ലണ്ടൻ: ക്യാപ്റ്റൻ വിരാട് കോലിയുടെ ഇന്നിങ്സ് ഒഴിച്ചുനിർത്തിയാൽ നാലാം ടെസ്റ്റിന്റെ ആദ്യ ദിനം മേൽക്കൈ ഇംഗ്ലണ്ട് ബൗളർമാർക്കായിരുന്നു. ഷാർദുൽ താക്കൂർ ക്രീസിൽ എത്തുംവരെ മാത്രമായിരുന്നു ഈ മേൽക്കൈ. അതുവരെ കണ്ട ബാറ്റിങ്ങായിരുന്നില്ല പിന്നീട്.ഒലി റോബിൻസണും ക്രിസ് വോക്സും ക്രെയ്ഗ് ഓവർടണുമടക്കമുള്ള ഇംഗ്ലീഷ് നിരയെ അങ്ങോട്ടുകയറി ആക്രമിക്കുകയായിരുന്നു താക്കൂർ.

മത്സരത്തിൽ 31-ാം പന്തിൽ ക്രിസ് വോക്സിനെ സിക്സറിന് പറത്തിയാണ് താക്കൂർ 50 തികച്ചത്. ഇതോടെ ടെസ്റ്റിൽ ഇംഗ്ലണ്ട് മണ്ണിലെ വേഗമേറിയ അർധ സെഞ്ചുറിയെന്ന റെക്കോഡും താക്കൂർ സ്വന്തം പേരിലാക്കി. മുൻ ഇംഗ്ലണ്ട് താരം ഇയാൻ ബോതം 1986-ൽ സ്ഥാപിച്ച റെക്കോഡാണ് താക്കൂർ 35 വർഷങ്ങൾക്കു ശേഷം ഇപ്പോൾ മറികടന്നിരിക്കുന്നത്. അന്ന് 32 പന്തിൽ നിന്നാണ് ബോതം അർധ സെഞ്ചുറി നേടിയത്.

വെറും 36 പന്തിൽ നിന്ന് മൂന്ന് സിക്സും ഏഴു ഫോറുമടക്കം 57 റൺസെടുത്ത ശേഷമാണ് താക്കൂറിന്റെ വെടിക്കെട്ട് അവസാനിപ്പിക്കാൻ ഇംഗ്ലീഷ് നിരയ്ക്കായത്. എട്ടാം വിക്കറ്റിൽ ഉമേഷ് യാദവിനൊപ്പം 48 പന്തിൽ നിന്ന് 63 റൺസിന്റെ നിർണായക കൂട്ടുകെട്ടുണ്ടാക്കാനും താക്കൂറിനായി.

ടെസ്റ്റിൽ ഇന്ത്യയുടെ വേഗമേറിയ അർധ സെഞ്ചുറിയുടെ റെക്കോഡ് കപിൽ ദേവിന്റെ പേരിലാണ്. 1982-ൽ കറാച്ചിയിൽ പാക്കിസ്ഥാനെതിരേ 30 പന്തിൽ നിന്നാണ് കപിൽ 50 തികച്ചത്.