ഷാർജ: അനധികൃതമായി കെട്ടിടങ്ങൾക്ക് മുകളിൽ സ്ഥാപിച്ചിരിക്കുന്ന ഡിഷ് ആന്റിനകൾക്കെതിരെയും കെട്ടിടങ്ങളുടെ ബാൽകണികളിലും ജനലുകളിലും വസ്ത്രങ്ങൾ ആറാനിടുന്നതിനുമെതിരെയും ശക്തമായ നടപടികളുമായി ഷാർജ നഗരസഭ. ഇതുമായി ബന്ധപ്പെട്ട് ശക്തമായ ബോധവത്ക്കരണ പരിപാടികളാണ് പൊതുജനങ്ങൾക്കിടയിൽ നടത്തുകയാണ്.

കാമ്പയിന്റെ ഭാഗമായി വിവിധ മേഖലകളിൽ നോട്ടീസുകളും വിതരണം ചെയ്യുന്നുണ്ട്. സാറ്റലൈറ്റ് ഡിഷുകൾ എടുത്തുമാറ്റണമെന്ന സന്ദേശമാണ് ഇവയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ നഗരസഭാ ഉദ്യോഗസ്ഥർ നിയമലംഘനം നടത്തുന്നവർക്ക് അവ എടുത്തുമാറ്റാൻ നിർദ്ദേശം നൽകും. നോട്ടീസ് ലഭിച്ച് 48 മണിക്കൂറിനകം അനധികൃത സാറ്റലൈറ്റ് ഡിഷുകളും ബാൽകണിയിൽ ആറാനിട്ട വസ്ത്രങ്ങളും എടുത്തു മാറ്റിയില്ലെങ്കിൽ 500 ദിർഹം പിഴ ചുമത്തും.

ഇത്തരം പ്രവണതകൾക്കെതിരെ നേരത്തെ നഗരസഭ കർശന നടപടി സ്വീകരിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഇപ്പോൾ മാത്രമാണ് അത് ശക്തമായി നടപ്പാക്കാൻ തുടങ്ങുന്നത്. സർക്കുലറിനൊപ്പം ജനങ്ങളെ ബോധവത്കരിക്കാനായി നോട്ടീസുകളും നൽകുന്നുണ്ട്. ജനലുകളിലും കെട്ടിടത്തിന് മുകളിലും അനധികൃത സാറ്റലൈറ്റ് ഡിഷുകൾ സ്ഥാപിക്കുന്നത്

നഗരഭംഗിക്ക് ഭംഗംവരുത്തുമെന്ന സന്ദേശമാണ് ബോധവത്കരണത്തിന്റെ ഭാഗമായി വിതരണം ചെയ്യുന്ന നോട്ടീസിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.എല്ലാ താമസക്കാരിലും സന്ദേശം എത്തുന്നത് വരെ ബോധവത്കരണത്തിന്റെ ഭാഗമായുള്ള സർക്കുലർ, നോട്ടീസ് വിതരണങ്ങൾ തുടരും. അറബിക്, ഇംഗ്ലീഷ്, പേർഷ്യൻ, ഹിന്ദി എന്നീ നാലു ഭാഷകളിലായാണ് നോട്ടീസുകൾ

തയ്യാറാക്കിയിരിക്കുന്നത്. ഷാർജ എമിറേറ്റിന്റെ ഭംഗിക്ക് കോട്ടം വരാതിരിക്കാൻ ലക്ഷ്യമിട്ടാണ് നടപടി. ഇത്തരം നിയമലംഘനങ്ങൾ കണ്ടെത്താൻ എമിറേറ്റിന്റെ മുഴുവൻ ഭാഗങ്ങളിലും നഗരസഭാ ഉദ്യോഗസ്ഥർ പരിശോധന നടത്തും. നിയമലംഘനം ശ്രദ്ധയിൽപ്പെടുന്ന പക്ഷം നഗരസഭയുടെ ഹോട്‌ലൈൻ നമ്പറായ 993ൽ ബന്ധപ്പെടണമെന്നും ലഭിക്കുന്ന പരാതികളിൽ വളരെ പെട്ടെന്ന് നടപടി സ്വീകിരിക്കാൻ ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കിയതായും അൽ സുവൈദി പറഞ്ഞു.