ഷാർജ: ഇന്ധനവില വർദ്ധിച്ചതിനാൽ ടാക്‌സി കമ്പനികൾക്ക് അധിക ബാധ്യതയായതോടെ ദുബൈയ്ക്ക പിന്നാലെ ഷാർജയിലും ടാക്‌സി നിരക്ക് വർധിപ്പിക്കുന്നു. ഇന്ന് മുതൽ ഷാർജയിൽ ടാക്‌സി യാത്രയ്ക്ക് അധിക തുക മുടക്കേണ്ടിവരും.ഷാർജയിൽ ടാക്‌സി ചാർജ് മിനിമം 11.50 ദിർഹമായാണ് കൂട്ടിയിരിക്കുന്നത്. 10 ദിർഹമായിരുന്നു ഇതുവരെ ചാർജ്. 1.50 ദിർഹമാണ് ഇപ്പോൾ കൂട്ടിയിരിക്കുന്നത്.

കുറച്ച് മാസങ്ങൾക്ക് മുമ്പ് ദുബായിലും ഇതേ രീതിയിൽ ടാക്‌സി ചാർജ് വർദ്ധിപ്പിച്ചിരുന്നു. 10 ദിർഹത്തിൽ നിന്ന് 12 ദിർഹത്തിലേക്കാണ് ദുബായിൽ ചാർജ് കൂട്ടിയത്.എമിറേറ്റിലെ നാല് ടാക്‌സി ഫ്രാഞ്ചൈസി കമ്പനികളുടെ വിവിധ ആവശ്യകത പരിഗണിച്ചാണ് മിനിമം ചാർജ് വർദ്ധിപ്പിച്ചത്.

ടാക്‌സി യാത്രക്കാർക്ക് ഇരുട്ടടിയായിരിക്കുകയാണ് പുതിയ നിരക്ക് വർദ്ധനവ്. ഇന്നു മുതൽ അധിക പണം കൊടുക്കാതെ യാത്ര ചെയ്യാനാകില്ലെന്നത് സാധാരണക്കാരായ ടാക്‌സി യാത്രക്കാരെ വലക്കുകയാണ്.