- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയർലണ്ടിൽ നിന്നും സ്നേഹ സാന്ത്വനമായി ഷെയർ ആൻഡ് കെയർ
ഗൃഹാതുരത്വത്തിന്റെ നനുത്ത ഓർമ്മകളെ നെഞ്ചിൽ പേറി നടക്കുന്ന പ്രവാസകാലം.കാതങ്ങൾക്കപ്പുറം നെഞ്ചു പൊള്ളിക്കുന്ന തീഷ്ണജീവിതം തലച്ചുമടാക്കി പരക്കം പതയുമ്പോൾ ഉള്ളിൽ കുളിര് നൽകുന്നത് പിറന്ന മണ്ണിനെക്കുറിച്ചുള്ള ഓർമ്മകളാണ്ഇടവപ്പാതിയും, തുലാവർഷവും, മകരമഞ്ഞും, കർക്കിടകരാവും,വേലിതലപ്പിലെ മുൾച്ചെടിയും അരയാൽകൊമ്പിൽ കൂവി തോൽപ്പിച്ച കി
ഗൃഹാതുരത്വത്തിന്റെ നനുത്ത ഓർമ്മകളെ നെഞ്ചിൽ പേറി നടക്കുന്ന പ്രവാസകാലം.
കാതങ്ങൾക്കപ്പുറം നെഞ്ചു പൊള്ളിക്കുന്ന തീഷ്ണജീവിതം തലച്ചുമടാക്കി പരക്കം പതയുമ്പോൾ ഉള്ളിൽ കുളിര് നൽകുന്നത് പിറന്ന മണ്ണിനെക്കുറിച്ചുള്ള ഓർമ്മകളാണ്
ഇടവപ്പാതിയും, തുലാവർഷവും, മകരമഞ്ഞും, കർക്കിടകരാവും,വേലിതലപ്പിലെ മുൾച്ചെടിയും അരയാൽകൊമ്പിൽ കൂവി തോൽപ്പിച്ച കിളിയൊച്ചയും ശ്വാസഗതിയെ ചേർത്തു നിർത്തി മലയാള നാട്ടിൽ നിന്നും ദിക്കുകൾക്കപ്പുറം മഞ്ഞു പെയ്യുന്നു അയർലണ്ടിന്റെ മലമടക്കുകളിലേയ്ക്ക് പറന്നിറങ്ങി.
അയർലണ്ടിലെ തിരക്കു പിടിച്ച ജീവിതത്തിന്റെ ചുഴിയിൽ കറങ്ങുമ്പോഴും പിറന്ന മണ്ണിൽ തങ്ങൾക്കൊപ്പം തോളുരുമ്മി നടന്ന സതീർത്ഥ്യരുടെ വേദന കണ്ടു.അവരുടെ വിതുമ്പൽ കേട്ടു. കൂടെ പിറന്നവരുടെ വഴികളിൽ തളിർമഴയായി പറന്നിറങ്ങാൻ നമ്മൾ വെമ്പൽകൊണ്ടു.അതൊരു കൂട്ടായ്മയായി.രത്‌ന ശൃംഗലപോലെ ഒന്നായി ഷെയർ ആൻഡ് കെയർ എന്ന സന്നദ്ധസംഘടനയായി രൂപപ്പെട്ടു.
അയർലണ്ടിലെ ലിംറിക്ക് കേന്ദ്രമാക്കി ലിംറിക്കിനു ചുറ്റുമുള്ള പ്രദേശങ്ങളായ എന്നിസ്,ലിംറിക്ക് സിറ്റി,കോർബല്ലി,കാസൽട്രോയ്,ന്യൂ പോർട്ട്,കോർണീഷ്,ഡ്യൂറോഡായിൽ,പാട്രിക്‌സ് വെൽ,ക്രും,അടയാർ,ന്യൂകാസിൽ വെസ്റ്റ് എന്നിവിടങ്ങളിലെ മലയാളികളുടെ കൂട്ടായ്മയായ ഇന്ത്യൻ അസ്സോസിയേഷന്റെ ജീവകാരുണ്യ വിഭാഗമായ ഷെയർ ആൻഡ് കെയർ ജനുവരി 28നാണ് രൂപം കൊണ്ടത്.
സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും സഹനത്തിന്റെയും ഓർമ്മകൾ അനുസ്മരിപ്പിക്കുന്ന 2011ലെ കിസ്തുമസ് രാവിൽ ഇവിടുത്തെ കുരുന്നുകൾ കരോളിൽ സമാഹരിച്ച ഒരുപിടി യൂറോയിൽ നിന്നുമാണ് ഷെയർ ആൻഡ് കെയർ അതിന്റെ ജീവകാരുണ്യ പ്രവർത്തന മേഖലയിലേയ്ക്ക് കടക്കുന്നത്.ആ കുരുന്നു കൈകൾ പകർന്നു തന്നെ ദീപശിഖ ഏറ്റുവാങ്ങി,കടലലകൾ താണ്ടി അതിന്റെ പ്രഭ ചൊരിഞ്ഞുകൊണ്ടിരിക്കുന്നു.
ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കഴിഞ്ഞ മൂന്നു വർഷക്കാലമായി സജീവമായി ഇടപെട്ടുകൊണ്ടിരിക്കുന്ന ഷെയർ ആൻഡ് കെയറിന്റെ പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമാണ്.ലോകത്ത് ദുരിതം അനുഭവിക്കുന്ന അനേകലക്ഷം സഹജീവികളെ ദയാവായ്‌പോടെ കണ്ട് അവരുടെ കഷ്ടപ്പാടുകൾക്ക് ഒരുകൈ സഹായം നൽകുവാൻ മനസ്സു കാണിക്കുന്ന മലയാളി കൂട്ടായ്മയാണ് ഷെയർ ആൻഡ് കെയർ.
ഇന്ത്യയിലും,അയർലണ്ടിലും കൂടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും (പ്രകൃതി ദുരന്തങ്ങളാലും മാരകരോഗങ്ങളാലും ദുരിതമനുഭവിക്കുന്ന ഒട്ടേറെപ്പേർക്ക് ഈ സംഘടന സഹായമെത്തിക്കുന്നുണ്ട്. എകദേശം 93കുടുംബങ്ങൾ ഇന്ന് ഷെയർ ആൻഡ് കെയറിൽ അംഗങ്ങളാണ്. ജാതിമതവ്യത്യാസമില്ലാതെ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് അംഗങ്ങൾ നൽകുന്ന മാസവരുമാനമാണ് സംഘടനയുടെ പ്രധാന സാമ്പത്തിക സ്രോതസ്സ്. കളക്ഷനുവേണ്ടി ഓരോ വീടുകളിലും നിക്ഷേപപെട്ടി ഏല്പിച്ച് മടങ്ങുമ്പോൾ,വീട്ടുകാർ നൽകുന്ന നിക്ഷേപം എത്രയെന്നത് അവരുടെ മാത്രം സ്വകാര്യമായി മാറ്റുന്നു. ഇതുവഴി സംഭാവനയുടെ താരതമ്യ കണക്കുകൾ ഒഴിവാക്കുവാൻ സാധിക്കുന്നു.എന്ത് തന്നെയായാലും എല്ലാ കുടുംബങ്ങളും നിർലോഭം സഹായമെത്തിക്കുമെന്ന് ഏറെ സന്തോഷം നൽകുന്ന കാര്യമാണ്.
കൽക്കട്ടയിൽ തീപിടുത്തത്തിൽ അനേകം രോഗികളെ രക്ഷിച്ചതിനുശേഷം മരണത്തിനു കീഴടങ്ങിയ രമ്യ,വിനീത എന്നീ നേഴ്‌സുമാർ വാർത്താ മാദ്ധ്യമങ്ങളിൽ ഏറെ വേദനയോടെ നിറഞ്ഞു നിന്നവരായിരുന്നു. അവരുടെ ദുഃഖത്തിൽ പങ്കുചേർന്നുകൊണ്ട് അവരുടെ കുടുംബത്തിന് സഹായം നൽകിയും ഷെയർ ആൻഡ് കെയർ അതിന്റെ ആദ്യ ജീവകാരുണ്യ പ്രവർത്തനത്തിന് നാന്ദി കുറിച്ചു. ലോകത്തിന്റെ ഏതുകോണിൽ നിന്നായിരുന്നാലും ഏത് ജാതിയിൽപ്പെട്ട,ഏതുമതത്തിൽപ്പെട്ട മനുഷ്യരായിരുന്നാലും അവന്റെ വേദനയിൽ പങ്കുചേരാനും ആകും വിധം സഹായമെത്തിക്കാനും സംഘടന നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ ഏറെ ശ്ലാഘനീയമാണ്.
