ദോഹ: വാഹനാപകടങ്ങൾ നടക്കുമ്പോൾ അതിൽ അകപ്പെട്ടവരെ രക്ഷിക്കുന്നതിനുപകരം മൊബൈലിൽ ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയയിൽ പങ്ക് വയ്ക്കുന്നവർ അല്പം കരുതിയിരുന്നോളൂ. ഖത്തറിൽവാഹനാപകടങ്ങളുടേയും അതിനിരയാവുന്നവരുടേയും ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും ഓൺലൈനുകളിലൂടെ പങ്കുവയ്ക്കുന്നതിനെതിരേ നിയമവിദഗ്ദ്ധർ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ്.

വ്യക്തികളുടെ സ്വകാര്യതയെ ഹനിക്കുന്നതാണ് ഇത്തരം നടപടികളെന്നും ഖത്തർ സ്വകാര്യതാ നിയമങ്ങളുടെ ലംഘനമാണിതെന്നുമാണ് നിയമ വിദഗ്ധരുടെ മുന്നറിയിപ്പ്. അടുത്തിടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലായി നടന്ന അപകടങ്ങളുടെ ഭീതിജനകവും ഭയപ്പെടുത്തുന്നതുമായ ദൃശ്യങ്ങളും വീഡിയോകളും നവ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് വർധിച്ച സാഹചര്യത്തിലാണ് നിയമവിദഗ്ദ്ധർ നിലപാട് വ്യക്തമാക്കിയത്.

അപകടത്തിന് ഇരയായവരുടെ ഫോട്ടോയോ വീഡിയോയോ അവരുടേയോ കുടുംബാംഗ ങ്ങളുടേയോ സമ്മതമില്ലാതെ ഓൺലൈനിൽ ഷെയർ ചെയ്താൽ ഖത്തർ ജൂഡീഷ്യൽ സിസ്റ്റം അനുസരിച്ച് പിഴ അടയ്‌ക്കേണ്ടിവരും. ജനങ്ങളുടെ സ്വകാര്യതയെ മാനിച്ച് ഇത്തരം ഫോട്ടോകൾ ഷെയർ ചെയ്യരുത്.

നിയമലംഘകർ പരമാവധി പിഴുക 100,000 ഖത്തറി റിയാലോ മൂന്നു വർഷത്തെ ജയിൽശിക്ഷയോ അനുഭവിക്കേണ്ടിവരും. സോഷ്യൽ മീഡിയയിൽ തങ്ങളുടെ കുടുംബാംഗത്തിന്റെ ഇത്തരത്തിലെ ഫോട്ടോ പ്രചരിക്കുന്നത് കണ്ടാൽ പരാതിപ്പെടാവുന്നതാണ്. നിയമത്തിന് എതിരായി പ്രവർത്തിക്കാൻ അധികൃതർ അനുവദിക്കില്ല. അപകടത്തിൽപെടുന്നവരുടെ മാനസികാവസ്ഥ മനസിലാക്കാതെ അവരെ ദ്രോഹിക്കാനാണ് മിക്കവരുടേയും ശ്രമം. ഇത് അനീതിയായതിനാൽ രാജ്യത്തെ നിയമ വ്യവസ്ഥ ശക്തമായി പ്രതികരിക്കും.