താമസകേന്ദ്രങ്ങളിലെ പാർക്കുകളിൽ കുടുംബസമേതമല്ലാതെയെത്തുന്നവർ മറ്റു സന്ദർശകർക്ക് ബുദ്ധിമുട്ടാക്കുന്നവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ പൊതുപാർക്കുകളിൽ പ്രവേശന കാർഡ് നിർബന്ധമാക്കി. വർഷങ്ങളായി ഈ നിയമം നിലവിലുണ്ടെങ്കിലും അടുത്തിടെയാണ് ഇത് കർശനമാക്കിയത്. പ്രവേശനകാർഡില്ലാതെ പാർക്കുകളിലെത്തിയ ഒട്ടേറെ കുടുംബങ്ങൾക്ക് അകത്തുകയറാനാകാതെ കഴിഞ്ഞ ദിവസങ്ങളിൽ തിരികെ പൊകേണ്ടി വന്നതായി റിപ്പോർട്ടുണ്ട്.

ഭാര്യയുടെയും ഭർത്താവിന്റെയും ദേശീയ തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, റസിഡന്റ് വീസയുടെ പകർപ്പ്, ഇലക്ര്ടിസിറ്റി ബിൽ, ഷാർജ നഗരസഭ സാക്ഷ്യപ്പെടുത്തിയ വാടക കരാർ, അധികൃതരും ഇമാമുമാരും നൽകുന്ന നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് എന്നിവ ഫീസ് ആയ 15 ദിർഹത്തോടൊപ്പം നൽകിയാലേ നഗരസഭയുടെ കീഴിലുള്ള പാർക്‌സ് ആൻഡ് ഹോർട്ടികൾചർ വിഭാഗം പ്രവേശന കാർഡ് അനുവദിക്കൂ എന്നാണ് നിയമം. എന്നാൽ, ഭാര്യയുടെയും ഭർത്താവിന്റെയും ദേശീയ തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, ഇലക്ര്ടിസിറ്റി ബിൽ എന്നിവ മാത്രം കാണിച്ചാൽ കാർഡ് അനുവദിക്കുന്നുണ്ട്. കാർഡ് ആരുടെ പേരിലാണോ അയാൾക്കും കുടുംബത്തിനും മാത്രമേ പ്രവേശനമുള്ളൂ.

18 വയസ്സിൽ താഴെയുള്ളവർക്കു കാർഡ് അനുവദിക്കില്ല. ആറു വയസ്സിൽ താഴെയുള്ളവർക്കു കുടുംബത്തിന്റെ കൂടെ മാത്രമാണു പ്രവേശനം. ഇതൊക്കെ വിശദീകരിക്കുന്ന നോട്ടിസ് പാർക്കിനു വെളിയിൽ പതിച്ചിട്ടുണ്ട്.