ഷെയർ ആൻഡ് കെയറിന്റെ അംഗബലം ഇന്ന് അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിലേയ്ക്കും വ്യാപിപ്പിച്ചിരിക്കുന്നു എന്നത് ഏറെ അഭിമാനകരമാണ്. അതിലൂടെ അയർലണ്ടിലെ ഒരു വലിയ മലയാളി സമൂഹം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളാവുകയും ഒരു സാമൂഹിക കൂട്ടായ്മയ്ക്ക് അതുവഴി ഷെയർ ആൻഡ് കെയർ മുഖ്യ പങ്കു വഹിക്കുകയും ചെയ്യുന്നു.
'പിച്ചിടല്ലേ പറിച്ചിടല്ലേ
കൊച്ചു പൂവിനെ നോവിച്ചിടല്ലേ' എന്ന് സുഗതകുമാരിയോടൊപ്പം പ്രാർത്ഥിച്ചുപോകും തിരുവനന്തപുരം റീജിണൽ കാൻസർ സെന്ററിലെ കുട്ടികളുടെ വാർഡ് കാണുമ്പോൾ വേദന തിന്നു ജീവിക്കുന്നു,എപ്പോൾ വേണമെങ്കിലും ഇരുളിലാണ്ടു പോകാവുന്ന ആ നിഷ്‌കളങ്കബാല്യങ്ങളുടെ ജീവിതം പ്രകാശപൂരിതമാക്കണേ എന്ന പ്രാർത്ഥനയോടെ രണ്ട് ഗഡുക്കളായി ഒരു ലക്ഷം രൂപയും അയർലണ്ടിൽ നിന്നും ചികിൽസാർത്ഥം നാട്ടിൽ പോയ ഒരു കുട്ടിക്ക് ചികിൽസാസഹായമായി 1500 യൂറോയും കൊടുക്കുവാൻ കഴിഞ്ഞതിൽ ഷെയർ ആൻഡ് കെയറിലെ എല്ലാ അംഗങ്ങൾക്കും ചാരിതാർത്ഥ്യമുണ്ട്.
160000 പേർ മരണപ്പെടുകയും 1.5 മില്യൻ ആളുകൾ ഭവന രഹിതരാവുകയും ചെയ്ത ഹെയ്റ്റിയിലെ ഭൂകമ്പം..ഒരായുസ്സ് കൊണ്ട് സമ്പാദിച്ചതെല്ലാം ഉടയവരുമെല്ലാം ഒരൊറ്റ നിമിഷംകൊണ്ട് കൺമുന്നിൽ തകർന്ന് വീഴുന്നത് കണ്ട് നിസ്സഹായതയോടെ കരമുയർത്തി ദൈവത്തെ വിളിച്ച് കേഴുന്നവരെ സഹായിക്കാൻ ഷെയർ ആൻഡ് കെയറിനായി. 4750 യൂറോ അവർക്ക് വേണ്ടി കൊടുക്കാൻ ആയതിൽ ആൻഡ് കെയറിന് അങ്ങേയറ്റം കൃതാർത്ഥതയുണ്ട്. അതുപോലെ നേപ്പാൾ ദുരന്തത്തിൽ കണ്ണടച്ചു തുറക്കുന്ന നേരംകൊണ്ട് ഉറ്റവരും ഉടയവരും എല്ലാം നഷ്ടപ്പെട്ട അനാഥരായി തീർന്നുവർക്ക് അവരുടെ ഭാവി ജീവിതത്തിൽ നന്മയുടേയും
പ്രതീക്ഷയുടേയും ഇത്തിരി വെട്ടം നിറയ്ക്കുവാൻ ഷെയർ ആൻഡ് കെയർ സഹായധനമായി നൽകിയ 1300 യൂറോ ഒരു വലിയ തുകയല്ലെന്നറിയാമെങ്കിലുംഎല്ലാം നഷ്ടപ്പെട്ടവനുള്ള ഒരു ചെറു തലോടലായി ഞങ്ങൾ കരുതുന്നു.
