ആലപ്പുഴ: സിപിഐ(എം) സംസ്ഥാന സമ്മേളനത്തിൽ തുടർന്നും പങ്കെടുക്കമണമെങ്കിൽ വി എസ്. അച്യുതാനന്ദൻ പാർട്ടി നേതൃത്വത്തിന് മുന്നിൽ നാല് ഉപാധികൾ മുന്നോട്ടുവച്ചു. തനിക്കെതിരായ സെക്രട്ടറിയേറ്റ് പ്രമേയം പിൻവലിക്കണം, പൊതു ചർച്ചയിലെ ഏകപക്ഷീയ വിമർശനം അവസാനിപ്പിക്കണം, ടി.പി.കേസ് പ്രതികൾക്കെതിരെ പാർട്ടി നടപടി വേണം, സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവാക്കരുത് തുടങ്ങിയ നാല് ഉപാധികളാണ് വി എസ് മുന്നോട്ടുവച്ചിരിക്കുന്നത്. സമവായ ചർച്ചകൾക്കായി നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം തന്നെ വന്നുകണ്ട വിശ്വസ്തരായ ചന്ദ്രൻ പിള്ളയോടും എസ്.ശർമയോടുമാണ് വി എസ് തന്റെ നിലപാടറിയിച്ചത്.

ഉപാധികൾ അംഗീകരിക്കുന്നില്ലെങ്കിൽ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാതെ തിരുവനന്തപുരത്തേക്ക് മടങ്ങുമെന്നും വി എസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് രാത്രി എട്ടരയോടെയാണ് ചന്ദ്രൻ പിള്ളയും എസ്.ശർമയും വി.എസിനെ അദ്ദേഹത്തിന്റെ വേലിക്കകത്തെ വീട്ടിലെത്തി കണ്ടത്. കൂടിക്കാഴ്ചയെക്കുറിച്ച് പ്രതികരിക്കാൻ ഇരുവരും തയാറായില്ല. വിഎസുമായി 20 മിനിറ്റോളം ഇരുവരും ചർച്ച നടത്തി. സമ്മേളനത്തിൽ ഇപ്പോഴും തനിക്കെതിരെ വിമർശനങ്ങൾ ഉയരുന്നതിലും വിഎസിന് പ്രതിഷേധമുണ്ട്. സിപിഐ(എം) സംസ്ഥാന സമ്മേളനത്തിനിടെ വേദി വിട്ടിറങ്ങിയ വി എസ്. അച്യുതാനന്ദനെ അനുനയിപ്പിക്കാൻ മുതിർന്ന നേതാക്കളായ എസ്.ചന്ദ്രൻപിള്ളയേയും എസ്.ശർമ്മയേയും സിപിഐ(എം) കേന്ദ്ര നേതൃത്വമാണ് ചുമതലപ്പെടുത്തിയത്.

ശർമ്മയോടും ചന്ദ്രൻപിള്ളയോടും ഫോണിൽ സംസാരിക്കാൻ വി എസ്. വിസമ്മതിച്ചിനെ തുടർന്ന് ഇരുവരും നേരിട്ടെത്തുകയായിരുന്നു. നേതാക്കൾ എത്തിയ സമയം വി എസ് അനുകൂല മുദ്രാവാക്യങ്ങൾ വിളിച്ച് ഒരു സംഘം പ്രവർത്തകർ വീടിനു മുന്നിൽ തടച്ചുകൂടുകയുണ്ടായി. നേരത്തെ, പോളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിൽ അനുനയ ശ്രമം നടത്തിയിരുന്നെങ്കിലും വിഫലമായിരുന്നു. വി.എസിനെ യെച്ചൂരി വീണ്ടും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചതായാണ് സൂചന. സീതാറാം യച്ചൂരിയുടെ നേതൃത്വത്തിലെ അനുനയ ശ്രമങ്ങൾ ഫലം കാണുമെന്ന പ്രതീക്ഷ കേന്ദ്ര നേതാക്കൾക്കുണ്ട്. വി എസ് പത്രസമ്മേളനം നടത്താത്തത് പാർട്ടിക്ക് വഴങ്ങുമെന്നതിന്റെ സൂചനയായി അവരും കാണുന്നു. എന്നാൽ നാല് നിർദ്ദേശങ്ങളും അതേ പടി അംഗീകരിക്കുന്നതിനെ സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ എതിർക്കുകയാണ്. എങ്കിലും പാർട്ടിയിൽ ഭിന്നത ഒഴിവാക്കാൻ പരമാവധി വിട്ടുവീഴ്ചയ്ക്ക് കേന്ദ്ര നേതാക്കൾ തയ്യാറാണ്.

