ഷാർജ: ഷാർജ ഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി സെപ്റ്റംബറിൽ കേരളം സന്ദർശിക്കാനായി എത്തുന്നു. യുഎഇ സന്ദർശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച വൈകീട്ട് സുൽത്താനെ അദ്ദേഹത്തിന്റെ കൊട്ടാരത്തിൽ സന്ദർശിച്ചപ്പോഴാണ് കേരളത്തിലേക്കു ക്ഷണിച്ചത്. സന്ദർശന സമയം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

കാലിക്കറ്റ് സർവകലാശാല നേരത്തെ ഷാർജ സുൽത്താന് ഓണററി ഡോക്ടറേറ്റ് പ്രഖ്യാപിച്ചിരുന്നു. അത് സ്വീകരിക്കാനും കേരളത്തിന്റെ സ്‌നേഹം പ്രകടിപ്പിക്കാനായി ഒരുക്കുന്ന സ്വീകരണത്തിൽ പങ്കെടുക്കാനുമാണ് മുഖ്യമന്ത്രി അദ്ദേഹത്തെ ക്ഷണിച്ചത്. ക്ഷണം ഷാർജ സുൽത്താൻ സന്തോഷപൂർവം സ്വീകരിച്ചു. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച 45 മിനുട്ട് നീണ്ടുനിന്നു.

നോർക്ക വൈസ് ചെയർമാൻ എം.എ.യൂസഫലി, ഷംസുദ്ദീൻ ബിൻ മുഹിയുദ്ദീൻ, മുഖ്യമന്ത്രിയുടെ മാദ്ധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസ്, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ.വൈ.എ.റഹിം, ജനറൽ സെക്രട്ടറി ബിജു സോമൻ എന്നിവരും മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.