ആവശ്യക്കാരനെ സഹായിക്കുന്നത് ദൈവത്തെ സഹായിക്കുന്നതിന് തുല്യമാണ്. പ്രകൃതി മനുഷ്യനുമേൽ സംഹാര താണ്ഡവമാടിയ പ്രകൃതി ദുരന്തങ്ങൾ. ഒരു നിമിഷം കൊണ്ട് എല്ലാം തകർന്നടിഞ്ഞ് ഇനി എന്തു ചെയ്യണമെന്നറിയാതെ നിസ്സഹായരായി തീർന്ന ഫിലിപ്പൈൻസിലെ ഭൂകമ്പ ബാധിതർക്ക് ആശ്വാസം നൽകി അവരുടെ വിശപ്പടക്കാൻ ഞങ്ങളാൽ കഴിയുന്ന സഹായം, ആയിരം യൂറോയായി നൽകാൻ ഷെയർ ആൻഡ് കെയറിന് കഴിഞ്ഞുവെന്നത് ചാരിതാർത്ഥ്യത്തോടെ സ്മരിക്കുന്നു.
അയർലണ്ടിന്റെ വിവിധ പ്രദേശങ്ങളിൽ മരണപ്പെടുന്നവരുടെ കുടുംബത്തിന് ആയിരം യൂറോ വീതം അടിയന്തിര സഹായമായും,ഷെയർ ആൻഡ് കെയർ കമ്മ്യൂണിറ്റിയിൽ നിന്ന് വേർപെട്ട് പോയവരുടെ കുടുംബാംഗങ്ങൾക്ക് ആയിരത്തിയഞ്ഞൂറു യൂറോയും അടിയന്തിര സഹായം നൽകാൻ സംഘടനയ്ക്ക് കഴിഞ്ഞിട്ടുണ്ട്.അംഗങ്ങളിൽ നിന്ന് സംഘടന ഇതുവരേയും 25629 യൂറോ സമാഹരിച്ചിട്ടുണ്ട്. ഇതിൽ 20158 യൂറോ ധനസഹായമായി ഇതിനോടകം നൽകി കഴിഞ്ഞു.
മാരക രോഗങ്ങൾക്ക് അടിമകളായി ഭീമമായ ചികിത്സാ ചെലവ് താങ്ങുവാനാകാതെ മരണത്തിന് കീഴടങ്ങുന്ന ജനത ഇന്നേറിക്കൊണ്ടിരിക്കുന്നു.ഇത്തരത്തിലുള്ള രോഗസ്ഥർക്ക് ഷെയർ ആൻഡ് കെയർ അവരുടെ ചികിൽസാ ചെലവിന്റെ ഒരു വിഹിതം നൽകുന്നു. കേരളത്തിൽ മാരകമായ രോഗം ബാധിച്ച രണ്ടുപേർക്ക് മാസത്തിലൊരിക്കൽ പതിനയ്യായിരം രൂപാ വീതം സഹായമെത്തിക്കാനും ഷെയർ ആൻഡ് കെയറിന് കഴിയുന്നു.
നാട്ടിൽ നിന്നും രണ്ട് അധികാരികളുടെ കത്തോടൊപ്പം സർട്ടിഫിക്കറ്റിന്റെ ചികിൽസാ സഹായത്തിനുള്ള അപേക്ഷയും കമ്മിറ്റി പരിഗണിച്ചാണ് സഹായം നൽകിരുന്നത്.ഇത്തരത്തിൽ 37 അപേക്ഷകളിൽ മേൽ ചികിൽസാസഹായം നൽകുവാൻ സംഘടനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ദുരന്തങ്ങളിൽ പെടുന്നവർക്ക് സാമ്പത്തിക സഹായം നൽകുന്നതിനോടൊപ്പം അവരുടെ പ്രാഥമിക ആവശ്യങ്ങളായ ഭക്ഷണം, വസ്ത്രം, പാർപ്പിടം, മരുന്ന് എന്നിവ യഥാസമയം എത്തിച്ചുകൊടുക്കുന്നതിനും ഈ മഹത് സംഘടന സജീവമായി ഇടപെടുന്നു. ലോകത്ത് ദുരിതമനുഭവിക്കുന്ന ഓരോ മനുഷ്യജീവനും സ്വന്തം കൂടപ്പിറപ്പാണെന്ന് കണ്ട് അവർക്ക് ഇരു കരങ്ങളും നീട്ടി സഹായം എത്തിക്കുവാൻ മനസ്സുകാട്ടുകയും അതിനുവേണ്ടി മുന്നിട്ടിറങ്ങുകയും ചെയ്യുന്ന അംഗങ്ങളാണ് ഈ സംഘടനയെ ഇതുവരെ വളർത്തിയത്. സംഘടനയുടെ ശക്തിയും ഓജസ്സുമായി മാറിയിരിക്കുന്നത്. ഇവർ ഷെയർ ആൻഡ് കെയറിന്റെ അഭിമാനഭാജനങ്ങളാണ്.
