ഷാർജ : ഷാർജയിൽ കൊല്ലപ്പെട്ട 36കാരി മലയാളിയെന്ന് സ്ഥിരീകരണം. ഇവരെ കൊന്ന് വീട്ടിനുള്ളിൽ സംസ്‌കരിച്ച മലയാളിയായ ഭർത്താവാണെന്നും വ്യക്തമായി. ഇസ്മായിൽ മുഹമ്മദ് എന്ന നാൽപതുകാരൻ ഭാര്യയെ കൊന്ന് കേരളത്തിലേക്ക് കടന്നുവെന്നാണ് സൂചന. അതിനിടെ ഇയാളെ പിടിക്കാനായി ഷാർജാ പൊലീസ് ഇന്റർപോളിന്റെ സഹായം തേടി. 36 കാരിയുടെ മൃതദേഹമാണ് ഒരു മാസത്തിന് ശേഷം മുറിക്കുള്ളിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്.

ഷാർജയിലെ മൈസലോൺ മേഖലയിലാണ് സംഭവം. ഭാര്യയുടെ മൃതദേഹം കുഴിച്ചിട്ട ശേഷം വീടിനു മുൻപിൽ 'വീട് വാടകയ്ക്ക്' എന്ന ബോർഡ് തൂക്കി ഇയാൾ മക്കൾക്കൊപ്പം ഇന്ത്യയിലേയ്ക്ക് കടക്കുകയായിരുന്നു. മൂന്ന് പെൺമക്കളാണ് ഇസ്മായിലിനുള്ളത്. ഇതിൽ രണ്ട് പേരുമായാണ് ഷാർജയിൽ നിന്ന് മുങ്ങിയത്. മറ്റൊരു കുട്ടി ഷാർജിയിൽ തന്നെ ഉണ്ടെന്നാണ് സൂചന. ഇയാൾ കേരളത്തിൽ ഉള്ളതായി പൊലീസിന് വിവരം ലഭിച്ചു. എന്നാൽ വിശദാംശങ്ങൾ പൊലീസ് പുറത്തുവിടുന്നില്ല.

ഇതിനിടെ, വീട്ടിൽ നിന്നും ദുർഗന്ധം വമിച്ചതോടെ അയൽവാസികൾ പൊലീസിൽ വിവരം അറിയിക്കുകയും തുടർന്ന് നടത്തിയ പരിശോധനയിൽ യുവതിയുടെ അഴുകിയ ശരീരം കണ്ടെടുക്കുകയുമായിരുന്നു. വീട് പൊളിച്ച് കയറിയപ്പോഴാണ് അഴുകിയ മൃതദേഹം കണ്ടെത്തിയത്. മരണ കാരണം കണ്ടെത്താൻ ശരീര ഭാഗങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും. കൊലയാളി കേരളത്തിൽ ഉണ്ടെന്ന സൂചനയെ തുടർന്ന് ഷാർജാ പൊലീസ് കേരളാ പൊലീസിനെ ബന്ധപ്പെട്ടിട്ടുണ്ട്.

പതിനാറ് വർഷം ഭാര്യയുമൊത്തായിരുന്നു ഇസ്മായിൽ താമസിച്ചിരുന്നത്. പിന്നീട് ഭാര്യയെ നാട്ടിലേക്ക് അയച്ചു. അതിന് ശേഷം മറ്റൊരു വിവാഹം രഹസ്യമായി കഴിച്ചു. രണ്ട് മാസം മുമ്പ് മൂത്ത മകളുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാനായി മുൻ ഭാര്യ വീണ്ടും ഷാർജയിൽ എത്തി. അപ്പോഴാണ് ഭർത്താവ് വീണ്ടും വിവാഹതിനായത് കണ്ടെത്തിയത്. ഇതോടെ നാട്ടിലേക്ക് തിരിച്ചു പോകാൻ അവർ വിസമ്മതിച്ചു. ഇസ്മായിൽ തന്റെ മക്കളെ പതിയെ ഇന്ത്യയിലേക്ക് പറഞ്ഞു വിട്ടു. തൊട്ടു പിറകെ രണ്ടാം ഭാര്യയുമൊത്തി നാട്ടിലെത്തി. മുൻ ഭാര്യ വീടുവിട്ട് ഓടിപോയെന്നായിരുന്നു മക്കളെ ധരിപ്പിച്ചത്.

തഹ്‌സീൻ തന്റെ അമ്മയെ അച്ഛൻ സ്ഥരമായി പീഡിപ്പിച്ചിരുന്നുവെന്ന് കൂട്ടുകാരികളോട് വ്യക്തമാക്കിയിരുന്നു. അമ്മയെ കാണാനില്ലെന്ന അന്വേഷണവും മക്കളാണ് നടത്തിയത്. ഒടുവിൽ സഹോദരൻ നാട്ടിൽ നിന്ന് എത്തി യുവതിയെ കാണാനില്ലെന്ന പരാതിയും നൽകി. ഇതിനിടെയാണ ്മൃതദേഹം കണ്ടെത്തിയത്.