പയ്യന്നൂർ : ഷെയർ ചാറ്റ് വഴി പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതായി പരാതി. നവ മാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്‌ന ഫോട്ടോ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പോക്സോ കേസ്. ഈ മാസം ആദ്യമായിരുന്നു സംഭവം.

ഭീഷണി തുടർന്നതോടെ പെൺകുട്ടി വീട്ടുകാരോട് വിവരം പറയുകയും തുടർന്ന് പയ്യന്നൂർ പൊലീസിൽ പരാതി നൽകുകയുമായിരുന്നു. ഇത്തരത്തിൽ കേരളത്തിൽ തന്നെ പല സംഭവങ്ങളും അടുത്തകാലത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആളുകളുടെ വ്യാജ അക്കൗണ്ട് ക്രിയേറ്റ് ചെയ്ത് ഗൂഗിൾ പേ വഴി പണം അയച്ചുകൊടുക്കാനായി ആവശ്യപ്പെടുന്ന സംഘവും ഇന്ന് സജീവമായിട്ടുണ്ട്.

നവ മാധ്യമമായ ഷെയർ ചാറ്റിലൂടെ ചാറ്റ് ചെയ്ത അജ്ഞാതൻ നഗ്ന ഫോട്ടോ ആവശ്യപ്പെട്ട് സ്റ്റേഷൻ പരിധിയിലെ 14 കാരിയെയാണ് ഭീഷണിപ്പെടുത്തിയത്. പെൺകുട്ടിയുടെ മൊഴിയെടുത്ത പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. ആളെ തിരിച്ചറിയാനാവാത്ത വിധത്തിൽ വ്യാജ ഐ.ഡി നൽകി യുവതികളെയും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയും വല വീശുന്ന സംഘമാണ് പിന്നിലെന്ന് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. പൊലീസ് ഇൻസ്പെക്ടർ മഹേഷ് കെ നായരുടെ നേതൃത്വത്തിൽ സൈബർസെല്ലിന്റെ സഹായത്തോടെ അന്വേഷണമാരംഭിച്ചു.

ഈയടുത്തകാലത്ത് നവമാധ്യമങ്ങളിലൂടെ റിപ്പോർട്ട് ചെയ്യപ്പെടുന്ന കുറ്റകൃത്യങ്ങൾ കൂടിക്കൊണ്ടിരിക്കുകയാണ്. അതിൽ ഏറ്റവും ഒടുവിലത്തെ സംഭവമാണ് പയ്യന്നൂരിൽ 14 കാരിക്ക് നേരെ ഉണ്ടായ ഭീഷണി. ഇതിനുപുറമേ ഇൻസ്റ്റഗ്രാമു വഴി മെസ്സേജ് ചെയ്ത ശേഷം വാട്‌സ്ആപ്പ് നമ്പർ വാങ്ങി വീഡിയോ കോൾ ചെയ്തശേഷം അതു മോർഫ് ചെയ്ത് ഭീഷണിപ്പെടുത്തുന്ന സംഘവും ഇപ്പോൾ സജീവമായിട്ടുണ്ട്.

ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകൾ എങ്ങനെ പൂർത്തീകരിക്കണം എങ്ങനെ എന്നുള്ള ആശങ്ക പൊലീസ് ഡിപ്പാർട്ട്‌മെന്റിലും ഉണ്ട്. പരാതികളിൽ പ്രതികളെ പൊലീസിന് കണ്ടെത്താനും കഴിയുന്നില്ലെന്നതാണ് യാഥാർത്ഥ്യം. സൈബർ മേഖലയിൽ പഴുതടച്ചുള്ള തട്ടിപ്പുകളാണ് വിരുതന്മാർ നടത്തുന്നത്. ഈ സാഹചര്യത്തിൽ പൊലീസ് ജാഗ്രതാ നിർദ്ദേശങ്ങൾ നൽകുകയാണ്.