ഷാർജ: അടുത്ത കാലത്ത് കെട്ടിടങ്ങളുടെ ബാൽക്കണിയിൽ നിന്നു  കുട്ടികൾ വീണു മരിച്ചതിന്റെ അടിസ്ഥാനത്തിൽ ഷാർജയിലെ കെട്ടിടങ്ങളുടെ ജനലുകളും ബാൽക്കണികളും പരിഷ്‌ക്കരിക്കണമെന്ന് അധികൃതർ ഉത്തരവ് പുറപ്പെടുവിച്ചു. നിലവിലുള്ള കെട്ടിടങ്ങളുടെ ജനലുകളും ബാൽക്കണികളും കുട്ടികൾക്ക് സുരക്ഷിതമായ രീതിയിൽ പുനർനിർമ്മിക്കണമെന്നും കെട്ടിട ഉടമകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത്തരത്തിൽ നിയമപരിഷ്‌ക്കാരം കൊണ്ടുവരുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി  ഡയറക്ടർ ഓഫ് ദ പ്രിവെൻഷൻ ആൻഡ് സേഫ്റ്റി അഥോറിറ്റി സലിം അൽ സുവൈദി അറിയിച്ചു.

ഇതുസംബന്ധിച്ച് മുനിസിപ്പാലിറ്റിയും സിവിൽ ഡിഫൻസുമായി സഹകരിച്ച് പദ്ധതികൾ തയാറാക്കുമെന്നും പഴയ കെട്ടിടങ്ങളുടെ ബാൽക്കണികളും ജനലുകളും സുരക്ഷിതമാക്കിക്കൊണ്ട് പരിഷ്‌ക്കരിക്കാൻ ഉടമകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും സലിം അൽ സുവൈദി വ്യക്തമാക്കി. പുതിയ നിർദേശമനുസരിച്ച് ജനലുകൾക്ക് 120 സെന്റീമീറ്റർ പൊക്കുമുണ്ടായിരിക്കണമെന്നും അവയുടെ ലോക്കുകളും പുറത്തേക്കു തുറക്കുന്ന സംവിധാനവും പരിഷ്‌ക്കരിക്കണമെന്നും നിർദേശമുണ്ട്.

പഴയ കെട്ടിടങ്ങളിൽ നിന്നാണ് കുട്ടികൾ ഏറെയും വീണു മരിക്കുന്നത് എന്നതിനാൽ അവ ഉടൻ തന്നെ പരിഷ്‌ക്കരിച്ച് നിർമ്മിക്കണമെന്നാണ് നിർദ്ദേശം. അതേസമയം നിർമ്മാണത്തിലിരിക്കുന്ന കെട്ടിടങ്ങൾ പുതിയ നിർദ്ദേശം അനുസരിച്ച് മാറ്റിയിട്ടുണ്ടെന്ന് മുനിസിപ്പാലിറ്റി അസിസ്റ്റന്റ് ഡയറക്ടർ ഫോർ എൻജിനീയറിങ് ആൻഡ് പ്രൊജക്ട്‌സ് അബ്ദുൾ അസീസ് അൽ മാൻസൗറി വ്യക്തമാക്കി. ഈ വർഷം തന്നെ മൂന്നു കുട്ടികളാണ് ബാൽക്കണിയിൽ നിന്നു വീണു മരിച്ചത്.