ഷോപ്പിങ്ങിനിറങ്ങുമ്പോൾ ചിലർക്കെങ്കിലും സ്ട്രീറ്റ് പ്രൊമോട്ടർമാർ ശല്യമാകാറുണ്ട്. കടകളിലേക്ക് ആളുകളെ ആകർഷിക്കാനുള്ള ഇത്തരക്കാരുടെ ബഹളം മൂലം പലരും ഷോപ്പിങിനെ വെറുക്കാറുണ്ട്. എന്നാൽ ഇനി ഷാർജയിൽ ഇത്തരക്കാരുടെ ശല്യം ഉണ്ടാകില്ല.

ഉപഭോക്താക്കളെ തങ്ങളുടെ കടയിലേക്ക് ആകർഷിക്കുന്നതിന് റോഡരികിൽ പ്രമോട്ടർമാരെ നിർത്തുന്നതിന് ഷാർജ മുൻസിപ്പാലിറ്റി നിരോധനം ഏർപ്പെടുത്തി. ഉപഭോക്താക്കൾക്ക് ശല്യമായി മാറുന്ന ഇത്തരം പ്രവണത അവസാനിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഉത്തരവ് ലംഘിക്കുന്ന ഷോപ്പുകളും ഔട്ട്‌ലറ്റുകളും 500 ദിർഹം പിഴ അടയ്‌ക്കേണ്ടിവരും. ഇത് ആവർത്തിച്ചാൽ പിഴയും ഇരട്ടിയാകും.

ഉപഭോക്താക്കളുടെ തുടർച്ചായായ പരാതിയെ തുടർന്നാണ് പ്രമോട്ടർമാരെ നിരോധിച്ചതെന്ന് ഷാർജ മുനിസിപ്പാലിറ്റി സെൻട്രൽ മാർക്കറ്റ് സെക്ഷൻ ഹെഡ് അബ്ദുള്ള ഇബ്രാഹിം ഹസൻ വ്യക്തമാക്കി. ഏത് ഷോപ്പിലാണ് പോകേണ്ടതെന്നും എന്ത് ഉത്പന്നമാണ് വാങ്ങേണ്ടതെന്നും തീരുമാനിച്ചശേഷമാണ് ഉപഭോക്താക്കൾ വീട്ടിൽ നിന്ന് ഇറങ്ങുന്നത് തന്നെ. അതിനാൽ പ്രമോട്ടർമാരെ റോഡിൽ നിർത്തേണ്ട ആവശ്യമില്ലെന്നും ഇവർ ശല്യമായി മാറുകയാണെന്നും ഉപഭോക്താക്കൾ അഭിപ്രായപ്പെടുന്നു.

നിയമപരമായാണ് ജോലി ചെയ്യുന്നതെന്ന് തെളിയിക്കുന്നതിന് എല്ലാ കടയുടമകളും ജീവനക്കാരും ഐഡി കാർഡ് കയ്യിൽകരുതണം. മുൻസിപ്പാലിറ്റിക്ക് ഇക്കാര്യം ഉറപ്പുവരുത്തുന്നതിനാണിത്. ഇൻസ്‌പെക്ഷൻ സമയത്ത് ഈ കാർഡ് ധരിക്കേണ്ടതാണ്. നിയമം പാലിക്കുന്നുണ്ടോയെന്ന് അറിയുന്നതിന് മുൻസിപ്പാലിറ്റി അധികൃതർ മാർക്കറ്റിൽ പരിശോധന നടത്തുന്നതാണ്.

അനധികൃതമായ പ്രവർത്തനം നിർത്തണമെന്ന് കടയുടമകൾക്ക് മുൻസിപ്പാലിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മുൻസിപ്പാലിറ്റിയുടെ നിരോധനം മറികടക്കുന്നവർക്ക് കനത്ത പിഴയാകും ശിക്ഷ. 993 എന്ന നമ്പരിൽ വിളിച്ച് ഉപഭോക്താക്കൾക്ക് പരാതി അറിയിക്കാവുന്നതാണ്.