കാഞ്ഞിരപ്പുഴ / പാലക്കാട്: ഇല്ലായ്മകളുടെ കഥമാത്രം അറിയുന്ന പൂഞ്ചോല ഗവ. എൽ.പി. സ്‌കൂളിലെ കുഞ്ഞു വിദ്യാർത്ഥികൾ ആഹ്ളാദത്തിലാണ്. പഠിക്കാനുള്ള ബുക്ക്, പെൻസിൽ, പേന, ബാഗ്, ഷൂസ്, കുട, യൂണിഫോം എന്നിവ കൂടാതെ ഈ വർഷം സമൃദ്ധമായ ഓണസദ്യയും കഴിച്ചാണ് അവർ ഓണാവധിക്ക് പിരിഞ്ഞത്. ഓഗസ്റ്റ് 31 ന് സ്‌കൂളിൽ കൂടിയ യോഗത്തിൽവച്ചു കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തു പ്രസിഡണ്ട് ഷംസുദ്ദീൻ പഠനോപകാരണങ്ങളുടെ വിതരണം ഉൽഘാടനം ചെയ്തു. വാർഡ് മെമ്പർ സാബു മൈലംവേലിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്‌മാസ്റ്റർ മുഹമ്മദാലി, കുട്ടികളുടെ മാതാപിതാക്കൾ തുടങ്ങിയവരും സന്നിഹിരായിരുന്നു.

ഐർലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ ഷെയറിങ് കെയർ ആണ് പൂഞ്ചോല എൽ പി സ്‌കൂളിലെ മുഴുവൻ കുട്ടികൾക്കും ആവശ്യമായ പഠനോപകരണങ്ങൾ വിതരണം ചെയ്തു വരുന്നത്. 2011 മുതൽ ഷെയറിങ് കെയർ തങ്ങളുടെ സ്റ്റുഡന്റ് സപ്പോർട്ട് പ്രോഗ്രാമിൽ (Student Support Program) ഉൾപ്പെടുത്തി എല്ലാ വർഷവും ഈ സഹായം ചെയ്തു വരുന്നു. തീർത്തും നിർധനരായവരുടെ കുട്ടികൾ പഠിക്കുന്ന സ്‌കൂൾ ആണ് പൂഞ്ചോല എൽ പി സ്‌കൂൾ. ഷെയറിങ് കെയർ സഹായിക്കാൻ തുടങ്ങിയതിൽപ്പിന്നെ കുട്ടികളുടെ ഹാജർനില ഉയർന്നുെവെന്നു ഹെഡ്‌മാസ്റ്റർ മുഹമ്മദാലി സാക്ഷ്യപ്പെടുത്തുന്നു. പഠനോപകരണങ്ങൾ എല്ലാം ലഭിച്ചപ്പോൾ കുട്ടികൾ മുടങ്ങാതെ സ്‌കൂളിൽ എത്തുന്നുവെന്നത് വളരെ സന്തോഷമുള്ള കാര്യമാണെന്ന് ഷെയറിങ് കെയറിന്റെ ചെയർമാൻ ജോബി ജോസ് അറിയിച്ചു.

ഓരോ വർഷവും പദ്ധതി വിലയിരുത്തി ആവശ്യമെങ്കിൽ മാറ്റങ്ങൾ വരുത്തിയാണ് മുന്നോട്ടു പോകുന്നത്. നിർധനരായ കുട്ടികളുടെ പഠനത്തിനാവശ്യമായ സഹായം ചെയ്യുക കൂടാതെ നിർധനരായ രോഗികളെയും അവരുടെ ചികിത്സയ്ക്ക് ആവശ്യമായ തുകയുടെ ഒരുഭാഗം നൽകി ഷെയറിങ് കെയർ സഹായിച്ചു വരുന്നു. ഐർലണ്ടിലെ സന്മനസ്സുള്ള പ്രവാസികൾ മാസംതോറും നൽകുന്ന തുകയാണ് ഷെയറിങ് കെയർ ജീവകാരുണ്യപ്രവർത്തനങ്ങൾക്കു ഉപയോഗിക്കുന്നത്. സംഘടനയോട് ചേർന്ന് പ്രവർത്തിക്കുവാൻ താൽപര്യമുള്ളവരെ സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു. സംഘടനയെപ്പറ്റി കൂടുതൽ അറിയുവാൻ sharingcare@live.ie എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപെടുക. ഷെയറിങ് കെയറിന്റെ ഫേസ്‌ബുക് പേജ് ലൈക്ക് ചെയ്യാം: https://www.facebook.com/SharingCareIreland/