- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൈംഗികക്ഷമത പരിശോധിക്കാൻ കോടതി നിർദ്ദേശ പ്രകാരം രൂപീകരിച്ച മെഡിക്കൽ ബോർഡിലും അട്ടിമറി ശ്രമം: കോടതിക്കു മുൻപിൽ രാഷ്ട്രീയ-ഉദ്യോഗസ്ഥ ലോബിയുടെ നീക്കങ്ങൾ പൊളിഞ്ഞു; പ്രവാസി വ്യവവസായി ഷറാറ ഷറഫുദ്ദീൻ ഇനി പരിശോധനയ്ക്ക്
തലേശരി: പതിനഞ്ചുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന പ്രവാസി വ്യവസായിയുടെ രണ്ടാം വൈദ്യപരിശോധന ഇന്ന് നടക്കും. കണ്ണൂർ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന തലശേരി ഗുഡ് ഷെഡ് റോഡിലെ ഷറാറ ബംഗൽവിൽ ഉച്ചുമ്മൽ കുറുവാൻ കണ്ടി ഷറഫുദ്ദീന്റെ(68) രണ്ടാമത്തെ ലൈംഗിക ക്ഷമത പരിശോധനയാണ് കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രത്യേക മെഡിക്കൽ ബോർഡിന്റെ മുൻപാകെ ഇന്ന് രാവിലെ പത്തുമണിക്ക് നടക്കുക.
കോടതി ഉത്തരവിനെ തുടർന്ന് ജില്ലാ ആശുപത്രിയിൽ രൂപീകരിച്ച മെഡിക്കൽ ബോർഡിനെ മറികടന്നുകൊണ്ട് മറ്റൊരു സംവിധാനമേർപ്പെടുത്താൻ ആരോഗ്യവകുപ്പിലെ പ്രമുഖർ ശ്രമിച്ചത് വിവാദമായിരുന്നു. പരിയാരത്തുള്ള കണ്ണൂർ മെഡിക്കൽ കോളേജിൽ പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ചു ലൈംഗിക ക്ഷമത പരിശോധന നടത്താനാണ് ആരോഗ്യവകുപ്പിലെ ഉന്നതരായ ചിലരുടെ നേതൃത്വത്തിൽ നടത്തിയത്.
എന്നാൽ ഇതിനെതിരെ വിവിധ കോണുകളിൽ നിന്നും ശക്തമായ പ്രതിഷേധമുയർന്നതിനെ തുടർന്ന് കോടതി ഇടപെടുകയായിരുന്നു. ഷറാറ ഷറഫുദ്ദീനെ ഈക്കാര്യത്തിൽ സഹായിക്കുന്നതിനായി ജയിലിലെ ചില ഉന്നത ഉദ്യോഗസഥരും ഇടപെട്ടതായി വിവരമുണ്ട്.ഇതിന്റെ ഭാഗമായാണ് വ്യാഴാഴ്‌ച്ച നടത്താനിരുന്ന വൈദ്യപരിശോധന മാറ്റിവെച്ചത്.
പ്രതിയെ ജയിൽ ഉദ്യോഗസ്ഥന്മാർ ജില്ലാ ആശുപത്രിയിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കാത്തതാണ് മെഡിക്കൽ ബോർഡ് പരിശോധന മുടങ്ങിയത്. എന്നാൽ റിമാൻഡ് തടവുകാരനെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കുമെന്ന വിവരം മാത്രമേ തങ്ങൾക്കുള്ളൂവെന്നും ആശുപത്രിയിലെത്തിക്കുന്നതിനായി വിട്ടു നൽകാൻ നിർദ്ദേശം ലഭിച്ചിട്ടില്ലെന്നുമാണ് ജയിൽ അധികൃതരുടെ വിശദീകരണം.
ഈ വിവാദം നിലനിൽക്കവെയാണ് മെഡിക്കൽ ബോർഡ്് പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് രൂപീകരിക്കാൻ ശ്രമം നടന്നത്. അഡീഷനൽ ജില്ലാ സെഷൻസ് ജഡ്ജ് എ.വി മൃദുലയുടെ ഉത്തരവ് പ്രകാരം ജില്ലാമെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിൽ രൂപീകരിച്ച ഫിസിഷ്യൻ, സർജൻ, സൈക്യാട്രിസ്റ്റ്, ഫോറൻസിക് സർജൻ എന്നിവരടങ്ങന്ന ആറംഗ മെഡിക്കൽ ബോർഡാണ് ഇന്ന് പ്രതിയെ പരിശോധിക്കുക. തലശേരി ജനറൽ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ പ്രതിക്ക് ലൈംഗികക്ഷമതയില്ലെന്ന റിപ്പോർട്ട് വിവാദമായതിനെ തുടർന്നാണ് മെഡിക്കൽ ബോർഡ് രൂപീകരിച്ച് ലൈംഗിക ക്ഷമതാ പരിശോധന നടത്താൻ കോടതി ഉത്തരവിട്ടത്.
സാധാരണ പോക്സോ കേസുകളിൽ ലൈംഗിക ക്ഷമത പരിശോധനകളിലെ റിപ്പോർട്ടുകളിൽ ലൈംഗിക ക്ഷമതയില്ലെന്നു പറയുന്നത് വളരെ അപൂർവ്വമാണ്. പ്രമേഹവും രക്തസമ്മർദ്ദവും പ്രായാധിക്യവുമാണ് തലശേരി ജനറൽ ആശുപത്രിയിലെ ഡോക്ടർ നൽകിയ ഈ വിചിത്രമായ ഉത്തരവിന് പിന്നിലെ കാരണമായി പറയുന്നത്. പോക്സോ കേസ് ചുമത്തി ധർമടം പൊലിസ് അറസ്റ്റു ചെയ്ത പ്രതിയെ നെഞ്ചുവേദനയെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച പൊലിസ് നടപടിയും ഏറെ വിവാദമുയർത്തിയിരുന്നു. കഴിഞ്ഞ മാർച്ച് 25-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പെൺകുട്ടിയുടെ മാതൃസഹോദരിയും ഭർത്താവും ചേർന്ന് ഓട്ടോയിൽ കയറ്റിക്കൊണ്ടുവന്ന് ഷറഫുദ്ദീന്റെ വീട്ടിൽ ഇരയായ പെൺകുട്ടിയെ എത്തിക്കുകയായിരുന്നു. വീട് നിർമ്മാണത്തിന് പണം ലഭിക്കുന്നതിനു വേണ്ടിയായിരുന്നു ഈ കാഴ്ചവയ്ക്കൽ. എന്നാൽ മറ്റൊരു സ്ഥലത്ത് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ പ്രവാസി വ്യവസായിയിൽ നിന്നും രക്ഷപ്പെട്ട പെൺകുട്ടി പിന്നീട് ചൈൽഡ് ലൈൻ പ്രവർത്തകരോട്് പറഞ്ഞതിനെ തുടർന്നാണ് ധർമടം പൊലിസ് കേസെടുത്തത്.
ജൂൺ 28 ധർമടം സി. ഐ അബ്ദുൽ കരീമിന്റെ നേതൃത്വത്തിൽ തലശേരി കുയ്യാലിയിലുള്ള വീട്ടിലെത്തി ഷറഫുദ്ദീനെ അറസ്റ്റു ചെയ്തത്. ഇതിനോടൊപ്പം ഇരയായ പെൺകുട്ടിയുടെ മാതൃസഹോദരിയെയും ഭർത്താവിനെയും പൊലിസ് കേസെടുത്ത് അറസ്റ്റു ചെയ്തിരുന്നു.
മറുനാടന് മലയാളി ബ്യൂറോ