കൊച്ചി: കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിലെ ഗൂഢാലോചനയിൽ അറസ്റ്റിലായ നടൻ ദിലീപി ജയിലിൽ നിന്നും പുറത്തിറക്കാൻ തന്നെ ഉറപ്പിച്ചാണ് അദ്ദേഹത്തിന്റെ വക്കാലത്ത് ഏറ്റെടുത്ത പുതിയ അഭിഭാഷകൻ അഡ്വ. രാമൻ പിള്ള. അതിന് വേണ്ടി അന്വേഷണ സംഘത്തിനെയും സംസ്ഥാന പൊലീസ് മേധാവിയെയും സംശയത്തിന്റെ നിഴലിൽ നിർത്തിയാണ് പിള്ള വക്കീൽ കരുക്കൾ നീക്കുന്നത്. കേസിൽ തനിക്കെതിരെ ഉന്നത ഗൂഢാലോചന നടന്നു എന്ന് ദിലീപ് തുടക്കം മുതൽ പറയുന്ന വാദത്തിന്റെ ചുവടു പിടിച്ചാണ് വക്കീൽ തന്ത്രങ്ങൾ മെനയുന്നത്. ഈ തന്ത്രങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുന്നതാണ് ഇന്ന് കൊച്ചി ഹൈക്കോടതിയിൽ നടന്ന ദിലീപിന്റെ ജാമ്യ ഹർജി.

ദിലീപിനെ കുടുക്കിയതിന് പിന്നിൽ മഞ്ജു വാര്യർ എന്ന തിയറിയാണ് അഡ്വ. രാമൻ പിള്ള മുന്നോട്ടു വെക്കുന്നത്. ഈ വാദത്തെ സാധൂകരിക്കാൻ വേണ്ടി മഞ്ജുവും കേസിന്റെ അന്വേഷണത്തിൽ മുഖ്യ ചുമതലക്കാരിയായിരുന്ന എഡിജിപി സന്ധ്യയുമായുള്ള ബന്ധത്തെയും അദ്ദേഹം കോടതിയിൽ ചൂണ്ടിക്കാട്ടി. ദിലീപിന്റെ മുൻഭാര്യ എന്ന നിലയിൽ മഞ്ജുവിന് ദിലീപിനോട് കടുത്ത എതിർപ്പുണ്ടെന്നും. മഞ്ജുവിന് പിന്നിൽ പരസ്യ ഏജൻസി ഉടമ ശ്രീകുമാര മേനോനാണെന്നത് അടക്കമുള്ള കാര്യങ്ങളാണ് അദ്ദേഹം കോടതിയിൽ ദിലീപിന് വേണ്ടി നൽകിയ ജാമ്യഹർജിയിൽ ചൂണ്ടിക്കാട്ടിയത്. ഇത് കൂടാതെ ഡിജിപി ലോക്‌നാഥ് ബഹ് റയേയും പ്രതിരോധത്തിലാക്കുന്ന ആരോപണങ്ങൾ രാമൻ പിള്ള ഉന്നയിച്ചിട്ടുണ്ട്.

അന്വേഷണ ഉദ്യോഗസ്ഥയായ എഡിജിപി സന്ധ്യക്ക് നടി മഞ്ജുവാര്യരുമായി അടുത്ത ബന്ധമാണുള്ളത്. കേസന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ മഞ്ജു വാര്യർ ഗൂഢാലോചന ആരോപിച്ചു. ചോദ്യം ചെയ്യുന്ന സമയത്ത് ശ്രീകുമാർ മേനോന് എതിരെ താൻ നടത്തിയ പരാമർശങ്ങൾ എഡിജിപി സന്ധ്യ റെക്കോഡ് ചെയ്തില്ല. ആ സമയത്ത് വിഡിയോ ക്യാമറ ഓഫ് ചെയ്യാൻ നിർദ്ദേശം നല്കി.  ഇങ്ങനെ പോകുന്നു ദിലീപിന്റെ ജാമ്യ ഹർജിയിലെ ആരോപണങ്ങൾ. ജാമ്യഹർജിയിൽ പൊലീസിനെതിരെയും ശക്തമായ വിമർശനമുണ്ട്. കേസിലെ മുഖ്യപ്രതിയായ പൾസർ സുനി ബ്ലാക്മെയിൽ ചെയ്യാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് താൻ പരാതി നൽകിയതു വൈകിയാണെന്ന പൊലീസിന്റെ വാദം തെറ്റാണ്.