സെക്രട്ടറിയേറ്റ് പ്രമേയം പിൻവലിക്കാൻ കഴിയല്ല, വേണമെങ്കിൽ പോളിറ്റ്ബ്യൂറോ ചർച്ച ചെയ്യട്ടേ എന്ന നിലപാടിലേക്ക് സംസ്ഥാന നേതൃത്വം എത്തിക്കഴിഞ്ഞു. ടിപി വധക്കേസ് പ്രതികളുടെ കാര്യത്തിൽ ആശയക്കുഴപ്പമുണ്ട്. വിഎസിനെ സംസ്ഥാന സമിതിയിൽ നിലനിർത്താനും തയ്യാറാണ്. അതുകൊണ്ട് തന്നെ പ്രശ്‌ന പരിഹാരമെന്ന ഫോർമുല അംഗീകരിച്ചതായി വിഎസിനെ കേന്ദ്ര നേതാക്കൾ അറിയിക്കും. ഉറപ്പുകിട്ടിയാൽ വി എസ് സമ്മേളനത്തിന് എത്തും. അല്ലെങ്കിൽ നാളെ ഉച്ചയോടെ തിരുവനന്തപുരത്തേക്ക് മടങ്ങും. പ്രതിപക്ഷ നേതൃസ്ഥാനവും ഒഴിയാനാണ് സാധ്യത. സെക്രട്ടറിയേറ്റ് പ്രമേയവും പിണറായിയുടെ പ്ത്രസമ്മേളനവുമാണ് കാര്യങ്ങൾ വഷളാക്കിയത് എന്ന വിഎസിന്റെ നിലപാടിനെ യച്ചൂരിയടക്കമുള്ള ചില കേന്ദ്ര നേതാക്കൾ പിന്തുണച്ചിട്ടുണ്ട്.

അതിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് തന്റെ വിശ്വസ്തരെ വി എസ് പുന്നപ്രയിലെ വീട്ടിലേക്കു വിളിച്ചുവരുത്തിയിട്ടുണ്ട്. നിരവധിപ്പേർ അദ്ദേഹത്തിന് പിന്തുണയുമായി പുന്നപ്രയിലെ വിഎസിന്റെ വസതിയിലെത്തിയിട്ടുണ്ട്. വി എസ് ഇന്ന് വൈകിട്ട് വാർത്താ സമ്മേളനം വിളിക്കുമെന്നായിരുന്നു റിപ്പോർട്ട്. ഒടുവിൽ കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം വരും വരെ കാത്തിരിക്കാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിന്മേലുള്ള പൊതുചർച്ചയിൽ വിവിധ ജില്ലകളിൽനിന്നുള്ള പ്രതിനിധികൾ കടുത്ത വിമർശനം ഉന്നയിച്ചതിനെത്തുടർന്നാണ് വി എസ് വേദി വിട്ടത്.

നേരേ പുന്നപ്രയിലെ വസതിയിലേക്കു പോയ വി എസ് ആരെയും സന്ദർശകരായും അനുവദിച്ചില്ല. വീട്ടിലെത്തിയ വി എസ് തന്റെ വിശ്വസ്തരുമായി ഫോണിൽ ബന്ധപ്പെട്ടു. കടുത്ത അതൃപ്തിയുമായാണ് വി എസ് സമ്മേളനവേദി വിട്ടതെന്ന് വിശ്വസ്തർ മാദ്ധ്യമങ്ങളെ അറിയിക്കുകയായിരുന്നു. 'നിങ്ങൾ തീരുമാനിക്ക്; ഞാൻ പോകുന്നു' എന്നു പറഞ്ഞാണ് അച്യുതാനന്ദൻ വേദിവിട്ടതെന്നാണ് സൂചന. വേദിവിട്ടതിനു പിന്നാലെ വി എസിനെ പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചുരി ഫോണിൽ വിളിച്ചു സമ്മേളനവേദിയിലേക്കു മടങ്ങാൻ അഭ്യർത്ഥിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ച പ്രവർത്തന റിപ്പോർട്ട് കേന്ദ്ര നേതൃത്വം തള്ളാതെ താൻ മടങ്ങില്ലെന്നായിരുന്നു വി എസിന്റെ പ്രതികരണം. മുമ്പും പലപ്പോഴും നേതൃത്വവുമായി വി എസ് ഇടഞ്ഞപ്പോഴും അനുനയവുമായി രംഗത്തെത്തിയത് യെച്ചുരിയായിരുന്നു.

രാവിലെ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടുമായി വി എസ് കൂടിക്കാഴ്ച നടത്തിയിരുന്നു. പാർട്ടി ഇക്കണക്കിനാണ് മുന്നോട്ടു പോകുന്നതെങ്കിൽ കടുത്ത നിലപാടുകൾ സ്വീകരിക്കേണ്ടിവരുമെന്നായിരുന്നു വി എസ് കാരാട്ടിനെ അറിയിച്ചത്.