ഷാർജ: ഷാർജയിലെ മലയാളികൾ താമസിക്കുന്ന അൽ അറൂബ സ്ട്രീറ്റിലെ കെട്ടിടത്തിൽ ഉണ്ടായ തീപിടുത്തത്തിൽ മലപ്പുറം സ്വദേശിയടക്കം രണ്ട് പേർ മരിച്ചു. ഇന്ന് പുലർച്ചെയാണ് സംഭവം. 16 നിലകളുള്ള കെട്ടിടത്തിന്റെ രണ്ട് നിലകൾ പൂർണമായും കത്തി നശിച്ചു. വൈദ്യുതി തകരാറാണ് തീപ്പിടുത്തത്തിന് കാരണമെന്നാണ് നിഗമനം.

നിലമ്പൂർ ചുങ്കത്തറ സ്വദേശി കണ്ണന്തറ ദീപൻ ബാലകൃഷ്ണൻ (26), ബംഗ്ലാദേശ് സ്വദേശിയായ ഇമാൻ (32) എന്നിവരാണ് മരിച്ചത്.അപകടത്തിൽ മറ്റു അഞ്ചു പേർക്ക് പരിക്കേറ്റു.

അവധി ദിവസമായിരുന്നതിനാൽ കെട്ടിടത്തിലെ താമസക്കാരെല്ലാം പുറത്ത് പോയിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. എന്നാൽ കെട്ടിടത്തിൽ നിന്നുയർന്ന കനത്ത പുക തീഅണയ്ക്കുന്നതിന് തടസം സൃഷ്ടിച്ചു.

സുരക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി സമീപ കെട്ടിടങ്ങളിൽ നിന്ന് ആളുകളെ പൂർണമായും ഒഴിപ്പിക്കുകയും കെട്ടിടത്തിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തു. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ പ്രവർത്തിച്ചിരുന്ന അൽമനാമാ സൂപ്പർ മാർക്കറ്റ് പൂർണമായും കത്തി നശിച്ചു. മറ്റ് നിലകളിൽ മലയാളികളാണ് താമസിച്ചിരുന്നത്. ഇവരെ സമീപത്തെ ഹോട്ടലുകളിലേക്ക് മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്. സംഭവം നടന്ന പ്രദേശം
ഷാർജാ പൊലീസിന്റെ നിയന്ത്രണത്തിലാണ്.