പൾസർ സുനിയുടെ കത്ത് കിട്ടിയ അന്നുതന്നെ വാട്സാപ്പിലൂടെ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കു കൈമാറിയെന്നാണ് ജാമ്യഹർജിയിൽ ദിലീപിന്റെ വാദം. എന്നാൽ കത്തുകിട്ടി 20 ദിവസം വൈകിയാണു പൊലീസിൽ പരാതി നൽകിയതെന്നാണു പ്രോസിക്യൂഷന്റെ വാദം. ബെഹ്‌റയുടെ പേഴ്‌സണൽ ഫോണിലേക്ക് വാട്‌സ് ആപ്പ് വഴി സുനി നൽകിയ ഭീഷണി സന്ദേശം കൈമാറിയെന്നുമാണ് ദിലീപ് പറയുന്നത്. പൾസർ സുനിയുടെ കത്തിൽ പറയാത്ത ബ്ലാക് മെയിലിങ് തുകയായ രണ്ടു കോടിയെ സംബന്ധിച്ചും ദിലീപ് ജാമ്യാപേക്ഷയിൽ വിശദീകരിച്ചു. ഫോണിൽ വിളിച്ചപ്പോഴാണു രണ്ടു കോടി രൂപ സുനി ആവശ്യപ്പെട്ടത്. പരാതിയിൽ തുക ഉൾപ്പെടുത്താൻ കാരണവുമിതാണെന്ന് ജാമ്യഹർജിയിൽ വിശദീകരിക്കുന്നു.

ജയിലിൽനിന്ന് പൾസർ സുനി, നാദിർഷയെ വിളിച്ച വിവരം അന്നുതന്നെ ഡിജിപി ലോക്നാഥ് ബെഹ്‌റയെ അറിയിച്ചിരുന്നുവെന്നാണ് ദിലീപ് വാദിക്കുന്നത്. ഏപ്രിൽ 10 നാണ് ബെഹ്‌റയെ വിളിച്ചത്. ഫോൺ സംഭാഷണം അടക്കം ബെഹ്‌റയുടെ പേഴ്‌സണൽ വാട്‌സ്ആപ് നമ്പരിലേക്ക് അയച്ചുകൊടുക്കുകയും ചെയ്തു. ഹൈക്കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിലാണ് ദിലീപ് ഇക്കാര്യം വ്യക്തമാക്കിയത്. പൾസർ സുനി നാദിർഷയെ വിളിച്ച വിവരം മറച്ചുവച്ചുവെന്ന പൊലീസിന്റെ വാദം തള്ളിയിരിക്കുകയാണ് ദിലീപ്. പൾസർ സുനി ഫോൺ വിളിച്ച കാര്യം ദിലീപ് ദിവസങ്ങളോളം മറച്ചുവച്ചുവെന്നാണ് പൊലീസിന്റെ വാദം. രണ്ടാഴ്ചയ്ക്കു ശേഷമാണ് ദിലീപ് പരാതി നൽകിയതെന്നും പൊലീസ് ഉന്നയിച്ചിരുന്നു. പൊലീസിന്റെ ഈ വാദത്തെ പ്രതിരോധത്തിലാക്കുന്നതാണ് ദിലീപിന്റെ ജാമ്യാപേക്ഷയിലെ വെളിപ്പെടുത്തൽ.