വരും വർഷങ്ങളിൽ ജീവകാരുണ്യ പ്രവർത്തനത്തിന്റെ പുതിയ തലങ്ങളിലേയ്ക്ക് ഒരു കാൽവെയ്പ് നടത്തുകയാണ് ഷെയർ ആൻഡ് കെയർ.നിർദ്ധനകുടുംബത്തിലെ ഒരു കുട്ടിയുടെ വിദ്യാഭ്യാസ ചുമതല സംഘടന ഏറ്റെടുത്തു കൊണ്ട് അതുവഴി അവനിലൂടെ കുടുംബത്തിന് ഒരു വരുമാന മാർഗ്ഗമുണ്ടാക്കിയെടുക്കുക എന്നത് ലക്ഷ്യമിട്ട് Edu Care'എന്ന പദ്ധതിക്ക് സംഘടന രൂപം നൽകിയിരിക്കുന്നു. ഇതുവഴി നന്മയുള്ള ഒരു പുതിയ തലമുറയെ വാർത്തെടുക്കുവാൻ സംഘടന ശ്രമിക്കുന്നു എന്നുള്ളതും ചാരിതാർത്ഥ്യമുള്ള കാര്യമാണ്.
10 യൂറോ വീതം പ്രതിമാസം തരുന്ന 15 അംഗങ്ങൾ അടങ്ങുന്ന ഓരോ ഗ്രൂപ്പുകളായി തിരിച്ച് മാസം 150 യൂറോ സമാഹരിക്കുകയും അങ്ങനെ ഒരു വർഷത്തെ സംഖ്യ ഒരുമിച്ചു കൂട്ടി പഠനസഹായം നടത്തുവാനുള്ള പദ്ധതിയാണ് ഋറൗ രമൃലലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്.
ജന്മംകൊണ്ട് ഏതൊരാൾക്കും മനുഷ്യനാകാം.എന്നാൽ മനുഷ്യസ്‌നേഹിയാകാൻ കർമ്മംകൊണ്ടു മാത്രമേ കഴിയൂ. ഒന്നു നൂറാക്കുവാൻ മനുഷ്യൻ മത്സരിച്ചുകൊണ്ടിരിക്കുന്ന യാന്ത്രിക ലോകത്താണ് നാം ജീവിക്കുന്നത്. ദയ, കരുണ, സഹജീവി സ്‌നേഹം എന്നിവ വെറും വാക്കുകൾ മാത്രമായിക്കൊണ്ടിരിക്കുന്നു. നിന്നെപോലെ നിന്റെ അയൽക്കാരനെ സ്‌നേഹിക്കുവാനും, സക്കാത്ത് നൽകി ദൈവത്തിലേയ്ക്ക് അടുക്കുവാനും,വേദനിക്കുന്നവർക്കൊപ്പം ദൈവമുണ്ടെന്നും ലോകമതങ്ങൾ മനുഷ്യനെ പലകുറി പഠിപ്പിച്ചു.ആ മതങ്ങളെ നെഞ്ചിലേറ്റി മനുഷ്യൻ വെട്ടിപ്പിടിക്കാൻ പരക്കം പായുന്നു.
ജീവിതത്തിന്റെ ദുരിത കയത്തിൽ ആണ്ടു പോയവർ.. ഇവർക്ക് ഒന്നു കരം നീട്ടി ഒരു സഹായം നൽകുന്നവനാണ് മനുഷ്യ സ്‌നേഹി.. അവനാണ് യോഗി. അവരുടെ കൂട്ടായ്മയാണ് ഷെയർ ആൻഡ് കെയർ.
റിപ്പോർട്ട്: രാജു തുണ്ടത്തിൽ (ഷെയർ ആൻഡ് കെയർ കോ ഓർഡിനേറ്ററായി പ്രവർത്തിക്കുകയാണ് ലേഖകൻ )