- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഡംബര കപ്പലിലെ ലഹരിപ്പാർട്ടിയിൽ പിടികൂടിയവരിൽ ഷാരൂഖ് ഖാന്റെ മകനും; ബോളിവുഡ് സൂപ്പർ താരത്തിന്റെ ഫോൺ പരിശോധിച്ച് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ; പിടിയിലായത് 13 പേർ; ഫോൺ ചാറ്റിൽ തെളിവ് കി്ട്ടിയാൽ ആര്യൻ ഖാനും അറസ്റ്റിലാകും; കടലിലെ 'കപ്പൽ യാത്ര'യിലെ മയക്കു മരുന്ന് വിരൽ ചൂണ്ടുന്നത് ബോളിവുഡിലേക്ക്
മുംബൈ: ആഡംബര കപ്പലിലെ ലഹരിപ്പാർട്ടിയുമായി ബന്ധപ്പെട്ട കേസിൽ ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനും പിടിയിൽ. സൂപ്പർ താരത്തിന്റെ മകനെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) ചോദ്യംചെയ്യുന്നു. മുംബൈ തീരത്തുനിന്ന് പുറപ്പെട്ട കപ്പലിൽ ശനിയാഴ്ച രാത്രി നടന്ന ലഹരി പാർട്ടിയുമായി ബന്ധപ്പെട്ടാണ് ചോദ്യംചെയ്യൽ. ബോളിവുഡിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതാണ് എൻ സി ബിയുടെ ഇടപെടൽ.
ആര്യൻ ഖാനെതിരെ ഇതുവരെ കുറ്റം ചുമത്തുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് എൻസിബിയുടെ സോണൽ ഡയറക്ടർ സമീർ വാങ്കഡെയെ ഉദ്ധരിച്ച് ഇന്ത്യടുഡെ റിപ്പോർട്ട് ചെയ്തു. ആര്യൻ ഖാന്റെ ഫോൺ പിടിച്ചെടുത്തെന്നും എൻസിബി വൃത്തങ്ങൾ അറിയിച്ചു. ഫോണിലെ ചാറ്റുകൾ എൻസിബി സംഘം പരിശോധിക്കുകയാണ്. മുംബൈ ക്രൂയിസ് കപ്പലിൽ നിന്ന് കസ്റ്റഡിയിലെടുത്ത എല്ലാവരുടെയും മൊബൈൽ ഫോണുകൾ പൊലീസ് പിടിച്ചെടുത്തിരിക്കുകയാണ്.
ലഹരി പാർട്ടിയിൽ പങ്കെടുക്കാൻ ഡൽഹിയിൽ നിന്ന് എത്തിയ മൂന്ന് പെൺകുട്ടികളെയും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയാണ്. ചില പ്രമുഖ വ്യവസായികളുടെ മക്കളും ഇക്കൂട്ടത്തിലുണ്ട്. ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. ബോളിവുഡ്, ഫാഷൻ, ബിസിനസ് മേഖലകളിലെ ആളുകളുമായി മൂന്ന് ദിവസത്തെ 'സംഗീത യാത്ര'യ്ക്കായി പുറപ്പെട്ട ആഡംബര കപ്പലിലാണ് എൻസിബി സംഘം റെയ്ഡ് നടത്തിയത്. കപ്പലിൽ നിരോധിത മയക്കുമരുന്നുകൽ ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെയുടെ നേതൃത്വത്തിലുള്ള എൻസിബി ഉദ്യോഗസ്ഥർ യാത്രക്കാരുടെ വേഷത്തിൽ കപ്പലിൽ കയറുകയായിരുന്നു. കപ്പൽ മുംബൈ തീരം വിട്ട് നടുക്കടലിൽ എത്തിയതോടെയാണ് ലഹരിപ്പാർട്ടി ആരംഭിച്ചത്. മുംബൈയിൽ നിന്ന് പുറപ്പെട്ട് അറബിക്കടലിൽ യാത്ര ചെയ്ത ശേഷം ഒക്ടോബർ 4ന് രാവിലെ മടങ്ങേണ്ടിയിരുന്ന കപ്പലാണ് വിവാദത്തിൽ കുടുങ്ങിയത്.
റെയ്ഡിൽ കൊക്കെയ്ൻ, ഹാഷിഷ്, എംഡിഎംഎ അടക്കമുള്ള നിരോധിത മയക്കുമരുന്നുകൾ പിടിച്ചെടുത്തു. ആര്യനെ പാർട്ടിയിൽ അതിഥിയായി ക്ഷണിച്ചതാണെന്നാണ് പ്രാഥമിക വിവരം. പാർട്ടിക്കിടെ പരസ്യമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ അടക്കമാണ് അറസ്റ്റ് ചെയ്തത്. നൂറോളം ടിക്കറ്റുകളാണ് വിറ്റ് പോയത്. രണ്ടാഴ്ച മുമ്പാണ് കോർഡിലിയ ക്രൂയിസ് കപ്പൽ ഉദ്ഘാടനം ചെയ്തത്. നർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് ആക്റ്റ് പ്രകാരം കുറ്റം ചുമത്തി അറസ്റ്റിലായവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ഫോൺ പരിശോധനയിൽ തെളിവുകൾ കിട്ടിയാൽ ഷാരൂഖ് ഖാന്റെ മകനേയും കേസിൽ പ്രതിയാക്കും. 'ക്രേ ആർക്ക്' എന്ന പേരിലാണ് ഫാഷൻ ടി.വി പരിപാടി ഒരുക്കിയത്. മിയാമിയിൽ നിന്നുള്ള ഡി.ജെ സതാൻ കോലേവ്, ബുൽസിയ ബ്രോൺകോട്ട്, ദീപേഷ് ശർമ്മ എന്നിവരുടെ പരിപാടികൾ ആദ്യദിവസമുണ്ടാവുമെന്നായിരുന്നു നോട്ടീസിൽ അറിയിച്ചിരുന്നത്.
രണ്ടാം ദിവസം ഒരു മണി മുതൽ എട്ട് മണി വരെ ഐവറികോസ്റ്റിൽ നിന്നുള്ള ഡി.ജെ റാവോൽ കെ, ഇന്ത്യയിൽ നിന്നുള്ള ഡി.ജെ കോഹ്റ, മൊറോക്കൻ കലാകാരൻ കയാസയും പരിപാടിയിൽ അവതരിപ്പിക്കുമെന്നാണ് അറിയിച്ചിരുന്നത്. രാത്രി വിവിധ രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാർ അവതരിപ്പിക്കുന്ന സംഗീത പരിപാടിയും ഉണ്ടാവുമെന്നും നോട്ടീസിലുണ്ട്. എന്നാൽ, പാർട്ടി തുടങ്ങി മണിക്കൂറുകൾക്കകം തന്നെ രഹസ്യവിവരത്തെ എൻ.സി.ബി സംഘം കപ്പൽ റെയ്ഡ് ചെയ്യുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