ഷാർജ: ഇനി പണവും റെസിഡൻസ് വിസയും ഉണ്ടെങ്കിൽ ഷാർജയിൽ ഭൂമി സ്വന്തമാക്കാൻ അവസരം. ഷാർജയിൽ റെസിഡന്റ് വിസ ഉള്ള എല്ലാ രാജ്യക്കാർക്കും ഭൂമി സ്വന്തമാക്കാൻ അവസരം ഒരുങ്ങുന്നതായി റിപ്പോർട്ട്.  നൂറു വർഷത്തേക്ക് ലീസിനായിരിക്കും ഇത് നൽകുന്നത്. ഷാർജയിൽ പുതുതായി ഉയരാൻ പോകുന്ന തിലാൽ സിറ്റിയിലാണ് ഈ ആനുകൂല്യം ഒരുക്കുന്നത്.

ഷാർജ അസറ്റ് മാനേജ്‌മെന്റും എസ്‌കാൻ റിയൽ എസ്റ്റേറ്റ് ഡെവലപ്‌മെന്റും ചേർന്നാണ് തിലാൽ സിറ്റി പണിയുന്നത്. ജി.സി.സി രാജ്യങ്ങളിലെ പൗരന്മാർക്കും അറബ് വംശജർക്കും മാത്രമായിരുന്ന സൗകര്യമാണ് ഇനി മറ്റു രാജ്യക്കാർക്കുമായി അനുവദിക്കുന്നത്. ഈയിടെയാണ് ഈ സൗകര്യം അനുവദിച്ചുകൊണ്ട് ഷാർജയിൽ നിയമനിർമ്മാണം നടന്നത്

ഭൂമി ഇടപാടിലൂടെ നേരിട്ടുള്ള വിദേശ നിക്ഷേപമാണ് ഷാർജ ഭരണകൂടം ലക്ഷ്യമിടുന്നത്. സ്വദേശികളല്ലാത്തവർക്ക് ഇതാദ്യമായാണ് ഷാർജ എമിറെറ്റിൽ ഭൂമി സ്വന്തമാക്കാൻ അവസരം ലഭിക്കുന്നത്.പുതിയ ഭൂനയം തിലാൽ സിറ്റിയിൽ നടപ്പിലാക്കി തുടങ്ങി. ഒരു ചതുരശ്ര അടിക്ക് 110ദിർഹം മുതലാണ് വില നിശ്ചയിച്ചിരിക്കുന്നത്. പുതിയ നയം ഷാർജയിൽ റിയൽ എസ്റ്റേറ്റ് കുതിപ്പിന് വഴിവെക്കും.