ഷാർജ: എമിറേറ്റിലെ ചില ഹൈവേകളിലും ഉൾനാടൻ റോഡുകളിലും സ്പീഡ് ലിമിറ്റ് കുറയ്ക്കുന്ന കാര്യം പരിഗണനയിലെന്ന് ഷാർജ പൊലീസ്. ട്രാഫിക് സേഫ്റ്റിയും മോട്ടോറിസ്റ്റുകളുടെ ജീവിന് സുരക്ഷിതത്വവും നൽകാനാണ് സ്പീഡ് ലിമിറ്റ് കുറയ്ക്കുന്നതെന്ന് ഉന്നത ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.

അമിത വേഗമാണ് മിക്ക അപകടങ്ങൾക്കും കാരണമെന്നും അതുകൊണ്ടാണ് സ്പീഡ് ലിമിറ്റ് കുറയ്ക്കാൻ ഉദ്ദേശിക്കുന്നതെന്നും ഷാർജ ട്രാഫിക് ആൻഡ് പട്രോൾ ജനറൽ ഹെഡ്ക്വാർട്ടേഴ്‌സ് ഡയറക്ടർ കേണൽ ഷവാസ് അബ്ദുറഹ്മാൻ അറിയിച്ചു. നിലവിലുള്ള സ്പീഡ് ലിമിറ്റ് അനുസരിച്ചാണ് വാഹനങ്ങൾ പോകുന്നതെങ്കിലും അമിത വേഗം കാരണം മരണ കാരണമാകുന്ന അപകടങ്ങൾ മിക്കവാറും സംഭവിക്കാറുണ്ട്. സ്പീഡ് ലിമിറ്റ് കുറച്ചാൽ ഇത്തരത്തിൽ അപകടങ്ങളുടെ തീവ്രത കുറയ്ക്കാൻ സാധിക്കുമെന്നും അബ്ദുറഹ്മാൻ വ്യക്തമാക്കി.

ട്രാഫിക് ലെയ്‌നുകൾ പാലിക്കാതിരിക്കുക, രണ്ടു വാഹനങ്ങൾ തമ്മിൽ മതിയായ അകലം പാലിക്കാതിരിക്കുക, പ്രധാനറോഡുകളിലേക്ക് കയറുന്നതിന് മുമ്പ് വാഹനങ്ങൾ വരുന്നുണ്ടോയെന്ന് ശ്രദ്ധിക്കാതിരിക്കുക തുടങ്ങിയവയാണ് അപകടങ്ങൾക്കു പ്രധാനകാരണമെന്ന് ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് നടത്തിയ പഠനത്തിൽ തെളിഞ്ഞിട്ടുണ്ട്.

ട്രാഫിക് നിയമങ്ങളെ കുറിച്ച് വാഹനമോടിക്കുന്നവരേയും നിവാസികളേയും ബോധവത്ക്കരിക്കാൻ കാമ്പയിനുകൾ നടത്താറുണ്ടെന്നും എന്നിട്ടും ചിലർ നിയമം ലംഘിക്കുകയാണ് ചെയ്യുന്നതെന്നും കേണൽ അബ്ദുറഹ്മാൻ വ്യക്തമാക്കി. എല്ലാവരും നിയമം പാലിക്കാൻ ബാധ്യസ്ഥരാണെന്നും മാതാപിതാക്കൾ ഇക്കാര്യത്തിൽ കുട്ടികളെ ഏറെ ശ്രദ്ധിക്കണമെന്നും അദ്ദേഹം എടുത്തുപറഞ്ഞു.