ജയിലിൽനിന്നു സുനി അയച്ച കത്തിൽ രണ്ടു കോടിയുടെ കാര്യം പറയുന്നില്ലെന്നും പിന്നെങ്ങനെയാണു രണ്ടു കോടി രൂപയാണ് സുനി ആവശ്യപ്പെട്ടതെന്നു ദിലീപ് അറിഞ്ഞതെന്നും ജാമ്യാപേക്ഷയെ എതിർക്കവേ പൊലീസ് തയാറാക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. കൊച്ചിയിലെ ഹോട്ടലിൽവച്ചു ഗൂഢാലോചന നടത്തിയെന്ന പൊലീസ് വാദവും തെറ്റാണ്. 2013ലെ അമ്മ താരനിശയുടെ റിഹേഴ്സൽ നടക്കുമ്പോൾ സുനി അവിടെ വന്നിരിക്കാം. എന്നാൽ പൾസർ സുനിയെ തനിക്കു മുഖപരിചയം പോലുമില്ലെന്നും ദിലീപ് ആവർത്തിച്ചു. അമ്മ താരനിശയുടെ റിഹേഴ്സൽ നടക്കുമ്പോൾ അബാദ് പ്ലാസയിലാണു ദിലീപ് താമസിച്ചിരുന്നത്. നേരത്തേ ദിലീപിനെ ഇവിടെയെത്തിച്ച് പൊലീസ് തെളിവെടുത്തിരുന്നു.

കഴിഞ്ഞ നാല് വർഷത്തിനിടയിൽ നാല് പ്രാവശ്യം ദിലീപും പൾസർ സുനിയും കൂടിക്കണ്ടുവെന്ന അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ ശരിയല്ല. ഒരിക്കൽ പോലും ദിലീപും പൾസർ സുനിയും ഫോണിൽ സംസാരിച്ചിട്ടില്ല. പ്രമുഖ നടനായ ദിലീപ് കാരവന്റെ സിനിമാ ലൊക്കേഷനിൽ മറവിൽ ഗൂഢാലോചന നടത്തിയെന്ന വാദവും വിശ്വസിക്കാനാവില്ല . ഒന്നരക്കോടി രൂപയുടെ ക്വട്ടേഷൻ നല്കിയെന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ കെട്ടുകഥയാണെന്നും ഹർജിയിൽ അവകാശപ്പെടുന്നു.

2013ൽ ഗൂഢാലോചന നടത്തി 2017ൽ കൃത്യം നടത്തിയെന്ന അന്വേഷണ സംഘത്തിന്റെ വാദം അവിശ്വസനീയം ഇതു പോലൊരു കൃത്യം നടത്താൻ നാല് വർഷത്തെ തയ്യാറെടുപ്പ് ആവശ്യമില്ല. ഹണി ബി ടു സിനിമയുടെ ചിത്രീകരണ സമയത്ത് പൾസർ സുനിയായിരുന്നു ഗോവയിൽ തന്റെ ഡ്രൈവർ എന്ന് ആക്രമിക്കപ്പെട്ട നടി മൊഴി നല്കിയിട്ടുണ്ട്. സഹതടവുകാരനായ വിഷ്ണുവിനെ സുനി അപ്പുണ്ണിയുടെ അടുത്തേക്ക് അയച്ചത് മൊബൈൽ നമ്പർ വാങ്ങാനായിട്ടാണ്. വലിയ തുകയുടെ ജോലി ഏല്പിച്ച ആളുടെ മൊബൈൽ നമ്പർ പോലും ജോലി ഏറ്റെടുത്ത ആളുടെ കൈവശം ഇല്ലേയെന്നും ഹർജിയിൽ ദിലീപ് ചോദിക്കുന്നു.

സിനിമയിലെ പ്രബലർ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നും ഹർജിയിൽ ആരോപണമുണ്ട്. മാധ്യമങ്ങളെയും ഒരു കൂട്ടം പൊലീസ് ഉദ്യോഗസ്ഥരെയും രാഷ്ട്രീയ നേതാക്കളെയും ഇവർ സ്വാധീനിച്ചിട്ടുണ്ടെന്നും ദിലീപ് പറഞ്ഞു. താൻ അന്വേഷണവുമായി പൂർണമായും സഹകരിച്ചു. താൻ ജയിലിലായതോടെ ഷൂട്ടിങ് കഴിഞ്ഞതും വരാനിരിക്കുന്നതുമായ നിരവധി സിനിമകൾ പ്രതിസന്ധിയിലായി. 50 കോടിയോളം രൂപ സിനിമകൾക്കായി മുടക്കിയിട്ടുണ്ടെന്നും ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു.

