ഷാർജ: നവംബർ അഞ്ചു മുതൽ പതിനഞ്ചു വരെ അൽ താവൂനിലെ എക്‌സ്‌പോ സെന്ററിൽ നടക്കുന്ന മുപ്പത്തിമൂന്നാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ എഴുത്തുകാരനും എംപിയുമായ ശശിതരൂരും മലയാളത്തിന്റെ പ്രിയനടി മഞ്ജു വാര്യരും എത്തും. വിവിധ ഭാഷകളിൽ നിന്നുള്ള ലോകോത്തര സാഹിത്യകാരന്മാർ സമ്മേളിക്കുന്ന ഷാർജ പുസ്തമേളയിൽ ഇന്ത്യയിൽ നിന്നുള്ള ഒട്ടേറെ പ്രമുഖരും പങ്കെടുക്കും.

മഞ്ജു തന്റെ ആദ്യപുസ്തകമായ സല്ലാപം മേളയിൽ പരിചയപ്പെടുത്തും. മലയാളത്തിൽ നിന്നും സേതു, മധുസൂദനൻനായർ, കെ ആർ മീര, പി പി രാമചന്ദ്രൻ എന്നിവർ മേളയിൽ സാന്നിധ്യമറിയിക്കും. ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരനായ ചേതൻ ഭഗത്, അമിതാവ് ഘോഷ്, അമിത് ത്രിപതി, ശിവ് കേദാർ തുടങ്ങിയവരും എത്തുമെന്നാണ് കരുതുന്നത്. ചേതൻ ഭഗത് തന്റെ ഏറ്റവും പുതിയ നോവലായ ഹാഫ് ഗേൾഫ്രണ്ടും പരിചയപ്പെടുത്തും.

മലയാളത്തിൽ നിന്ന് ഡിസി ബുക്‌സ്, മാതൃഭൂമി, ഒലിവ്, കൈരളി, ചിന്ത തുടങ്ങിയ പ്രസാധകരും പങ്കെടുക്കും. 670 അറബ് പ്രസാധകർ, 340 രാജ്യാന്തര പ്രസാധകർ ഉൾപ്പെടെ ആകെ 1010 പ്രദർകരായിരിക്കും മേളയിൽ അണിനിരക്കുക. സെമിനാറുകൾ, ശില്പശാലകൾ, പ്രഭാഷണങ്ങൾ, പുസ്തകപ്രകാശനം, ബുക്ക് സൈനിങ്, നാടൻ കലകൾ, നാടകങ്ങൾ, കുട്ടികളുടെ പരിപാടികൾ തുടങ്ങിയ മേളയ്ക്ക് കൊഴുപ്പേകും.
സ്‌കൂൾ വിദ്യാർത്ഥിനികൾക്ക് ഞായർ, തിങ്കൾ ദിവസങ്ങൡും ആൺകുട്ടികൾക്ക് തിങ്കൾ, ബുധൻ ദിവസങ്ങളിലും രാവിലെ പത്തുമുതൽ ഉച്ചയ്ക്കു രണ്ടുവരെ പ്രത്യേകം പരിപാടികൾ ഉണ്ടായിരിക്കും. മറ്റുള്ളവർക്ക് ശനി മുതൽ വ്യാഴം വരെ രാവിലെ പത്തു മുതൽ രാത്രി പത്തുവരെയും വെള്ളിയാഴ്ച വൈകിട്ട് നാലു മുതൽ രാത്രി പത്തുവരെയുമാണ് പ്രവേശനം.