പാരീസ്: കൊലയാളി സ്രാവുകളുടെ ആക്രമണത്തിൽനിന്ന് നിരവധിപ്പേരെ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവന്നിട്ടുള്ള യുവാവ് സ്രാവിന്റെതന്നെ ആക്രമണത്തിൽ മരിച്ചു. പ്രശസ്ത സ്രാവുപ്രേമി കൂടിയായ അഡ്രിയൻ ഡുബോസ്‌ക്(30) ആണ് വിധിയുടെ ക്രൂരതയ്ക്ക് ഇരയായത്. റിയൂണിയൻ ദ്വീപിലെ തീരത്ത് സർഫിങ് നടത്തുന്നതിനിടെയാണ് സ്രാവിന്റെ ആക്രമണം നേരിട്ടത്. അഡ്രിയന്റെ കുടുംബം നോക്കി നിൽക്കുമ്പോഴായിരുന്നു സംഭവം.

ടൈഗർ, ബുൾ എന്നീ നരഭോജി സ്രാവുകൾ കൂടുതലായി കണ്ടുവരുന്ന സ്ഥലമാണ് റിയൂണിയൻ ദ്വീപ്. നിരവധിപ്പേർ ഇവിടെ സ്രാവുകളുടെ ആക്രമണത്തിന് ഇരയാകാറുണ്ട്. സ്രാവ് ആക്രമണങ്ങൾ കുറയ്ക്കാൻ ലക്ഷ്യമിട്ട് രൂപീകരിച്ച ഷാർക് വാച്ച് പട്രോൾ എന്ന സംഘടനയിലെ പ്രധാന അംഗമായിരുന്നു അഡ്രിയൻ. സ്രാവിന്റെ ആക്രമണം ഉണ്ടാകാൻ സാധ്യതയുള്ള സന്ദർഭങ്ങളിൽ മുന്നറിയിപ്പുമായി അഡ്രിയനും സംഘവും എത്തുമായിരുന്നു.

അതോടൊപ്പം നല്ലൊരു സ്രാവു പ്രേമി കൂടിയായിരുന്നു അഡ്രിയൻ. കൂടെക്കൂടെ അദ്ദേഹം സ്രാവിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. ഇതൊടൊപ്പം സ്രാവുകളുടെ ബയോളജിക്കൽ പ്രത്യേകതകളെക്കുറിച്ചുള്ള വിശദീകരണങ്ങളും അദ്ദേഹം നല്കുമായിരുന്നു.

തിരമാലകൾക്കിടയിൽ തെന്നിനീങ്ങുന്ന സർഫിങ് വിനോദത്തിലും അഡ്രിയൻ വിദഗ്ദനായിരുന്നു. ഇന്ന് രാവിലെ പതിനൊന്നിന് റിയൂണിയൻ ദ്വീപിലെ സെയിന്റ് ലിയു മേഖലയിൽ തന്റെ സർഫിങ് ബോർഡുമായി അദ്ദേഹം വിനോദം ആരംഭിച്ചു. രണ്ടു സുഹൃത്തുകളും വിനോദത്തിനുണ്ടായിരുന്നു. സർഫിങ് നിരോധിച്ചിട്ടുള്ള സ്ഥലമായിരുന്നു ഇത്. അഡ്രിയന്റെ കുടുംബാംഗങ്ങൾ ഈ സമയം കടൽത്തീരത്തുണ്ടായിരുന്നു.

സർഫിംഗിനിടെ സ്രാവ് അഡ്രിയനെ ആക്രമിച്ചു. അദ്ദേഹത്തിന്റെ വലതു തുടയിലും നാഭിയിലും കടിയേറ്റു. സുഹൃത്തുക്കൾ ഉടൻതന്നെ അഡ്രിയനെ കരയ്‌ക്കെത്തിച്ചു. വൈദ്യവിഭാഗവും ഉടൻതന്നെ സ്ഥലത്തെത്തി. എന്നാൽ അര മണിക്കൂറിനകം അഡ്രിയൻ മരിക്കുകയായിരുന്നു.

കടൽത്തീരം ജനനിബിഡമായ സമയത്തുണ്ടായ സ്രാവാക്രണം ഏവരെയും ഞെട്ടിക്കുന്നതായിരുന്നു. അഡ്രിയന്റെ ഒരു സുഹൃത്ത് രണ്ടു മാസം മുമ്പ് ഇതേ സ്ഥലത്ത് സമാനമായി സ്രാവാക്രണത്തിന് ഇരയായി മരിച്ചിരുന്നു.