദേഹത്തിനു മുന്നിൽ വൈകാരികമായി വിതുമ്പിക്കരഞ്ഞുകൊണ്ട് സംസാരിക്കുന്ന ശരണ്യയുടെ അമ്മയുടെ ദൃശ്യങ്ങൾ ആരെയും നൊമ്പരപ്പെടുത്തുന്നതാണ്. മോളെ വിളിക്കുമോ... വിളിച്ചാൽ കണ്ണു തറുക്കും. ആരും വിളിക്കുന്നില്ല. ഇങ്ങനെയായിരുന്നു ഗണേശിന് മുമ്പിൽ അമ്മ വിതുമ്പിയത്. മോളെ കണ്ണു തുറപ്പിക്ക്, ഗണേശ് സാറൊന്നു വിളിക്കോ?': എന്ന് ആ അമ്മ പറഞ്ഞു കൊണ്ടിരുന്നു. മകളുടെ വേർപാട് എത്രത്തോളം ദുഃഖമാണ് ഈ അമ്മയ്ക്കുണ്ടാക്കിയതെന്ന് വ്യക്തമാക്കുന്നതായിരുന്നു ഗണേശിനോടുള്ള അവരുടെ ഇടപെടൽ.

ചൊവ്വാഴ്ച രാവിലെ ചെമ്പഴന്തി അണിയൂരിലെ 'സ്നേഹസീമ'യിൽനിന്ന് മൃതദേഹം തൈക്കാട് ഭാരത് ഭവനിലേക്ക് കൊണ്ടുവന്നു. മന്ത്രി ആന്റണി രാജു, ചലച്ചിത്ര പ്രവർത്തകരായ മണിയൻപിള്ള രാജു, ജി സുരേഷ്‌കുമാർ, നന്ദു, രഞ്ജിത് തുടങ്ങിയവർ അന്ത്യാഞ്ജലിയർപ്പിച്ചു. സാംസ്‌കാരിക മന്ത്രി സജി ചെറിയാനുവേണ്ടി മൃതദേഹത്തിൽ റീത്ത് സമർപ്പിച്ചു.

കോവിഡിനെത്തുടർന്നുണ്ടായ ന്യുമോണിയയാണ് ആരോഗ്യനില വഷളാക്കിയത്. കോവിഡ് നെഗറ്റീവായെങ്കിലും രക്തത്തിൽ സോഡിയത്തിന്റെ അളവ് കുറഞ്ഞതിനാൽ കഴിഞ്ഞയാഴ്ചയാണ് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.