ഷാർജ: നേരത്തെ പ്രഖ്യാപിച്ചിരുന്നതു പോലെ ജെറ്റ് എയർവേസ് ഷാർജ-മംഗളൂരു പ്രതിദിന സർവീസ് ആരംഭിച്ചു. യുഎഇ സമയം ഉച്ചയ്ക്ക് 12.45ന് ഷാർജയിൽ നിന്നു പുറപ്പെടുന്ന വിമാനം ഇന്ത്യൻ സമയം വൈകുന്നേരം 5.55ന് മംഗളൂരിലെത്തും. മംഗളൂരിൽ നിന്ന് ഇന്ത്യൻ സമയം രാവിലെ 9.30ന് പുറപ്പെടുന്ന വിമാനം യുഎഇ സമയം രാവിലെ 11.45ന് ഷാർജയിലെത്തും.

ഈ റൂട്ടിൽ ഏറെ ടൂറിസ്റ്റുകളേയും ലക്ഷ്യമിട്ടുകൊണ്ടാണ് ജെറ്റ് എയർവേസ് സർവീസ് ആരംഭിച്ചിരിക്കുന്നത്. നേരത്തെ മംഗളൂരിൽ നിന്നുള്ളവർക്ക് ദുബായിൽ എത്തിച്ചേർന്നിട്ട് പിന്നീട് ടാക്‌സിയിലോ ബസിലോ വേണമായിരുന്നു ഷാർജയിലെത്താൻ. ഉദ്ഘാടനത്തോടനുബന്ധിച്ച് 1,144 ദിർഹത്തിന് റിട്ടേണ് ടിക്കറ്റ് ലഭ്യമാണെന്നും ജെറ്റ് എയർവേസ് ഗൾഫ്, മിഡ്ഡിൽ ഈസ്റ്റ്- നോർത്ത് ആഫ്രിക്ക വൈസ് പ്രസിഡന്റ് ഷാക്കിർ കാണ്ഡാവാല പറഞ്ഞു.

അബുദാബി, ദുബായ് എന്നിവിടങ്ങളിൽ നിന്ന് നേരിട്ട് മംഗളൂരുവിലേക്ക് നേരത്തെ തന്നെ ജെറ്റ് സർവീസ് ഉണ്ട്. ദുബായ്, അബുദാബി എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിൽ നിന്ന് നിലവിൽ 11 പ്രതിദിന സർവീസുകളാണുള്ളത്. ഷാർജയിൽ നിന്ന് മംഗളൂരുവിലേക്ക് പുതിയ സർവീസ് തുടങ്ങിയത് ആയിരക്കണക്കിന് യാത്രക്കാർക്ക് ആശ്വാസം പകരുന്നതാണ്.