അഡ്വ. രാമൻ പിള്ളയാണ് ദിലീപിനായി ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്. തന്നെ കയ്യേറ്റക്കാരനായി ചിത്രീകരിക്കാനും ചിലർ ശ്രമം നടത്തിയിട്ടുണ്ടെന്നും എന്നാൽ താൻ ഒരുതരത്തിലുള്ള കയ്യേറ്റവും നടത്തിയിട്ടില്ലെന്നു റവന്യൂ ഉദ്യോഗസ്ഥർതന്നെ കണ്ടെത്തിയിട്ടുണ്ടെന്നും ദീലീപ് ഹർജിയിൽ പറയുന്നു. കേസിന്റെ വിചാരണ കഴിയുംവരെ ദിലീപിനെ ജയിലിൽനിന്നു പുറത്തിറക്കാതിരിക്കുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. എന്നാൽ, കേസിലെ മഞ്ജുവാര്യരുടെ എഡജിപി ബന്ധവും, പുതിയ ന്യായവാദങ്ങളും ഉയർത്തി പ്രോസിക്യൂഷനെ വെട്ടിലാക്കാനാണ് അഡ്വ.രാമൻ പിള്ളയുടെ നീക്കം. നേരത്തെ അഡ്വ.രാംകുമാറായിരുന്നു ദിലീപിന്റെ അഭിഭാഷകൻ.

ഇതിനിടെ കൊച്ചിയിൽ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് എഡിജിപി ബി.സന്ധ്യയെ ഡിജിപി ലോക്നാഥ് ബെഹ്റ പൊലീസ് ആസ്ഥാനത്തേക്ക് വിളിപ്പിച്ചു. പൊലീസിന്റെ വാദങ്ങളെ പൊളിച്ചുകൊണ്ട് ദിലീപ് നൽകിയ ജാമ്യഹർജിയുടെ പശ്ചാത്തലത്തിലാണ് ബെഹ്റ ബി.സന്ധ്യയെ വിളിപ്പിച്ചത്.

 

ദിലീപ് ജയിലിലായിട്ട് വ്യാഴാഴ്ച ഒരു മാസം തികഞ്ഞു. അപ്രതീക്ഷിതമായിട്ടായിരുന്നു കഴിഞ്ഞ മാസം പത്തിന് രാത്രി താരം അഴിക്കകത്തായത്. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടതിനു പിന്നിലെ ഗൂഢാലോചനയുടെ സൂത്രധാരൻ ദിലീപാണെന്ന കണ്ടെത്തൽ അക്ഷരാർഥത്തിൽ സിനിമാ മേഖലയെയും ആരാധകരെയും ഞെട്ടിച്ചു. സ്വന്തം നാടായ ആലുവയിലെ സബ്ജയിലിൽനിന്നു പുറത്തെത്താൻ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെയടക്കം സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഭൂമി ഇടപാടുകളും സ്വന്തം സ്ഥാപനങ്ങൾക്കായി സ്ഥലം കയ്യേറിയെന്ന പരാതികളുമെല്ലാം കൂടുതൽ തിരിച്ചടിയായി.

ഭാര്യ കാവ്യാ മാധവനടക്കം അടുത്ത കുടുംബാംഗങ്ങൾ പോലും പൊലീസിന്റെ ചോദ്യം ചെയ്യലിനു വിധേയരാകേണ്ട അവസ്ഥയും വന്നു. ദിലീപിന് എന്ന് പുറത്തിറങ്ങാൻ കഴിയുമെന്ന കടുത്ത ആശങ്കയിലാണ് കുടുംബാംഗങ്ങൾ കഴിയുന്നത്. അഡ്വ. രാമൻ പിള്ളയെ അഭിഭാഷകനാക്കിയതോടെ കേസിൽ ദിലീപിന് പുറത്തിറങ്ങാമെന്ന പ്രതീക്ഷയും ഏറെയാണ്. ജാമ്യാപേക്ഷയിലെ ആരോപണങ്ങളെ പ്രതിരോധിക്കാൻ പ്രോസിക്യൂഷൻ ശരിക്കും പാടുപെടേണ്ടി വരുമെന്ന വിലയിരുത്തലും ശക്തമാണ്.