ഷാർജ: ദുബായ്ക്ക് പിന്നാലെ ഷാർജ രാജ്യാന്തര വിമാനതാവളത്തിലൂടെ യാത്ര ചെയ്യുന്നവർക്ക് 35 ദിർഹം എക്‌സിറ്റ് ഫീ ഏർപ്പെടുത്താൻ എക്‌സിക്യൂട്ടിവ് കൗൺസിൽ തിരുമാനം. വിമാനത്തിലെ ജോലിക്കാർ, രണ്ട് വയസിന് താഴെ പ്രായമുള്ള കുട്ടികൾ, ട്രാൻസിറ്റ് വിസക്കാർ 

എന്നിവരെ ഇതിൽ നിന്ന് ഒഴിവാക്കും. ഈടാക്കുന്ന പണം വിമാനത്താവള വികസനത്തിനും മറ്റ് സേവനങ്ങൾക്കുമാണ് പ്രയോജനപ്പെടുത്തുക. എന്ന് മുതലാണ് ഇത് നിലവിൽ വരിക എന്നതിനെ കുറിച്ചുള്ള വിശദാംശങ്ങൾ പുറത്തു വിട്ടിട്ടില്ല. ലോകത്താകമാനം ഇത്തരത്തിലുള്ള ഫീ
നിലവിലുള്ളതാണെന്ന് അധികൃതർ പറഞ്ഞു.

എന്നാൽ കുടുംബമായി യാത്ര ചെയ്യുന്നവർക്ക് ഇത് അധിക ബാധ്യത വരുത്തിവെക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കുറഞ്ഞ നിരക്കും മെച്ചപ്പെട്ട സേവനവും മൂലം ജനങ്ങളുടെ ഇഷ്ടമായി മാറിയ എയർ അറേബ്യ വിമാനത്തിന്റെ കേന്ദ്രമാണ് ഷാർജ.

മാർച്ച് 30നാണ് ദുബൈ സമാനമായ യൂസേഴ്‌സ് ഫീസ് പ്രഖ്യാപിച്ചത്. എണ്ണവില ബാരലിന് 40 ഡോളറിലും താഴെ പോയതോടെയാണ് ദുബൈയും ഷാർജയും യൂസേഴ്‌സ് ഫീസായി അധികനിരക്ക് ഈടാക്കുന്നത്.

ദുബൈയിൽ ഏർപ്പെടുത്തിയ യൂസേഴ്‌സ് ഫീ ട്രാൻസിറ്റ് വിസക്കാർക്കും ബാധകമായിരുന്നു. യൂസേഴ്‌സ് ഫീസായി പിരിച്ചെടുക്കുന്ന തുക വിമാനത്താവളങ്ങളുടെ വികസനങ്ങൾക്കായിട്ടാണ് ഉപയോഗിക്കുക.ഈ ഫീസ് ഈടാക്കി തുടങ്ങുക എന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.

വിമാനത്താവളത്തിന്റെ വികസന പ്രവർത്തനങ്ങൾക്കാവും തുക വിനിയോഗിക്കുകയെന്നാണ് ബന്ധപ്പെട്ടവർ വ്യക്തമാക്കിയത്. ദുബൈക്കു പിന്നാലെ ഷാർജയിലും യൂസേഴ്‌സ് ഫീ ഏർപ്പെടുത്തിയ സാഹചര്യത്തിൽ അബൂദബി ഉൾപ്പെടെ മറ്റ് എമിറേറ്റുകളിലും സമാന നിലപാട്
സ്വീകരിക്കുമോ എന്ന കാര്യത്തിൽ ഇനിയും വ്യക്തത ഉണ്ടായിട്ടില്ല.